രാജ്യത്ത് കൊവിഡ് വ്യാപിക്കാന്‍ കാരണം തബ്‌ലീഗ് ജമാഅത്തെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ് രാജ്യത്ത് രോഗം പരത്തിയതെന്നും ആജ് തകിന്റെ ഇ-അജണ്ട പരിപാടിയില്‍ യോഗി ആരോപിച്ചു.
'തബ്‌ലീഗ് പ്രവര്‍ത്തകര്‍ ചെയ്തത് അപലപനീയമായ കാര്യമാണ്. അവര്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍, ലോക്ക് ഡൗണിന്റെ ആദ്യഘട്ടത്തില്‍ തന്നെ രാജ്യത്തിന് കൊവിഡിനെ നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത 3,000 പേരാണ് ഉത്തര്‍പ്രദേശില്‍ എത്തിയത്', യോഗി പറഞ്ഞു.
അസുഖം വരുന്നത് ഒരു കുറ്റമല്ല. പക്ഷെ കൊവിഡ് പോലൊരു രോഗം മറച്ചു വെക്കുന്നത് തീര്‍ച്ചയായും കുറ്റകൃത്യമാണ്. നിയമം ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഔദ്യോഗിക കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ ശനിയാഴ്ച രാവിലെ വരെ 2,328 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 42 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.