കണ്ണൂര്‍ അഴീക്കലില്‍ കൂട്ടംകൂടിയെന്ന് ആരോപിച്ച് ആളുകളെ എത്തമീടിച്ച എസ് പി യതീഷ് ചന്ദ്രയുടെ ശിക്ഷാരീതിയെ പിന്തുണച്ച് എഴുത്തുകാരന്‍ ടി പദ്മനാഭന്‍. എസ്പിയുടെ പ്രവൃത്തിയില്‍ കുറ്റംകണ്ട ചിലര്‍ ഏത്തമിടീക്കല്‍ കേരളീയ സംസ്‌കാരത്തിന് യോജിച്ചതല്ല എന്ന് മറ്റും എഴുതിക്കണ്ടു. ഇതില്‍ വലിയ സംസ്‌കാര ലോപമൊന്നും കാണാന്‍ കഴിയുന്നില്ലെന്ന് ടി പദ്മനാഭന്‍. നമ്മുടെ കോടതികള്‍ പോലും നിയമപുസ്തകങ്ങളില്‍ പറഞ്ഞിട്ടില്ലാത്ത ചില ശിക്ഷകള്‍ ചില സന്ദര്‍ഭങ്ങളില്‍ നല്‍കിയത് കണ്ടിട്ടുണ്ട്. ഏതായാലും യതീഷ് ചന്ദ്രയ്ക്ക് എന്റെ ബിഗ് സല്യൂട്ട്, ടി പദ്മനാഭന്‍ എഴുതുന്നു. യതീഷ് ചന്ദ്രയുടെ ശിക്ഷാമുറയില്‍ ഹോം സെക്രട്ടറി ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
കൂട്ടംകൂടി നിന്നവര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ വ്യായാമം എന്ന നിലയില്‍ എത്തമിടീച്ചതാണെന്നായിരുന്നു യതീഷ് ചന്ദ്ര നല്‍കിയ വിശദീകരണം. യതീഷ് ചന്ദ്രക്കെതിരെ നടപടി ശുപാര്‍ശ ചെയ്യാത്ത റിപ്പോര്‍ട്ടാണ് ഡിജിപി ഹോം സെക്രട്ടറി വിശ്വാസ് മേത്തക്ക് കൈമാറിയതെന്ന് അറിയുന്നു.
'ഞാന്‍ കണ്ണൂരുകാരനാണ്. കണ്ണൂരിലെ ഇപ്പോഴത്തെ എസ്പി കണ്ണൂരുകാരനോ, കേരളീയനോ അല്ലാത്ത യതീഷ് ചന്ദ്ര ഐപിഎസാണ്. എത്ര അപേക്ഷിച്ചിട്ടും നിയമലംഘനത്തില്‍ നിന്ന് പിന്മാറാത്ത മൂന്ന് കണ്ണൂരുകാരെ, ഇവരെല്ലാം ചെറുപ്പക്കാരാണ്- അദ്ദേഹം പാതയോരത്ത് നിര്‍ത്തി പരസ്യമായി ഏത്തമിടീക്കുകയുണ്ടായി, ടി പദ്മനാഭന്‍ മാതൃഭൂമി ദിനപത്രത്തില്‍ എഴുതുന്നു.
ദയമാഡി ഇന്ത ഹോഗി, ചില കൊറോണ വൈറസ് കാല ചിന്തകള്‍ എന്ന തലക്കെട്ടിലാണ് മാതൃഭൂമി പത്രത്തിലെ ലേഖനം. കഴിവുള്ള ഭരണാധികാരി എന്ന നിലയിലും പക്വതയുള്ള രാഷ്ട്രീയ നേതാവെന്ന നിലയിലും മുഖ്യമന്ത്രി പിണറായി വിജയന് ജനഹൃദയങ്ങളിലുള്ള സ്ഥാനം അനുദിനം ഉയരുകയാണെന്നും ടി പദ്മനാഭന്‍ നിരീക്ഷിക്കുന്നു. തേരിത് തെളിച്ചീടുക ധീരനാം സാരഥേ എന്ന് പറഞ്ഞാണ് പദ്മനാഭന്‍ ലേഖനം അവസാനിപ്പിക്കുന്നത്.
ഏത്തമിടീക്കല്‍ ശിക്ഷാമുറയാക്കിയതിനെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. കമ്മ്യൂണിറ്റി കിച്ചന് വേണ്ടി പോയി മടങ്ങുമ്പോഴാണ് ജില്ലാ പൊലീസ് മേധാവി ശിക്ഷിച്ചതെന്ന് അഴീക്കല്‍ സ്വദേശി സുജിത് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാമൂഹിക പ്രവര്‍ത്തകനാണെന്നും, കാല്‍മുട്ടിന് അസുഖമുണ്ടെന്ന് ആവര്‍ത്തിച്ചിട്ടും യതീഷ് ചന്ദ്ര ചെവിക്കൊണ്ടില്ലെന്ന് ഇയാള്‍ വ്യക്തമാക്കിയിരുന്നു.
ശിക്ഷാമുറക്ക് ഇരയായ സുജിത് പറഞ്ഞത്
കമ്മ്യൂണിറ്റി കിച്ചന്‍ കഴിഞ്ഞ് അഴീക്കല്‍ എത്തിയപ്പോള്‍ എസ്പിയുടെ വാഹനം മുന്നിലെത്തി. തന്റെയും ഒപ്പമുണ്ടായിരുന്ന ആളുടേയും പേര് ചോദിച്ചു. ലോക്ക് ഡൗണ്‍ ആണെന്ന് അറിയില്ലേ എന്ന് ചോദിച്ചു. ഏത്തമിടണമെന്ന് പറഞ്ഞപ്പോള്‍ മുട്ടിന് സുഖമില്ലെന്ന് പറഞ്ഞു. എസ് പി അത് വകവച്ചില്ല. ഏത്തമിടാന്‍ ആവശ്യപ്പെടുകയായിരുന്നു. അഞ്ചാറ് തവണ ഏത്തമിട്ടു. ഇത് കഴിഞ്ഞ് നടന്നു നീങ്ങിയപ്പോള്‍ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ ലാത്തി ഉപയോഗിച്ച് മര്‍ദിച്ചു.