കൊറോണ വൈറസ് ബാധ സംബന്ധിച്ച് അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഡോ. ഷിനു ശ്യാമളനെതിരെ തൃശൂര്‍ ഡിഎംഒ ഓഫീസ് നിയമ നടപടിക്ക്. കൊറോണ ലക്ഷണമുള്ള രോഗിയെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയിട്ടും ആരോഗ്യവകുപ്പ് നടപടിയെടുത്തില്ലെന്നും വിദേശത്ത് പോകാന്‍ അനുവദിച്ചെന്നുമായിരുന്നു ഡോ.ഷിനുവിന്റെ ആരോപണം. എന്നാല്‍ പ്രസ്തുത രോഗി 28 ദിവസത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞതാണെന്ന് ഡിഎംഒ ഓഫീസ് വ്യക്തമാക്കുന്നു. ആരോഗ്യപ്രവര്‍ത്തകരെ മോശമായി ചിത്രീകരിക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും ഇതില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഡിഎംഒ ഓഫീസ് അറിയിച്ചു.
ചികിത്സയ്‌ക്കെത്തിയ രോഗിയില്‍ കൊറോണ ലക്ഷണങ്ങള്‍ കണ്ടത് ആരോഗ്യവകുപ്പിനെ അറിയിച്ചതിന് തന്നെ ക്ലിനിക്ക് ഉടമ ജോലിയില്‍ നിന്ന് പുറത്താക്കിയെന്ന് നേരത്തേ ഡോ. ഷിനു ശ്യാമളന്‍ വ്യക്തമാക്കിയിരുന്നു. വിദേശത്തുനിന്നെത്തിയ രോഗിയില്‍ കൊറോണ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ആരോഗ്യവകുപ്പിനെ ധരിപ്പിച്ചു. കൂടാതെ പൊലീസില്‍ റിപ്പോര്‍ട്ടും ചെയ്തു. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുകയും ചാനല്‍ ചര്‍ച്ചകളില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. രോഗിയുടേയോ ക്ലിനിക്കിന്റെയോ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ പരസ്യമാക്കാതെയായിരുന്നു ഇത്. എന്നാല്‍ ഇതുമൂലം ക്ലിനിക്കില്‍ രോഗികള്‍ വരുമോയെന്ന ഭയത്തെ തുടര്‍ന്ന് ഉടമ തന്നെ പിരിച്ചുവിടുകയായിരുന്നുവെന്നാണ് ഷിനു അറിയിച്ചത്.
അയാള്‍ക്ക് കൊറോണ ആണെങ്കില്‍ ക്ലിനിക്കില്‍ രോഗികള്‍ വരുമോയെന്നാണ് മുതലാളിയുടെ സ്വാര്‍ത്ഥമായ ചോദ്യമെന്ന് ഷിനു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീര്‍ക്കാന്‍ ഇതില്‍ എന്ത് കള്ളത്തരമാണുള്ളതെന്ന് ഡോക്ടര്‍ ചോദിച്ചിരുന്നു. തന്റെ ഡ്യൂട്ടിയാണ് ചെയ്തത്.തെറ്റ് കണ്ടാല്‍ ഇനിയും ചൂണ്ടിക്കാട്ടും. ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാന്‍ അനുവദിച്ചവര്‍ക്ക് ഒരു കുഴപ്പവുമില്ല. ഉദ്യോഗസ്ഥര്‍ സുഖിച്ച് ജോലി ചെയ്യുന്നു. തനിക്ക് ജോലി പോയിരിക്കുന്നു. എന്ത് നാടാണിതെന്നുമായിരുന്നു കുറിപ്പ്.