പത്തനംതിട്ട തണ്ണിത്തോട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന തന്റെ മകള്‍ക്കും കുടുംബത്തിനും നേരെയുണ്ടായത് കരുതിക്കൂട്ടിയുള്ള ആക്രമണമെന്ന് പിതാവ്. മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നതിനൊപ്പം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വഴി തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് അനുകൂലമായ നടപടിയാണ് സിഐ അടക്കമുള്ളവരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പിതാവ് ആരോപിക്കുന്നു. പൊലീസ് അമ്മയുടെ മൊഴി മാറ്റിയെഴുതിയെന്നാരോപിച്ച് പെണ്‍കുട്ടി നിരാഹാരം നടത്തിയിരുന്നു. മൊഴി വീണ്ടും രേഖപ്പെടുത്തിയതിന് പിന്നാലെ നിരാഹാരം അവസാനിപ്പിച്ചു. പെണ്‍കുട്ടിക്കെതിരെ ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ച് വീടിന് പുറത്തിറങ്ങിയതിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
വീടിന് മുറ്റത്താണ് ആദ്യം നിരാഹാരമിരുന്നതെങ്കിലും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ വീടിനകത്ത് കയറിയിരുന്നുവെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ദ ക്യുവിനോട് പറഞ്ഞു. എന്നാല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിഐ മകള്‍ക്കെതിരെ കേസെടുക്കുകയായിരുന്നുവെന്നും ഇദ്ദേഹം ആരോപിക്കുന്നു.
കോയമ്പത്തൂരില്‍ പഠിക്കുന്ന പെണ്‍കുട്ടി മാര്‍ച്ച് 17നാണ് നാട്ടിലെത്തിയത്. തണ്ണിത്തോട് പിഎച്ച്‌സിയില്‍ വിവരമറിയിച്ച് സ്വന്തമായി ഹോം ക്വാറന്റൈനില്‍ പോവുകയായിരുന്നു. നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീടിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ വാതിലും ജനല്‍ചില്ലും തകര്‍ന്നു. തണ്ണിത്തോട് സ്വദേശികളായ ആറുപേര്‍ക്കേതിരെയാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. ഇതില്‍ നാലുപേര്‍ സിപിഎം പ്രവര്‍ത്തകരാണ്. ഇവരെ ജില്ലാ കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പെണ്‍കുട്ടിയുടെ പിതാവിന്റെ ആരോപണങ്ങള്‍
ക്വാറന്റൈന്‍ ആരംഭിച്ച് 22ാം ദിവസമാണ് ഈ സംഭവങ്ങള്‍ ഉണ്ടാകുന്നത്. വാര്‍ഡ് മെമ്പര്‍ കൂടിയായ പഞ്ചായത്ത് അംഗം, ഉത്തരവാദിത്തപ്പെട്ട ഒരാളെന്ന നിലയില്‍ ഒരിക്കല്‍ പോലും വിളിക്കുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്നും പിതാവ് ആരോപിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ തന്റെ ചിത്രം പോസ്റ്റ് ചെയ്തതും, ശബ്ദ സന്ദേശം അയച്ചതും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പ്രതികാരമായാണ് പഞ്ചായത്ത് മെമ്പറിന്റെ നേതൃത്വത്തിലുള്ള പ്രതികള്‍ വീട് ആക്രമിച്ചത്.
വീടാക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നടപടി എടുക്കാന്‍ സിഐ തയ്യാറായില്ല. സംഭവത്തില്‍ പൊലീസ് അമ്മയുടെ മൊഴി എടുത്തിരുന്നു. മൊഴിപ്പകര്‍പ്പ് നല്‍കാന്‍ ആദ്യം പൊലീസ് വിസമ്മതിച്ചു. പിന്നീട് ഇത് ലഭിച്ചപ്പോഴാണ് പറഞ്ഞ കാര്യങ്ങളല്ല രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് മനസിലായത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതികള്‍ക്കെതിരെ നിസാര വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. ഇതോടെയാണ് മകള്‍ നിരാഹാരമിരിക്കാന്‍ തീരുമാനിച്ചത്. നിരാഹാരത്തിന് പിന്നാലെ പൊലീസ് വീണ്ടും മൊഴിയെടുത്തു.
കുട്ടി വീട്ടിലെത്തിയത് മുതല്‍ ഞാന്‍ മറ്റ് സ്ഥലങ്ങളിലായിരുന്നു താമസിച്ചിരുന്നത്. ആവശ്യമായ സാധനങ്ങള്‍ വാങ്ങി നല്‍കാന്‍ മാത്രമാണ് വീട്ടിലേക്ക് വന്നിരുന്നത്. അതും അകത്തു കയറിയിരുന്നില്ല. പുറത്തു കൊണ്ടുപോയി വെക്കുകയാണ് ചെയ്തിരുന്നത്. ഇങ്ങനെയുള്ളപ്പോഴാണ് അവര്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് കൊവിഡിനെ നേരിടാന്‍ സംസ്ഥാനത്ത് നടത്തുന്നത്. ഈ സാഹചര്യത്തിലാണ് ചില ഉദ്യോഗസ്ഥരും സാമൂഹ്യവിരുദ്ധരും ഈ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി കാണിക്കാന്‍ ശ്രമിക്കുന്നത്. ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. അതില്‍ വിശ്വാസമുണ്ട്.
അന്വേഷണം നടക്കുന്നു: പത്തനംതിട്ട എസ്പി
സംഭവത്തില്‍ അടൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍ ദ ക്യുവിനോട് പ്രതികരിച്ചു.