കൊവിഡ് 19 ആശങ്കക്കിടെ വര്‍ക്കല ഹെലിപ്പാഡിന് സമീപം 'ആന്റി കൊറോണ ജ്യൂസ്' എന്ന ബോര്‍ഡുമായി കോഫി ഷോപ്പുടമയുടെ തട്ടിപ്പ്. ഹെലിപ്പാഡിന് സമീപമുള്ള കോഫി ഷോപ്പ് ഉടമയായ വിദേശിയാണ് ആന്റി കൊറോണാ വൈറസ് ജ്യൂസ് എന്ന പേരില്‍ തട്ടിപ്പിന് ശ്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് താക്കീത് നല്‍കി വിട്ടയച്ചു.
ഇഞ്ചിയും നാരങ്ങയും നെല്ലിക്കയും ചേര്‍ത്താണ് ജ്യൂസ്. ഈ ജ്യൂസ് വിറ്റഴിക്കാനാണ് ആന്റി കൊറോണ ജ്യൂസ് എന്ന പേര് നല്‍കിയത്. 150 രൂപയാണ് ജ്യൂസിന് വില. വര്‍ക്കല ഹെലിപ്പാഡിന് സമീപം കോഫി ടെംപിള്‍ എന്ന റസ്റ്റോറന്റ് വര്‍ഷങ്ങളായി നടത്തുന്ന ബ്രിട്ടീഷുകാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വര്‍ക്കല പാപനാശത്ത് എത്തിയ ഇറ്റാലിയന്‍ സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇവിടെയെത്തുന്നവരെ കബളിപ്പിക്കാന്‍ കോഫി ഷോപ്പുടമ ശ്രമിച്ചത്. ആരോഗ്യസംരക്ഷണത്തിനുള്ള ജ്യൂസ് വിറ്റഴിക്കാനായാണ് ഇത്തരമൊരു വ്യാജ ബോര്‍ഡ് വച്ചതെന്ന് കോഫി ഷോപ്പുടമ.