Coronavirus

'കേരളത്തിന്റെ തയ്യാറെടുപ്പിലാണ് പോരായ്മ, മുഖ്യമന്ത്രി മലര്‍ന്നു കിടന്ന് തുപ്പരുത്'; വി മുരളീധരന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കേരളസര്‍ക്കാരിന്റെ ശൈലിയല്ല കേന്ദ്രത്തിന്റേതെന്നും, മുഖ്യമന്ത്രി സ്വയം കണ്ണടച്ച് ഇരുട്ടാക്കിയാല്‍ എല്ലാവര്‍ക്കും അത് അങ്ങനെയായിരിക്കില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

1,35000 മുറികള്‍ തയ്യാറാക്കിയെന്നും കൂടുതല്‍ മുറികള്‍ വേണമെങ്കില്‍ തയ്യാറാക്കുമെന്നുമാണ് സംസ്ഥാനം പറഞ്ഞത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച 14 ദിവസത്തെ ക്വാറന്റൈന്‍ ഏഴ് ദിവസമായി സംസ്ഥാനം വെട്ടിക്കുറച്ചു. കേരളത്തിന്റെ തയ്യാറെടുപ്പുകള്‍ വേണ്ടത്ര ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ ചെയ്തത്. കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അയക്കാന്‍ കേന്ദ്രം തയ്യാറാണ്. പക്ഷേ വരുന്നവര്‍ പെരുവഴിയില്‍ നില്‍ക്കാനുള്ള അവസ്ഥ വരരുത്. സംസ്ഥാനത്തിന് സ്വീകരിക്കാന്‍ കഴിയുന്നത്ര വിമാനങ്ങളേ കൊണ്ടുവരു എന്നും വി മുരളീധരന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന് വ്യക്തമാണ്. കേന്ദ്രമാനദണ്ഡം പാലിച്ച് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ കാര്യക്ഷമമായി ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ കേന്ദ്രം കൂടുതല്‍ വിമാനസര്‍വീസുകള്‍ നടത്താന്‍ തയ്യാറാണ്. കേന്ദ്രത്തില്‍ ഓരോ വകുപ്പിലെയും തീരുമാനങ്ങള്‍ ബന്ധപ്പെട്ട വകുപ്പിലെ മന്ത്രിമാര്‍ തന്നെയാണ് എടുക്കുന്നത്. അതുകൊണ്ട് എന്തറിയുന്നു, എന്തറിയില്ല എന്നത് സംബന്ധിച്ച് മുഖ്യമന്ത്രി കരുതുന്നതുപോലെയാല്ല കാര്യങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയായി വി മുരളീധരന്‍ പറഞ്ഞു.

പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ അറിയുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പല പ്രസ്താവനകളും കാണുമ്പോള്‍ തോന്നുന്നതെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേരളം ആവശ്യപ്പെട്ടാല്‍ ഗള്‍ഫില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്താമെന്ന വി മുരളീധരന്റെ പരാമര്‍ശത്തോടുള്ള പ്രതികരണമായിരുന്നു ഇത്.

'എന്റെ വകുപ്പില്‍ നക്കുന്ന കാര്യങ്ങള്‍ ഞാന്‍ അറിയുന്നില്ലെന്ന് അദ്ദേഹം കരുതുന്നതിന് പകരം അദ്ദേഹം ചെയ്യേണ്ടത് അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥര്‍ എന്തൊക്കെ കാര്യങ്ങളാണ് കേന്ദ്രവുമായി കൈമാറുന്നത് എന്ന് അന്വേഷിച്ച് അറിയുകയാണ്', വി മുരളീധരന്‍ പറഞ്ഞു. പ്രവാസികളോട് കുറച്ചുകൂടി ഉത്തരവാദിത്തം കേരളം കാണിക്കണം. സര്‍ക്കാര്‍ അവരെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചാല്‍ മാത്രം പോര. കൂടുതല്‍ പേരെ കൊണ്ടുവന്നാല്‍ അവര്‍ വിമാനത്താവളത്തില്‍ കാത്തുനില്‍ക്കേണ്ടി വരും. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ വാളയാറില്‍ തടഞ്ഞത് സൗകര്യം ഇല്ലാഞ്ഞിട്ടാണ്. തയ്യാറാണെന്ന് പറഞ്ഞ ശേഷം വാളയാറില്‍ ആളുകളെ തടഞ്ഞ പോലെ എയര്‍പോര്‍ട്ടില്‍ തടയരുത്.

ഈ അവസരത്തില്‍ രാഷ്ട്രീയം കളിക്കരുത് എന്ന് തന്നെയാണ് പറയാനുള്ളത്. മുഖ്യമന്ത്രി മലര്‍ന്നുകിടന്നു തുപ്പരുത്. കേരള സര്‍ക്കാരിന്റെ തയ്യാറെടുപ്പുകളുടെ കാര്യത്തിലാണ് പോരായ്മ ഉള്ളത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്വാറന്റൈനില്‍ 14 ദിവസം പാര്‍പ്പിക്കാന്‍ കേരളം തയ്യാറാകണം. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്ര ആളുകള്‍ വന്നാലും സ്വീകരിക്കാന്‍ തയ്യാറാണെന്ന് കേരളം പറഞ്ഞാല്‍ റെയില്‍വേയുമായി സംസാരിക്കാനും ട്രെയിന്‍ ഏര്‍പ്പെടുത്താനും തയ്യാറാണെന്നും വി മുരളീധരന്‍ പറഞ്ഞു.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT