കൊല്ലം പുനലൂരില്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത പിതാവിനെ തോളിലേറ്റി ഒരുകിലോമീറ്ററോളം മകന്‍ നടന്നു. ലോക് ഡൗണിന്റെ ഭാഗമായുള്ള പരിശോധനയില്‍ പൊലീസ് വാഹനം തടഞ്ഞതിനാലാണ് പിതാവിനെ തോളിലേറ്റി നടന്നതെന്നാണ് ആരോപണം. മതിയായ രേഖകളില്ലാത്തതിനാലാണ് വാഹനം തടഞ്ഞതെന്നാണ് പൊലീസിന്റെ വിശദീകരണം.
കുളത്തൂപ്പുഴ സ്വദേശി ജോര്‍ജ്ജ് കഴിഞ്ഞ നാല് ദിവസമായി താലൂക്കാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നാണ് ആശുപത്രി വിട്ടത്. ഓട്ടോ ഡ്രൈവറായ മകന്‍ റോയി പിതാവിനെ വീട്ടിലേക്ക് കൊണ്ടുപോകാനായി വരുമ്പോള്‍ ആശുപത്രിക്ക് സമീപത്ത് വെച്ച് പൊലീസ് തടയുകയായിരുന്നു. ആശുപത്രിയിലേക്കാണെന്ന് പറഞ്ഞിട്ടും രേഖകളില്ലാത്തതിനാല്‍ പൊലീസ് ഓട്ടോ വിട്ടില്ല. ഓട്ടോ റോഡരികില്‍ ഒതുക്കി ആശുപത്രിയിലെത്തിയ റോയി പിതാവിനെ തോളിലേറ്റി കൊണ്ടു വരികായായിരുന്നു.
ആശുപത്രിയിലേക്ക് പോകുന്നതിനുള്ള രേഖകളോ സത്യവാങ്മൂലമോ ഇല്ലാതിരുന്നത് കൊണ്ടാണ് ഓട്ടോ തടഞ്ഞതെന്നാണ് പൊലീസിന്റെ വാദം. താലൂക്ക് ആശുപത്രിയിലേക്ക് കൂടുതല്‍ രോഗികളെത്തിയതിനാല്‍ റോഡില്‍ വലിയ തിരക്കായിരുന്നു. അതുകൊണ്ടാണ് പരിശോധന കര്‍ശനമാക്കിയതെന്നും പൊലീസ് വിശദീകരിക്കുന്നു.