Coronavirus

ആലപ്പുഴ ഡിസിസിയുടെ അക്കൗണ്ടില്‍ 3,86,000 രൂപയേ ഉള്ളൂവെന്ന് പോസ്റ്റ് ; വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടിയെന്ന് എം.ലിജു

ജില്ലാ കളക്ടര്‍ക്ക് പത്തുലക്ഷത്തിന്റെ ചെക്ക് നല്‍കാനെത്തിയ ആലപ്പുഴ ഡിസിസി നേതൃത്വത്തിന്റെ അക്കൗണ്ടില്‍ 3,86,000 രൂപയേ ഉള്ളൂവെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ്. ബീന സണ്ണിയെന്ന ഉപയോക്താവാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. മെയ് 5 ന് ഡിസിസി പ്രസിഡന്റ് അഡ്വ. എം ലിജു ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് 10,60,200 രൂപയുടെ ചെക്കാണ് നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ അനുമതിയില്ലാത്തതിനാല്‍ സ്വീകരിക്കാനാകില്ലെന്ന് പറഞ്ഞ് ജില്ലാ കളക്ടര്‍ നിരസിക്കുകയും ചെയ്തു. എന്നാല്‍ 05.05.2020 ന് ഇത്രയും തുക ഡിസിസിക്ക് കാത്തലിക് സിറിയന്‍ ബാങ്കിന്റെ ആലപ്പുഴ മുല്ലക്കല്‍ ശാഖയിലെ അക്കൗണ്ടില്‍ ഇല്ലെന്ന് ബീന സണ്ണി പോസ്റ്റിടുകയായിരുന്നു. എന്നാല്‍ മെയ് 5 നും അതിന് മുന്‍പും ഇപ്പോഴും ചെക്കിലെഴുതിയ തുകയേക്കാള്‍ അക്കൗണ്ടിലുണ്ടെന്ന് ലിജു ദ ക്യുവിനോട് പറഞ്ഞു. വ്യാജ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബീന സണ്ണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ചെക്ക് ഡേറ്റായ 05-05-2020ന് കാത്തലിക് സിറിയന്‍ ബാങ്കിന്റെ ആലപ്പുഴ മുല്ലക്കല്‍ ശാഖയിലെ അക്കൗണ്ട് നമ്പര്‍ 000104047396195001 എന്ന ഈ അക്കൗണ്ട് ഹോള്‍ഡറുടെ അക്കൗണ്ടില്‍ ലഭ്യമായ ലഡ്ജര്‍ ബാലന്‍സ് 3,86,000 ആണ്.ചെക്ക് എഴുതിയിരിക്കുന്നത് 10,60,200 രൂപക്കും.ബാക്കി ഒന്നും ഞാന്‍ പറയുന്നില്ല.

അഡ്വ. എം ലിജുവിന്റെ മറുപടി

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് കാത്തലിക് സിറിയന്‍ ബാങ്കിന്റെ ആലപ്പുഴ മുല്ലക്കല്‍ ശാഖയിലെ 000104047396195001 നമ്പറിലുള്ള അക്കൗണ്ടില്‍ മെയ് 5 നും അതിന് മുന്‍പും ഇപ്പോഴും 10,60,200 രൂപയില്‍ അധികം ബാലന്‍സുണ്ട്. വ്യാജ പ്രചരണമാണ് ബീന സണ്ണിയെന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുന്നത്. ഈ അക്കൗണ്ട് വ്യാജമാണെന്നും സംശയിക്കുന്നു. എന്തായാലും വ്യാജ പ്രചറണത്തിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് സൈബര്‍ നിയമങ്ങള്‍ പ്രകാരം പരാതി നല്‍കും. വ്യാജപ്രചരണത്തിന് അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബാങ്ക് അധികൃതരും അറിയിച്ചിട്ടുണ്ട്. അവരുടെ ലഡ്ജറില്‍ അങ്ങനെയല്ലാതിരിക്കുമ്പോള്‍ ഇത്തരമൊരു പ്രചരണം നടത്തുന്ന സാഹചര്യത്തിലാണ് ബാങ്ക് നിയമനടപടി സ്വീകരിക്കുന്നത്. 10,60,200 രൂപയേക്കാള്‍ വളരെ കൂടുതലുള്ളതുകൊണ്ടുതന്നെയാണ് അത്രയും തുക ഉത്തരവാദിത്വത്തോടെ ചെക്കിലെഴുതിയത്. കാരണം ചെക്ക് മടങ്ങുകയെന്നാല്‍ കുറ്റകരമാണ്. കൂടാതെ കുറഞ്ഞ പൈസയാണ് ഉള്ളതെന്നിരിക്കെ വലിയ തുകയെഴുതുകയെന്നത് ശരിയായ നടപടിയുമല്ലല്ലോ. ആലപ്പുഴയില്‍ നിന്ന് ബിഹാറിലേക്ക് പോകാനുള്ള യാത്രക്കൂലിയായി ഒരാള്‍ക്ക് 930 രൂപ നിരക്കില്‍ 1140 തൊഴിലാളികള്‍ക്കായാണ് 10,60,200 രൂപ നീക്കിവെച്ചത്. അഞ്ചാം തിയ്യതിയിലെ സ്റ്റേറ്റ്‌മെന്റ് കാണിക്കൂവെന്നാണ് സൈബര്‍ സഖാക്കള്‍ ഇപ്പോള്‍ പറയുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അക്കൗണ്ടില്‍ എത്ര രൂപയുണ്ടെന്ന് സിപിഎമ്മിനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. കൂടാതെ തനിക്ക് അത് വെളിപ്പെടുത്താന്‍ സാധിക്കുകയുമില്ല. കെപിസിസിയുടെ അനുമതി ആവശ്യമുള്ള കാര്യമാണ്. എങ്കിലും വ്യാജപ്രചരണം നടക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത തുകയേക്കാള്‍ കൂടുതല്‍ അക്കൗണ്ടില്‍ ഉണ്ടെന്ന വിശദീകരണം ബാങ്കിന് ഇഷ്യൂ ചെയ്യാന്‍ സാധിക്കും. ബാങ്കിനോട് അത്തരമൊരു സ്‌റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭ്യമായാല്‍ പുറത്തുവിടുമെന്നും ലിജു ദ ക്യുവിനോട് പറഞ്ഞു.

നിര്‍ധനരായ അന്യസംസ്ഥാന തൊഴിലാളികളുടെ ട്രെയിന്‍ യാത്രാ നിരക്ക് കോണ്‍ഗ്രസ് വഹിക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശവും നല്‍കിയിരുന്നു. ഇതുപ്രകാരമാണ് തിരുവനന്തപുരം, ആലപ്പുഴ,എറണാകുളം, കണ്ണൂര്‍ എന്നീ ഡിസിസി നേതൃത്വങ്ങള്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം ചെക്ക് നല്‍കാനെത്തിയത്. സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമില്ലാത്തതിനാല്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് കളക്ടര്‍മാര്‍ നിരസിച്ചത്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT