Coronavirus

'പ്രതിരോധത്തിന്റെ വിവിധതലങ്ങളില്‍ ചുവപ്പുനാട പരന്നിരിക്കുന്നു', കാര്യങ്ങള്‍ കൈവിട്ടു പോകാവുന്ന ഘട്ടത്തിലെന്ന് എന്‍എസ് മാധവന്‍

കൊവിഡ് 19 സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കെ, ഇപ്പോള്‍ കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ട് പോകാവുന്ന ഘട്ടത്തിലാണെന്ന് എന്‍എസ് മാധവന്‍. കൊവിഡ് പരിശോധന കൂടുമ്പോള്‍ രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്, രോഗലക്ഷണം കാണിക്കാത്ത രോഗികള്‍ നമ്മുടെ സമൂഹത്തില്‍ ധാരാളമുണ്ടെന്നാണ് ഇതിനര്‍ത്ഥമെന്നും മനോരമ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ എന്‍എസ് മാധവന്‍ പറയുന്നു.

കേരളത്തില്‍ ദീര്‍ഘകാല പരിപാടിയില്‍ വ്യവസ്ഥകള്‍ ആവശ്യമാണെന്നും അത്തരം സിസ്റ്റംസ് ഇല്ലാത്തതാണ് പത്തനംതിട്ടയിലും തിരുവനന്തപുരത്തും അടുത്ത കാലത്ത് നടന്ന ലജ്ജാകരമായ സംഭവങ്ങള്‍ക്ക് കാരണമായതെന്നും അദ്ദേഹം പറയുന്നു. രോഗപ്രതിരോധത്തിന്റെ വിവിധ തലങ്ങളില്‍ ചുവപ്പുനാട പരന്നിരിക്കുകയാണെന്നും ലേഖനത്തില്‍ അദ്ദേഹം പറയുന്നുണ്ട്.

ലേഖനത്തില്‍ നിന്ന്:

'പ്രതിദിനം കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ സംഖ്യ കുറച്ചുദിവസങ്ങളായി 3000 കവിയുന്നു. ഇത് 5000 കടക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊവിഡിന്റെ സവിശേഷ പ്രകൃതികാരണം അത് ഭാവിയില്‍ എങ്ങനെയാണ് പെരുമാറുക എന്ന് കണക്കുകള്‍ വെച്ച് പറയുക ദുഷ്‌കരമാണ്.

കൊവിഡിന്റെ കാര്യത്തില്‍ കേരളം നേരിടുന്നത് മുഖ്യമായും രണ്ടു തരത്തിലുള്ള പ്രശ്‌നങ്ങളാണ്. ആദ്യത്തേത് സാമഗ്രികളുടെയും അടിസ്ഥാന സൗകര്യങ്ങളുടേതുമാണ്. ഉദാഹരണത്തിന്, കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അതിതീവ്ര പരിചരണം വേണ്ടവരുടെ സംഖ്യ വര്‍ധിക്കുന്നുണ്ട്. ബുധനാഴ്ച 36 പേരെയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. കേരളത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി ഏതാണ്ട് 5000ല്‍ പരം ഐസിയു കിടക്കകളുണ്ട്. ഇതിലൊരു ഭാഗം മാത്രമേ, കൊവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കാനാകൂ. ആ സംഖ്യ ആയിരത്തില്‍പരമാണെന്നാണ് അറിയുന്നത്. അങ്ങനെയാണെങ്കില്‍, ഇപ്പോള്‍ത്തന്നെ 25 ശതമാനത്തില്‍ കൂടുതല്‍ കിടക്കകള്‍ ഉപയോഗത്തിലാണ്. രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ ഒരു മാസത്തിനകം ഐസിയു കിടക്കകള്‍ പോരാതെ വരും. ഇതു തന്നെ വെന്റിലേറ്ററുകളുടെ കാര്യത്തിലും ബാധകമാണ്. വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ട രോഗികളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു. ബുധനാഴ്ച മാത്രം 23 പേര്‍ക്കു വെന്റിലേറ്റര്‍ ഘടിപ്പിക്കേണ്ടതായി വന്നു. ഐസിയു കിടക്കകളും വെന്റിലേറ്ററുകളും അപര്യാപ്തമാകുമ്പോള്‍ കൊവിഡ് മൂലമുള്ള മരണനിരക്കു വര്‍ധിക്കും. നിര്‍ഭാഗ്യവശാല്‍, അതേ കാരണം കൊണ്ട് മറ്റുള്ള രോഗികള്‍ക്കും മരണം സംഭവിച്ചേക്കാം.

ഈ കണക്കുകളെല്ലാം സര്‍ക്കാരിന്റെ അറിവിലുള്ളതാണ്. പതുക്കെ, ഏഴു മാസത്തോളം സമയമെടുത്താണു രോഗം ഇത്തരമൊരു അവസ്ഥയിലെത്തുന്നത്. അതായത്, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടുവോളം സമയം അധികൃതര്‍ക്കു ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ആരോഗ്യവകുപ്പു മുന്‍കൂട്ടി കാര്യങ്ങള്‍ ചെയ്തുകാണും എന്നു വിശ്വസിക്കുന്നു. നിലവിലെ സാഹചര്യം നേരിടാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ഉടനെ പൊതുജന സമക്ഷം അവതരിപ്പിക്കണം, കാര്യങ്ങള്‍ കൈവിട്ടുപോകില്ലെന്ന് ആശ്വസിപ്പിക്കണം.

കൊവിഡ് പ്രതിരോധത്തില്‍ ആദ്യത്തെ പ്രശ്‌നം അടിസ്ഥാന സൗകര്യങ്ങളുടേതാണെങ്കില്‍, രണ്ടാമത്തെ പ്രശ്‌നം വ്യവസ്ഥകളുടെ അഭാവമാണ്. കുറെയധികം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പ്രതിബദ്ധതയും കേരളത്തില്‍ പൊതുവേ കാണാവുന്ന സാമൂഹികബോധവുമാണ് നിപ്പയെ പ്രതിരോധിക്കുന്നതിനും കോവിഡിനെ ആദ്യകാലങ്ങളില്‍ നിയന്ത്രിക്കുന്നതിനും കേരളത്തെ സഹായിച്ചത്. എന്നാല്‍, എന്നു തീരുമെന്ന് ഒരു എത്തുംപിടിയും തരാത്ത കോവിഡിനെതിരായി അത്തരത്തിലൊരു സമീപനം എല്ലാ കാലത്തും വിജയകരമാകില്ല. ഒരു ദീര്‍ഘകാല പരിപാടിയില്‍ വ്യവസ്ഥകള്‍ ആവശ്യമാണ്. അത്തരം സിസ്റ്റംസ് ഇല്ലാത്തതാണു കേരളത്തില്‍ അടുത്തകാലത്തു നടന്ന രണ്ടു ലജ്ജാകരമായ സംഭവങ്ങള്‍ക്കു കാരണമായത്.

പത്തനംതിട്ട ജില്ലയില്‍ കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍, വ്യവസ്ഥകള്‍ ഉണ്ടായിട്ടുപോലും അവ നടപ്പിലാക്കിയില്ല. ആരോഗ്യവകുപ്പില്‍ ആംബുലന്‍സ് ഡ്രൈവറാകുന്നതിനു മുന്‍പ് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയില്ല. അയാളൊരു വധശ്രമക്കേസിലെ പ്രതിയാണ്. വണ്ടിയില്‍ ജിപിഎസ് പിടിപ്പിച്ചിരുന്നു. തത്സമയം വണ്ടികള്‍ നിരീക്ഷിക്കുന്ന ഒരു വ്യവസ്ഥ ഉണ്ടായിരുന്നെങ്കില്‍ ഈ കുറ്റം നടക്കില്ലായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൊട്ടു പിന്നാലെ തന്നെ മറ്റൊരു ഞെട്ടിക്കുന്ന സംഭവം തിരുവനന്തപുരത്തു നടന്നു: ക്വാറന്റീനിലായിരുന്ന സ്ത്രീയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചു. അവര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സമീപിച്ചത് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനായിരുന്നു. ഇന്നത്തെ കാലത്ത്, ഈ ഇന്റര്‍നെറ്റ് യുഗത്തില്‍, 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ഒരാള്‍ക്കു സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ നടക്കേണ്ടി വരുന്നു എന്നതു കഷ്ടമാണ്! വിവരസാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ വ്യവസ്ഥകള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ സംഭവവും ഒഴിവാക്കാമായിരുന്നു. ഐടി ഏറ്റവും കൂടുതല്‍ ഉപയോഗിക്കേണ്ടത് സാമൂഹിക അകലം പാലിക്കേണ്ട ഈ സമയത്താണെന്ന് അധികൃതര്‍ മറക്കുന്നു.

രോഗപ്രതിരോധത്തിന്റെ വിവിധതലങ്ങളില്‍ ചുവപ്പുനാട പരന്നിരിക്കുന്നു. പുറത്തുനിന്നു വരുന്ന ഒരാള്‍ വിമാനത്താവളത്തില്‍ നല്‍കുന്ന വിവരം, വീണ്ടും വീണ്ടും ആറു സ്ഥലത്തായി ആവര്‍ത്തിക്കേണ്ടിവരുന്നു എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. സ്രവപരിശോധന നടത്തുന്ന സ്ഥലങ്ങളിലെ തിരക്ക്, ഫലം വരുന്നതിനുള്ള കാലതാമസം, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനായുള്ള പരക്കംപാച്ചില്‍ തുടങ്ങിയവയെല്ലാം ഐടി ഉപയോഗിച്ച് ഒഴിവാക്കാവുന്നതേയുള്ളൂ. നിര്‍ഭാഗ്യവശാല്‍ വ്യവസ്ഥകളുടെ അഭാവത്തില്‍ ദ്രോഹം ഏറ്റുവാങ്ങുന്നതു മുഴുവനും സ്ത്രീകളാണ് എന്നതാണ് അനുഭവം പഠിപ്പിക്കുന്നത്.'

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

SCROLL FOR NEXT