'കൊറോണ വൈറസിനെ ഞങ്ങള്‍ തകര്‍ത്തു, പ്രതിരോധത്തില്‍ രാജ്യം ഒറ്റമനസായി', ഔദ്യോഗികമായി ന്യൂസിലന്‍ഡിനെ കൊവിഡ് മുക്തമായി പ്രഖ്യാപിക്കുന്നതിനിടെ പ്രധാനമന്ത്രി ജസീന്താ ആര്‍ഡെന്‍ പറഞ്ഞു. 17 ദിവസമായി രാജ്യത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച രാജ്യത്തെ അവസാന കൊവിഡ്‌രോഗിയും ആശുപത്രി വിട്ടതോടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
തുടക്കം മുതല്‍ തന്നെ ഏറ്റവും മികച്ച രീതിയില്‍ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ച രാജ്യം എന്ന നേട്ടം ന്യൂസിലന്‍ഡ് സ്വന്തമാക്കിയിരുന്നു. രാജ്യത്ത് ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ വൈറസിനെ നേരിടാന്‍ ശക്തമായ നടപടികള്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. വ്യാപകമായ പരിശോധനകള്‍ നടത്തി. സാമൂഹിക അകലം പാലിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. രോഗബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തുകയും ക്വാറന്റൈനില്‍ പാര്‍പ്പിക്കുകയും ചെയ്തു.
സ്വദേശികള്‍ക്ക് മാത്രമായാണ് അതിര്‍ത്തികള്‍ തുറന്നുവെച്ചത്. ആഭ്യന്തര യാത്രകള്‍ക്കുള്‍പ്പടെ സെല്‍ഫ് ഐസൊലേഷന്‍ നിര്‍ബന്ധമായിരുന്നു. മറ്റു പല രാജ്യങ്ങളേക്കാള്‍ മുമ്പ് തന്നെ ന്യൂസിലന്‍ഡില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. സാമ്പത്തിക മേഖലയിലും ജസിന്‍ഡ കൃത്യമായ ഇടപെടലാണ് നടത്തിയത്. മാത്രമല്ല ഫെയ്സ്ബുക്ക് ലൈവുകളിലൂടെയും മറ്റും അവര്‍ സ്ഥിരമായി ജനങ്ങളുമായി സംസാരിച്ചിരുന്നു. ജനങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം നല്‍കാനും അതിന് മറുപടി നല്‍കാനും ലൈവുകള്‍ക്കിടെ ശ്രദ്ധിച്ചിരുന്നു.
അമ്പത് ലക്ഷത്തോളം ജനസംഖ്യയുള്ള ന്യൂസിലന്‍ഡില്‍ 1500ല്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 22 പേരാണ് കൊവിഡ് മൂലം മരിച്ചത്. ശാസ്ത്രീയ വഴികളിലൂടെ രോഗത്തെ പ്രതിരോധിക്കാന്‍ തന്നെയാണ് പ്രധാനമന്ത്രിയും ജനങ്ങളും ശ്രമിച്ചത്.
രാജ്യം കൊവിഡ് മുക്തമായപ്പോള്‍ എന്ത് തോന്നി എന്ന ചോദ്യത്തിന്, കുഞ്ഞ് മകള്‍ക്കൊപ്പം ഒരു ചെറിയ നൃത്തം ചെയ്തു എന്നായിരുന്നു ജെസീന്ത നല്‍കിയ മറുപടി. കൊവിഡ് മുക്തമായതിനാല്‍ നേരത്തെ നടപ്പാക്കിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് അവര്‍ര്‍ അറിയിച്ചിട്ടുണ്ട്. ചില നിയന്ത്രണങ്ങള്‍ തുടരും, പൊതുഗതാഗതം പുനസ്ഥാപിക്കും. അതിര്‍ത്തികള്‍ തുറക്കില്ല. ഇനിയും രോഗം തിരിച്ചുവന്നേക്കാം എന്ന മുന്നറിയിപ്പും ജസീന്ത നല്‍കുന്നുണ്ട്. വൈറസിനെ നേരിടാനും കീഴടക്കാനും അതീവ ജാഗ്രതയോടെ ആരോഗ്യ സംവിധാനങ്ങളെ സുസജ്ജമാക്കി തന്നെ നിര്‍ത്തുമെന്നും അവര്‍ പറയുന്നു.