ലോക്ഡൗണിനിടെ പച്ചക്കറി വാങ്ങാന്‍ പോയ യുവാവിനെ പൊലീസ് മര്‍ദ്ദിച്ച് ലോക്കപ്പിലിട്ടു. കൊല്ലം കൊട്ടിയം സ്വദേശി ഇസഹാഖ് എസ് ഖാനെയാണ് പൊലീസ് മര്‍ദ്ദിച്ചത്. അവശ്യസാധനങ്ങള്‍ വാങ്ങി വരികയാണെന്ന് പറഞ്ഞിട്ടും പൊലീസ് അസഭ്യം പറഞ്ഞ് ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ടു പോകുകയായിരുന്നുവെന്ന് ഇസഹാഖ് ദ ക്യുവിനോട് പറഞ്ഞു.
പച്ചക്കറിക്ക് അമിത വില ഈടാക്കുന്നതായും ക്ഷാമമുണ്ടാകുമെന്നുമുള്ള മാധ്യമവാര്‍ത്ത കണ്ടാണ് രാവിലെ ഉമയനല്ലൂരിലെ കടയിലേക്ക് സ്‌കൂട്ടറില്‍ പോയതെന്ന് ഇസഹാഖ് പറയുന്നു. രണ്ട് കിലോമീറ്റര്‍ ഉള്ളിലാണ് വീട്. 80 രൂപയുടെ പച്ചക്കറിയും പൈനാപ്പിളും ബിസ്‌ക്കറ്റും വാങ്ങി തിരിച്ചു വരുമ്പോളാണ് പൊലീസ് പിടികൂടിയത്. വീടിന് അരകിലോമീറ്ററപ്പുറത്തുള്ള വളവില്‍ വെച്ച് പൊലീസ് ജീപ്പ് സ്‌കൂട്ടറിന് മുന്നില്‍ നിര്‍ത്തി. ഭയന്ന് പോയെന്ന് ഇസഹാഖ് പറയുന്നു.
ജീപ്പില്‍ നിന്നും ചാടിയിറങ്ങിയ എസ് ഐ ലാത്തിയെടുത്ത് അടിച്ചു. വീട്ടിലിരുന്നു കൂടെയെന്നായിരുന്നു ചോദ്യം. ഉത്തരം പറയാന്‍ പോലും അനുവദിക്കാതെയായിരുന്നു മര്‍ദ്ദനം. അടിക്കാനുള്ള അവകാശം ആര്‍ക്കും ഇല്ലെന്ന് പറഞ്ഞപ്പോള്‍ റിമാന്‍ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.ഇസഹാഖ്
ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോയി. സ്‌റ്റേഷനില്‍ കയറുമ്പോള്‍ മാസ്‌ക് ആവശ്യപ്പെട്ടപ്പോള്‍ തന്നു. അസഭ്യം പറയല്‍ തുടര്‍ന്നു. ഷര്‍ട്ട് കീറി. സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിച്ചതായും ഇസഹാഖ് ആരോപിക്കുന്നു. മൊബൈല്‍ ഇല്ലാതിരുന്നതിനാല്‍ വീട്ടുകാരെ അറിയിക്കാനായില്ല. പൊലീസിനോട് രക്ഷിതാക്കളെ വിളിച്ചു പറയാന്‍ ആവശ്യപ്പെട്ടു.
മണിക്കൂറുകള്‍ക്ക് ശേഷമാണ് വീട്ടിലെ നമ്പര്‍ ചോദിച്ചത്. റിമാന്‍ഡ് ചെയ്യാനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിരുന്നു.ബാപ്പ ഡപ്യൂട്ടി കളക്ടറായി വിരമിച്ച ആളാണ്. അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ചാണ് വൈകീട്ട് അഞ്ചരയോടെ പുറത്തിറങ്ങാനായത്.ഇസഹാഖ്
കോടതികളില്ലാത്തതിനാല്‍ ജാമ്യം പോലും കിട്ടാതെ ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നുവെന്നും ഇസഹാഖ് പറയുന്നു. ഭക്ഷണമോ വെള്ളമോ നല്‍കിയിരുന്നില്ല. മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കാനും പരിഹസിച്ചു. മുടിയും താടിയും വളര്‍ത്തയതിനാല്‍ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് അപമാനിച്ചുവെന്നും ഇസഹാഖ് പറഞ്ഞു. രണ്ടാളുടെ ജാമ്യത്തിലാണ് വിട്ടത്. പച്ചക്കറിയും സാധനങ്ങളും തന്നെങ്കിലും സ്‌കൂട്ടര്‍ പിടിച്ചുവെച്ചു. ലോക്ഡൗണ്‍ കഴിഞ്ഞാല്‍ മാത്രമേ അത് വിട്ടുകിട്ടുകയുള്ളു. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവരെയും പിടിച്ച് ജയിലിലിടാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടോയെന്ന് ഇസ്ഹാഖ് ചോദിക്കുന്നു.