Coronavirus

‘നമ്മുടെ ആരോഗ്യമേഖല വിചാരിച്ചിരുന്നതിലും എത്രയോ ഉയരെയാണ്’, കൊവിഡ് ഭേദമായ ദമ്പതികള്‍ പറയുന്നു 

ജെയ്ഷ ടി.കെ

'നമ്മുടെ ആരോഗ്യമേഖല വിചാരിച്ചിരുന്നതിലും എത്രയോ ഉയരെയാണ്. ഏറ്റവും അധികം നന്ദി ആരോഗ്യ പ്രവര്‍ത്തകരോടും സര്‍ക്കാരിനോടുമാണ്', കൊവിഡ് ഭേദമായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ബുധനാഴ്ച ഡിസ്ചാര്‍ജ് ആയ ഹരികൃഷ്ണന്‍ പറയുന്നു.

മാര്‍ച്ച് 17-നാണ് ഹരികൃഷ്ണനും ഭാര്യ ലക്ഷ്മിയും ഫ്രാന്‍സില്‍ നിന്ന് നാട്ടിലെത്തുന്നത്. ഫ്രാന്‍സിലെ ഒരു കമ്പനിയില്‍ പ്രൊഡക്ട് അനലിസ്റ്റായി ജോലി ചെയ്യുകയാണ് ഹരികൃഷ്ണന്‍. കഴിഞ്ഞ ഡിസംബറിലായിരുന്നു വിവാഹം. തുടര്‍ന്ന് ടൂറിസ്റ്റ് വിസയില്‍ ഫ്രാന്‍സിലെത്തിയ ഭാര്യയുടെ വിസാകാലാവധി മാര്‍ച്ച് 23ന് അവസാനിക്കുന്നത് കൊണ്ടാണ് നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചത്. വിമാനത്താവളത്തില്‍ നിന്ന് ആദ്യം ആലുവ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. വിവരങ്ങള്‍ ശേഖരിക്കുകയും, വേണ്ട പരിശോധനകള്‍ നടത്തിയതിനും ശേഷം ആംബുലന്‍സില്‍ തൃശൂര്‍ കണിമംഗലത്തുള്ള വീട്ടില്‍ എത്തിച്ചു. 14 ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ ഇരിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. അപ്പോഴും തങ്ങള്‍ക്ക് രോഗം വരില്ലെന്ന് തന്നെയായിരുന്നു വിശ്വാസമെന്ന് ഹരികൃഷ്ണന്‍ ദ ക്യുവിനോട് പറഞ്ഞു. 'ഫ്രാന്‍സില്‍ നിന്ന് തിരിക്കുമ്പോള്‍ അവിടെ രോഗം അത്ര ഗുരുതരമായിരുന്നില്ല, ഒന്നോ രണ്ടോ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വിമാനത്തില്‍ കയറിയപ്പോഴും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. മാസ്‌ക് വെക്കുകയും കൈകള്‍ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുകയും ചെയ്തിരുന്നു. എങ്കിലും 14 ദിവസം വീട്ടിലെ മുറിയില്‍ തന്നെ കഴിയാന്‍ തീരുമാനിച്ചു.' -ഹരികൃഷ്ണന്‍ പറയുന്നു.

'രണ്ട് ദിവസത്തിന് ശേഷം ലക്ഷ്മിക്ക് പനിയും തൊണ്ടവേദനയും ഉണ്ടായതിനെ തുടര്‍ന്ന് ദിശാ നമ്പറില്‍ വിവരം അറിയിച്ചു. ഉടന്‍ തന്നെ ആംബുലന്‍സെത്തി ലക്ഷ്മിയെ ആശുപത്രിയിലേക്ക് മാറ്റി. അപ്പോഴും അത് സാധാരണ പനിയാകുമെന്നായിരുന്നു വിചാരിച്ചത്. 3 ദിവസത്തിന് ശേഷം കൊവിഡ് പരിശോധനാ ഫലം വരും അപ്പോള്‍ തിരിച്ചു വരാമല്ലോ എന്ന് കരുതി. പക്ഷെ പിന്നീട് എനിക്കും ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ തുടങ്ങി. കുട്ടിക്കാലത്ത് ഉണ്ടായിരുന്ന ആസ്മ തിരിച്ചു വന്നതുപോലെയാണ് തോന്നിയത്, പനിയുമുണ്ടായിരുന്നു. പോസിറ്റീവാണെന്ന ലക്ഷ്മിയുടെ പരിശോധനാ ഫലം വന്നതിന് പിന്നാലെ തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് എന്നെയും മാറ്റി, പിന്നീട് എനിക്കും കൊവിഡ് സ്ഥിരീകരിച്ചു. സ്‌കാനിങ് സൗകര്യമില്ലാത്തത് മൂലം തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ഞങ്ങളെ രണ്ടുപേരെയും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ലക്ഷ്മിക്ക് മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു. എനിക്ക് പിന്നീട് ന്യുമോണിയ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളുണ്ടായി. ഈ സാഹചര്യത്തില്‍ മാത്രമാണ് പേടി തോന്നിയത്. പക്ഷെ ഉടന്‍ തന്നെ ചികിത്സകള്‍ ആരംഭിച്ചു. ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും പരിചരണം വലിയ ആശ്വാസമാണ് നല്‍കിയത്.

സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ച് അതുവരെയുണ്ടായിരുന്ന ധാരണ മുഴുവന്‍ തിരുത്തുന്ന ദിവസങ്ങളായിരുന്നു അത്. തൃശൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ സുമേഷിനെയും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ പാര്‍വ്വതിയെയും മറക്കാനാകില്ല. എല്ലാ വിവരങ്ങളും സംസാരിക്കുമായിരുന്നു. ഞങ്ങള്‍ക്ക് അതെല്ലാം വലിയ ആശ്വാസമായിരുന്നു. ആ സമയത്ത് ഒരുപാട് ധൈര്യം തരാന്‍ അവരുടെ വാക്കുകള്‍ക്കായിട്ടുണ്ട്. മൂന്നാമത്തെയും നാലാമത്തെയും പരിശോധനാഫലങ്ങള്‍ നെഗറ്റീവായതോടെയാണ് രോഗം ഭേദമായതായി ഡോക്ടര്‍മാര്‍ അറിയിച്ചത്. കളക്ടറും എംഎല്‍എയും ഉള്‍പ്പടെ ഫോണില്‍ വിളിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആശുപത്രിയിലായിരുന്ന സമയത്ത് പലരും വ്യാജവാര്‍ത്തകള്‍ ഉള്‍പ്പടെ പ്രചരിപ്പിച്ചിരുന്നു, ഞങ്ങള്‍ നാട്ടിലെത്തിയിട്ട് പുറത്ത് കറങ്ങി നടന്നിരുന്നു എന്നൊക്കെ. ഈ സാഹചര്യങ്ങളില്‍ വീട്ടുകാര്‍ക്ക് ആരോഗ്യപ്രവര്‍ത്തകരും, എംഎല്‍എ അടക്കമുള്ളവരും നല്‍കിയ പിന്തുണ വളരെ വലുതാണ്. രോഗം സ്ഥിരീകരിച്ച ഘട്ടത്തില്‍ നാട്ടിലേക്ക് വരേണ്ടായിരുന്നു എന്ന് തോന്നി. എന്നാല്‍ ഇപ്പോള്‍ ആ തീരുമാനം ഓര്‍ത്ത് വളരെ ആശ്വാസമാണ് തോന്നുന്നത്. ഫ്രാന്‍സില്‍ വെച്ചായിരുന്നു അസുഖം വന്നിരുന്നുവെങ്കില്‍ അവസ്ഥ ആലോചിക്കാന്‍കൂടി വയ്യ. വിദേശരാജ്യങ്ങളേക്കാലും എത്രയോ മുന്നിലാണ് നമ്മുടെ കേരളത്തിന്റെ മെഡിക്കല്‍ സൗകര്യങ്ങള്‍. കേരളത്തില്‍ ആരും കൊറോണയെ ഭയപ്പെടേണ്ടതില്ലെന്നാണ് രോഗം ഭേദമായ ഒരാളെന്ന നിലയ്ക്ക് പറയാനുള്ളത്. നമ്മുടെ സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും അത്രയ്ക്ക് മികച്ചതാണ്.'- ഹരികൃഷ്ണന്‍ ദ ക്യുവിനോട് പറഞ്ഞു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT