രാജ്യത്തെ വിവിധ കണ്ടെയിന്‍മെന്റ് സോണുകളിലും ഹോട്ട്‌സ്‌പോട്ടുകളിലുമുള്ള ജനസംഖ്യയിലെ മൂന്നിലൊന്ന് ആളുകള്‍ക്കും ഇതിനകം കൊവിഡ് ബാധിച്ചിരിക്കാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പഠനറിപ്പോര്‍ട്ട്. പലരും ഇതിനകം രോഗമുക്തരായിരിക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
15 മുതല്‍ 30 ശതമാനം വരെ ആളുകള്‍ക്ക് വൈറസ് ബാധിച്ചിരിക്കാമെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും പങ്കുവെച്ചിട്ടുണ്ട്. മറ്റ് കണ്ടെയിന്‍മെന്റ് സോണുകളെ അപേക്ഷിച്ച്, മുംബൈ, പൂനെ, ഡല്‍ഹി, അഹമ്മദാബാദ്, ഇന്‍ഡോര്‍ തുടങ്ങിയ നഗരങ്ങളില്‍ വൈറസ് വ്യാപനത്തിനുള്ള തോത് കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ 10 ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. 500 സാമ്പിളുകളാണ് ഓരോ പ്രദേശത്തു നിന്നും ശേഖരിച്ചതെന്നും ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ 21 സംസ്ഥാനങ്ങളിലെ 60 ജില്ലകളില്‍ നിന്ന് 400 സാമ്പിളുകള്‍ വീതവും ശേഖരിച്ചിരുന്നു. ഈ നഗരങ്ങളിലാണ് രാജ്യത്തെ 70 ശതമാനം കൊവിഡ് രോഗികളുമുള്ളതെന്ന് ഐസിഎംആര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
രക്തപരിശോധനയ്ക്കായി 'എലിസ' ആന്റിബോഡി ടെസ്റ്റാണ് ഉപയോഗിച്ചത്. എട്ട് ജില്ലകളിലെ വിവരങ്ങള്‍ കൂടി പഠന ഫലത്തില്‍ കൂട്ടിച്ചേര്‍ക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്. അന്തിമ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ പുറത്തുവിടും.