മുതിർന്ന വ്യക്തികൾക്ക് കോവിഡ് 19 ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ പതിവായി കൈകഴുകുക, ജനക്കൂട്ടം ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുക എന്നിങ്ങനെയുള്ള പൊതു മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനുപുറമെ, പ്രായമായവരുടെ ആരോഗ്യത്തിൽ അടുത്ത കുറച്ച് മാസങ്ങളിൽ നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ആളുകളുടെ പ്രായം കൂടുന്നതിനനുസരിച്ച് അവരുടെ രോഗപ്രതിരോധ ശേഷി കുറയുകയും മറ്റ് രോഗങ്ങളുണ്ടാകാനുമുള്ള സാധ്യത കൂടുകയും ചെയ്യും.
പ്രായമുള്ളവരിൽ തന്നെ രോഗപ്രതിരോധശക്തി കുറവുള്ളവർ, രോഗപ്രതിരോധം കുറയ്ക്കുന്നതരം രോഗങ്ങൾ, ഹൃദ്രോഗം, വൃക്കരോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുള്ളവർക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ അവസരത്തിൽ മറ്റു കുടുംബാംഗങ്ങൾക്ക് എന്തെല്ലാം ചെയ്യാനാകും എന്ന് നോക്കാം,
1. സുഹൃത്തുക്കളും കുടുംബാംഗങ്ങളും പ്രായമായവരെ സന്ദർശിക്കുന്നത് ഒഴിവാക്കുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യണം.
പകരം ടെലിഫോൺ, വീഡിയോ കോളുകൾ എന്നിവ ഉപയോഗിച്ച് അവരുമായി ബന്ധപ്പെടാം. കൂടുതൽ ശ്രദ്ധയും കരുതലും ഇപ്പോൾ അവർക്ക് ആവശ്യമുണ്ട്. സാമൂഹികമായ അകലം പാലിക്കുന്നതാണ് വൈറസ് ബാധ പകരുന്നത് ചെറുക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം എന്നത് ഓർക്കുക. പുറത്തുപോയി വരുമ്പോഴും പ്രായമായ ആളുകളുമായി ഇടപെടുന്നതിന് മുൻപ് കൈകളും മുഖവും വൃത്തിയാക്കണം. വലിയ ജനക്കൂട്ടം ഉണ്ടാകാവുന്ന ഇടങ്ങൾ, യാത്രകൾ എന്നിവയും പ്രായമായവർ പരമാവധി ഒഴിവാക്കണം. പുറത്തുപോകുന്നവർ രോഗാണുക്കളാൽ മലിനമാകാവുന്ന (മൊബൈൽ ഫോൺ പോലുള്ള ) ഉപരിതലങ്ങളും വസ്തുക്കളും പതിവായി അണുവിമുക്തമാക്കണം.
2.വീട്ടിലിരിക്കുന്ന സമയം ആരോഗ്യകരമായി വിനിയോഗിക്കാം
പുറത്തുപോകാൻ സാധിക്കാത്തതും വൈറസ് ബാധയുമായി ബന്ധപ്പെട്ട വാർത്തകളും അവരെ മാനസികമായി തളർത്താൻ സാധ്യതയുണ്ട്. അതിനാൽ വീട്ടിൽ തന്നെ ഇരുന്നുള്ള ലഖുവ്യായാമങ്ങൾ, നടത്തം എന്നിവ പ്രോത്സാഹിപ്പിക്കണം. ചെറിയ വീട്ടുജോലികൾ ചെയ്യുകയോ, മുറിയിൽ തന്നെ നടക്കുകയോ ചെയ്യാം. കുട്ടികളും ഇപ്പോൾ വീട്ടിൽ ഉണ്ടാകുമെന്നതിനാൽ മുതിർന്നവരോടൊപ്പം സമയം ചിലവിടാൻ അവരെ പ്രോത്സാഹിപ്പിക്കാം.
3. രോഗമില്ലാത്തവരുടെയും പൊതുവായ ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം
ഏറെനാളായി ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളുള്ളവർക്ക് മരുന്നുകളും ചികിത്സയും നടത്തുന്നവർക്ക് അത് മുടങ്ങാതെ നോക്കണം. സംശയങ്ങൾക്കും ചെറിയ ബുദ്ധിമുട്ടുകൾക്കും അനാവശ്യമായി ആശുപത്രിയിലേക്ക് പോകരുത്. പകരം സ്ഥിരം സന്ദർശിക്കുന്ന ഡോക്ടറുടെ നമ്പർ വാങ്ങിവെക്കുകയും ഇത്തരം ഘട്ടങ്ങളിൽ ഫോണിൽ ബന്ധപ്പെടുകയും ചെയ്യുക.
4. കുടുംബത്തിൽ രോഗത്തെ പറ്റിയുള്ള അവബോധം വളർത്തുക
കുട്ടികളും പ്രായമായവരും വീട്ടിൽ നിന്ന് ജോലിചെയ്യുന്നവരും അടക്കം മിക്കവാറും കുടുംബാംഗങ്ങളും വീട്ടിൽ ഉണ്ടാകാനിടയുള്ള സമയമാണ് ഇത്. കൈകൾ കഴുകുക, സാമൂഹിക അകലം പാലിക്കുക, വ്യക്തിശുചിത്വം എന്നിവയെ കുറിച്ച് ആരോഗ്യകരമായ അവബോധം വളർത്താൻ ഈ സമയം വിനിയോഗിക്കാം. കോവിഡ് 19 പ്രതിരോധത്തെ പറ്റിയും കുടുംബാംഗങ്ങളെ ബോധവൽക്കരിക്കാം. ഒരാളുടെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചപോലും കുടുംബത്തിന്റെയും സമൂഹത്തിന്റെയും മൊത്തം ആരോഗ്യത്തെ ബാധിക്കാം എന്നതിനാൽ രോഗത്തെ പറ്റിയും രോഗപ്രതിരോധത്തെപ്പറ്റിയും കൃത്യമായ അവബോധം എല്ലാവർക്കും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
Edited by: IMAlive Editorial Team of Doctors