കഴിഞ്ഞ ദിവസത്തെ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്, കേരളം കൊവിഡ് കൈകാര്യം ചെയ്യുന്ന രീതികള്‍ അപ്പടി മോശമാണെന്ന് ആരോപിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്ന് സംവിധായകന്‍ സനില്‍ കുമാര്‍ ശശിധരന്‍. പലരും അങ്ങനെയാണ് അതിനെ ഉപയോഗിച്ചതെന്നും ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം എന്ന് സമാധാനിക്കാനേ വഴിയുള്ളൂവെന്നും അദ്ദേഹം പുതിയ പോസ്റ്റില്‍ വിശദീകരിക്കുന്നു. പറയാന്‍ ഉദ്ദേശിച്ച കാര്യം ഇങ്ങനെ അദ്ദേഹം പരാമര്‍ശിക്കുന്നു. കൊവിഡ് ടെസ്റ്റിന് എത്തുന്ന രോഗികള്‍ ഒന്നിച്ച് കൂടിയിരിക്കുന്ന അവസ്ഥ അപകടകരമാണ്. രോഗം ഉള്ളവരും ഇല്ലാത്തവരുമായ നാല്‍പ്പതും അന്‍പതും പേര്‍ ആറും ഏഴും മണിക്കൂര്‍ ഒരു സ്ഥലത്ത് കാത്തിരിക്കേണ്ടിവരുന്നത് രോഗ വ്യാപനത്തിന് കാരണമാവും. ഒരു ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് രോഗികളുടെ ഡീറ്റെയിത്സ് ശേഖരിക്കുകയും ടെസ്റ്റിന് ഒരു നിശ്ചിത സമയം നല്‍കുകയും ചെയ്യുകയാണെങ്കില്‍ ടെസ്റ്റ് നടക്കുന്ന സ്ഥലത്ത് ഒരേ സമയം മൂന്നോ നാലോ രോഗികള്‍ മാത്രമായി നിയന്ത്രിക്കാം. അത് രോഗികള്‍ക്ക് മാത്രമല്ല ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഗുണകരമാണെന്നും അദ്ദേഹം കുറിച്ചു.
സനല്‍കുമാര്‍ ശശിധരന്റെ വിശദീകരണ പോസ്റ്റ്
കേരളം കോവിഡ് കൈകാര്യം ചെയ്യുന്ന രീതികള്‍ അപ്പടി മോശമാണ് എന്ന് ആരോപിക്കാന്‍ ഉദ്ദേശിച്ച് എഴുതിയതായിരുന്നില്ല ആ പോസ്റ്റ്. പലരും അങ്ങനെ ഉപയോഗിച്ച് കണ്ടു. ''ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം'' എന്ന് സമാധാനിക്കാനേ വഴിയുള്ളു. പറയാനുദ്ദേശിച്ചത് ഇതാണ്
കോവിഡ് ടെസ്റ്റിന് എത്തുന്ന രോഗികള്‍ ഒന്നിച്ച് കൂടിയിരിക്കുന്ന അവസ്ഥ അപകടകരമാണ്. രോഗം ഉള്ളവരും ഇല്ലാത്തവരുമായ നാല്പതും അന്‍പതും പേര്‍ ആറും ഏഴും മണിക്കൂര്‍ ഒരു സ്ഥലത്ത് കാത്തിരിക്കേണ്ടിവരുന്നത് രോഗ വ്യാപനത്തിന് കാരണമാവും. ഒരു ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് രോഗികളുടെ ഡീറ്റെയിത്സ് ശേഖരിക്കുകയും ടെസ്റ്റിന് ഒരു നിശ്ചിത സമയം നല്‍കുകയും ചെയ്യുകയാണെങ്കില്‍ ടെസ്റ്റ് നടക്കുന്ന സ്ഥലത്ത് ഒരേ സമയം മൂന്നോ നാലോ രോഗികള്‍ മാത്രമായി നിയന്ത്രിക്കാം. അത് രോഗികള്‍ക്ക് മാത്രമല്ല ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഗുണകരമാണ്.
കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ തീര്‍ച്ചയായും വലിയ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. പക്ഷേ രോഗവ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ചെറിയ പിഴവുകള്‍ പോലും വലിയ വിപത്തുകള്‍ കൊണ്ടുവരും. കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയും സാഹചര്യങ്ങളെ മറികടക്കാന്‍ സന്നദ്ധരാക്കുകയും വേണം.
ഒരു കാര്യവും മൂടിവെച്ച് പരിഹരിക്കാന്‍ കഴിയില്ല. തുറന്നു വെക്കണം കാണണം പരിഹാരങ്ങള്‍ തനിയേ വരും.
രോഗവ്യാപനം ക്രമാതീതമായി ഉണ്ടായാല്‍ നമ്മുടെ ആശുപത്രി സംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടാവും എന്ന തിരിച്ചറിവുണ്ടാവണം. എല്ലാ സൂചനകളും പഠനങ്ങളും പറയുന്നത് രോഗവ്യാപനം ഉണ്ടാകും എന്നു തന്നെയാണ്. അങ്ങനെ വന്നാല്‍ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതേക്കുറിച്ച് കൃത്യമായ ധാരണ വേണം. ചെറിയതോതിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ ടെസ്റ്റ് ചെയ്യണം എന്ന് പറയുകയും ടെസ്റ്റ് ചെയ്യാനുള്ള സംവിധാനങ്ങള്‍ കുറവായിരിക്കുകയും ടെസ്റ്റ് ചെയ്ത് ഫലം പോസിറ്റീവ് ആയാല്‍ എങ്ങിനെ കൈകാര്യം ചെയ്യും എന്നതിന് ഒരു സ്ട്രാറ്റജി ഇല്ലതിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ടെസ്റ്റിംഗിന്റെ കാര്യത്തില്‍ ഒരു ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. ഈ ഗുരുതരമായ ആശയക്കുഴപ്പം
എത്രയും പെട്ടെന്ന് മാറ്റുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്.
NB: പനി നന്നായി കുറവുണ്ട് തൊണ്ടവേദനയും.
കഴിഞ്ഞ ദിവസത്തെ പോസ്റ്റ്
അഞ്ചു ദിവസമായി കടുത്ത പനിയും ശരീര വേദനയും. ആദ്യം രണ്ടുദിവസം നോക്കിയിട്ട് ദിശയില്‍ അറിയിക്കാമെന്ന് കരുതി. ചുക്കുകാപ്പിയും മറ്റു നാട്ടുമരുന്നുകളും കഴിച്ഛപ്പോള്‍ ആദ്യ രണ്ടുദിവസം കൊണ്ട് പനി പൂര്‍ണമായും മാറി. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അത് വീണ്ടും വന്നു. ഇത്തവണ കടുത്ത ശരീരവേദനയും ക്ഷീണവും ചെറിയ തലവേദനയും.
എന്തായാലും ദിശയില്‍ വിളിച്ചറിയിക്കാമെന്ന് കരുതി വിളിച്ചു. ട്രാവല്‍ ഹിസ്റ്ററിയുണ്ടോ എന്ന് അവര്‍ ചോദിച്ചു. എനിക്ക് ഇടയ്‌ക്കൊരു ദിവസം ഓട്ടോറിക്ഷയില്‍ യാത്രചെയ്യേണ്ടിവന്നിരുന്നു. അതിന്റെ പേരില്‍ ആരെങ്കിലും വിളിച്ചോ എന്ന് ചോദിച്ചു. ഇല്ല എന്ന് പറഞ്ഞു. എന്നാല്‍ കുഴപ്പമില്ല. ഇസഞ്ജീവനിയില്‍ കയറി ഡോക്ടറെ കാണാന്‍ പറഞ്ഞു. ഡോക്ടര്‍ വൈറല്‍ ഫിവറിനുള്ള മരുന്നു തന്നു. ദിശയില്‍ വീണ്ടും വിളിച്ച് കോവിഡ് ടെസ്റ്റ് ചെയ്യാന്‍ ഡോക്ടര്‍ പറഞ്ഞതായില്‍ പറയാനും പറഞ്ഞു. വീണ്ടും ദിശയില്‍ വിളിച്ചു. വീണ്ടും പഴയ ചോദ്യങ്ങള്‍ ട്രാവല്‍ ഹിസ്റ്ററി ഇല്ലെങ്കില്‍ കോവിഡ് അല്ല എന്ന് പറഞ്ഞു. എന്തായാലും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെ ഫിവര്‍ ക്ലിനിക്കില്‍ പോകാന്‍ പറഞ്ഞു.
ഞാന്‍ നേരെ തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലിലെ കോവിഡ് ഒപിയില്‍ പോയി. പേരു കൊടുത്ത് കാത്തിരുന്നു. ഒരു ടാര്‍പോളിന്‍ വലിച്ചുകെട്ടിയിട്ടുള്ളതിനു താഴെ ഏതാണ്ട് മുപ്പത് മുപ്പത്തഞ്ചോളം ആളുകള്‍ കാത്തിരിക്കുന്നു. ഒരാളുടെ വിവരം ശേഖരിക്കാന്‍ തന്നെ അരമുക്കാല്‍ മണിക്കൂര്‍ എടുക്കുന്നു. എല്ലാവരും മാസ്‌ക് ഒക്കെ വെച്ചിട്ടുണ്ടെങ്കിലും പലരും തുപ്പാന്‍ മുട്ടുമ്പോള്‍ മാസ്‌ക് താഴ്ത്തി വിശാലമായി തുപ്പുന്നു, തുമ്മുന്നു. വൈകിട്ട് 7 മണിക്ക് പോയ ഞാന്‍ 10 മണിവരെ കാത്തിരുന്നു. പലരുടെയും പേരു വിളിക്കുമ്പോള്‍ അവര്‍ ഇല്ല. കാത്തിരുന്നു മടുത്തിട്ട് തിരികെ പോയതാണ്.
പത്തേകാല്‍ ആയപ്പോള്‍ ഞാന്‍ എന്റെ ഊഴം എപ്പൊഴായിരിക്കും എന്ന് ചോദിച്ചു. കടലാസു കെട്ടിന്റെ ഒരു കുന്ന് തുരന്ന് എന്റെ പേരു കണ്ടുപിടിച്ചിട്ട് ഒരു ഡോക്ടര്‍ നിസഹായതയോടെ പറഞ്ഞു. '7 മണീക്ക് വന്നിട്ടാണോ ചേട്ടാ?'' അപ്പോള്‍ അടുത്തിരിക്കുന്ന ഒരാള്‍ പറഞ്ഞു ''ഞാന്‍ രണ്ടു മണിക്ക് വന്നതാണ്''. പിന്നെ അവിടെ നിന്നിട്ട് കാര്യമുണ്ടെന്ന് തോന്നിയില്ല. ഒരു പക്ഷേ സാധാരണ വൈറല്‍ ഫിവര്‍ വല്ലതും ആണെങ്കില്‍ തന്നെ എട്ടും പത്തും മണിക്കൂര്‍ ഇത്രയധികം പനിയുള്ള ആളുകള്‍ക്കിടയില്‍ ഇരുന്നാല്‍ അസുഖം വന്നോളും. സ്റ്റാഫുകളുടെ കുറവും അവര്‍ക്ക് ഇത്രയധികം ആളുകളെ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടും ഒക്കെ മനസിലാക്കാവുന്നതേ ഉള്ളു. പക്ഷേ എന്തുകൊണ്ട് ഒരു ഓണ്‍ലൈന്‍ രെജിസ്‌ട്രെഷന്‍ സിസ്റ്റത്തിലൂടെയോ മറ്റോ ടൈം സ്ലോട്ട് കൊടുത്ത് രോഗികളുടെ കാത്തിരുപ്പ് സമയം ഒഴിവാക്കിക്കൂടാ. എനിക്ക് മനസിലാവുന്നില്ല. കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതേക്കുറിച്ച് പൊതുവേ നല്ല മതിപ്പാണ്. പക്ഷേ റിയാലിറ്റി അങ്ങനെ അല്ലെന്ന് എനിക്കിന്നലെ മനസിലായി. ഇതാണ് അവസ്ഥ എങ്കില്‍ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു എന്ന് പേടിക്കണം.
ഇന്ന് ചെറുതായി പനി കുറവുണ്ട്. പക്ഷേ തൊണ്ടവേദനയുണ്ട്. പ്രൈവറ്റ് ടെസ്റ്റിംഗ് സെന്ററുകള്‍ ഏതൊക്കെ എന്നന്വേഷിച്ചു. ഡിഡിആര്‍സിയില്‍ വിളിച്ചു. ഇന്ന് ഞായറാഴ്ച ആയതിനാല്‍ അവര്‍ മുടക്കമാണ്. നാളെ ചെല്ലാന്‍ പറഞ്ഞു.