Coronavirus

കൊവിഡ് ഭേദപ്പെട്ട യുവാവ് പറയുന്നു; 'പുറമേ നിന്ന് കാണുന്നതല്ല ഐസലേഷന്‍ വാര്‍ഡ്'; രോഗികളെ വിചാരണ ചെയ്യരുത്

കൊവിഡ് ബാധിതരെ സമൂഹവും മാധ്യമങ്ങളും വിചാരണ ചെയ്യരുതെന്ന് രോഗം മാറി ആശുപത്രി വിട്ട തൃശൂര്‍ സ്വദേശിയായ യുവാവ്. തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ചൊവ്വാഴ്ചയാണ് വീട്ടിലെത്തിയത്. ഇറ്റലിക്കാരായ പത്തനംതിട്ട സ്വദേശികള്‍ക്കൊപ്പം യാത്ര ചെയ്തപ്പോളാണ് യുവാവിന് വൈറസ് ബാധയേറ്റത്.

യുവാവ് പറയുന്നു

രോഗ ബാധിതരായ ഇറ്റലി സ്വദേശികള്‍ സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരനായിരുന്നു. ഖത്തറില്‍ നിന്നായിരുന്നു പത്തനംതിട്ട സ്വദേശികള്‍ക്കൊപ്പം വിമാനത്തില്‍ കയറിയത്. ആ സമയത്ത ഖത്തറിലോ കേരളത്തിലോ കൊറോണ വൈറസ് രോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. സാധാരണ യാത്ര ചെയ്യുന്നത് പോലെ വന്നു. ഫെബ്രുവരി 29 തിയ്യതിയിലെ ഖത്തര്‍ എയര്‍വെയ്‌സിലാണ് എത്തിയത്. വാപ്പയും സഹോദരിയും കുട്ടിയുമാണ് വിമാനത്താവളത്തിലെത്തി വീട്ടിലേക്ക് കൊണ്ടുപോയത്. കൊറോണയെക്കുറിച്ച് അറിയാത്തതിനാല്‍ പ്രത്യേക ശ്രദ്ധയൊന്നും ഉണ്ടായില്ല.

തൊണ്ട വേദനയുണ്ടായപ്പോള്‍ മാര്‍ച്ച് ആറിന് ഡോക്ടറെ കാണിച്ചു. ജ്യൂസ് കുടിച്ചത് കാരണമാണെന്നാണ് കരുതിയത്. ഡോക്ടര്‍ മരുന്ന് തന്നു. എട്ടാം തിയ്യതി ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോളാണ് ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ച കാര്യം അറിയുന്നത്. കൂടെയുണ്ടായിരുന്ന ബന്ധുക്കളോട് വിവരം പറഞ്ഞു. ചേറ്റുവ ഭാഗത്തായിരുന്നു ഉണ്ടായിരുന്നത്. അവിടെ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പോയി. ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആരോഗ്യവകുപ്പിലേക്ക് വിളിച്ചു. ജില്ലാ ആശുപത്രിയിലേക്ക് എത്താന്‍ അവര്‍ ആവശ്യപ്പെട്ടു. പെങ്ങളും ഭര്‍ത്താവും കുട്ടിയും കൂടെയുണ്ടായിരുന്നു. ജില്ലാ ഹോസ്പിറ്റലില്‍ നിന്നും ഡോക്ടര്‍ ചോദിച്ചപ്പോള്‍ തൊണ്ട വേദനയുണ്ടായിരുന്നുവെന്നും ചികിത്സ തേടിയ കാര്യവും അറിയിച്ചു. ചെറിയ ക്ഷീണമുണ്ടായിരുന്നു. തൊണ്ട വേദന മാറിയിരുന്നു. ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ത പരിശോധനയില്‍ രോഗം വൈറസ് ബാധ സ്ഥിരീകരിച്ചു. അത് കേട്ടപ്പോള്‍ വിഷമം തോന്നി.

ഐസലേഷന്‍ വാര്‍ഡിലെ അനുഭവം

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം വീണ്ടും തൊണ്ടവേദന വന്നു. വയറുവേദനയും വയറിളക്കവുമുണ്ടായി. ഒരാഴചയോളം അതുണ്ടായിരുന്നു.

പുറമേ നിന്ന് സങ്കല്‍പിക്കുന്നത് പോലെയല്ല ഐസലേഷന്‍ വാര്‍ഡിലെ ചികിത്സ. ആശുപത്രിയില്‍ രോഗിയായി കിടക്കുകയാണെന്ന തോന്നല്‍ ഉണ്ടായില്ല. ഡോക്ടര്‍മാരും നേഴ്‌സുമാരും വളരെ സ്‌നേഹത്തോടെയും കരുതലോടെയുമാണ് പെരുമാറിയത്. യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. ഒറ്റപ്പെടല്‍ തോന്നില്ല. മാര്‍ച്ച് 24ന് രോഗം മാറി ആശുപത്രി വിട്ടു.

രോഗികളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്

തന്നെ കുറിച്ച് പുറംലോകം ചര്‍ച്ച ചെയ്തത് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണെന്നാണ് യുവാവ് പറയുന്നു. രോഗം മറച്ചുവെച്ചുവെന്നാണ് പ്രചരിപ്പിച്ചത്. ഞാനല്ല മറ്റാരാണെങ്കിലും ഒരു രോഗിയോട് അങ്ങനെ ചെയ്യരുത്. അറിയാത്ത കാര്യങ്ങള്‍ ഷെയര്‍ ചെയ്യരുത്. എനിക്ക് പോലും അറിയാത്ത കാര്യങ്ങളാണ് എന്നെക്കുറിച്ച് പ്രചരിപ്പിച്ചത്. ഒരു രോഗം പിടിപെട്ട് വിഷമത്തിലിരിക്കുന്ന രോഗിക്ക് ഇത്തരം കാര്യങ്ങള്‍ സഹിക്കാവുന്നതിന് അപ്പുറമാണ്.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT