കൊവിഡ് 19 ബാധിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാിരുന്ന 93 കാരന്‍ തോമസും 88 കാരി മറിയാമ്മയും രോഗവിമുക്തരായി ആശുപത്രി വിട്ടു. കൊറോണ വിമുക്തി നേടിയ രാജ്യത്തെ ഏറ്റവും പ്രായം കൂടിയയാളാണ് തോമസ്. ഇതുവരെ ലഭ്യമായ വിവരങ്ങളനുസരിച്ച് രോഗം മാറിയ രാജ്യത്തെ പ്രായമേറിയ ദമ്പതികള്‍ ഇവരാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. പത്തനംതിട്ട റാന്നി സ്വദേശികളായ ഇവര്‍ വെള്ളിയാഴ്ച വൈകീട്ട് 3 മണിയോടെയാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബാംഗങ്ങളില്‍ നിന്നാണ് ഇവര്‍ക്ക് രോഗബാധയുണ്ടായത്.
നേരത്തേ ഭേദമായിരുന്നെങ്കിലും തുടര്‍ പരിശോധനകള്‍ക്കായി രണ്ട് ദിവസം കൂടി ആശുപത്രിയില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. കൊവിഡ് ബാധിച്ചെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ അപകടാവസ്ഥയിലേക്ക് പോകാതെ നിയന്ത്രിക്കാനായത് ഇവര്‍ക്ക് തുണയായി. രോഗം പൂര്‍ണമായും മാറിയെന്ന അന്തിമ പരിശോധനാഫലത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തത്. ഇവരെയടക്കം ചികിത്സിക്കുന്നതിനിടെ വൈറസ് പിടിപെട്ട ആരോഗ്യ പ്രവര്‍ത്തകയും ആശുപത്രി വിട്ടു. ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന വൃദ്ധദമ്പതികളെയാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്.
ഇതിന് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലെ എല്ലാ ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദനം അറിയിച്ചു.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, സൂപ്രണ്ട് ടി.കെ. ജയകുമാര്‍, ഡെ. സൂപ്രണ്ട് ഡോ. രാജേഷ്, ആര്‍.എം.ഒ. ഡോ. ആര്‍.പി. രഞ്ജിന്‍, എ.ആര്‍.എം.ഒ. ഡോ. ലിജോ, നഴ്സിംഗ് ഓഫീസര്‍ ഇന്ദിര എന്നിവരുടെ ഏകോപനത്തില്‍ ഡോ. സജിത്കുമാര്‍, ഡോ. ഹരികൃഷ്ണന്‍, ഡോ. അനുരാജ് തുടങ്ങിയ ഏഴംഗ ഡോക്ടര്‍മരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. 25 നഴ്സുമാരുള്‍പ്പെടെ 40 അംഗ മറ്റ് ജീവനക്കാരും ചികിത്സയില്‍ സജീവ പങ്കാളികളായി.