24 മണിക്കൂറിനിടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത് 11 പേര്‍. 227 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.ആകെ മരണസംഖ്യ 32 ആയി. കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 1251 ആയും ഉയര്‍ന്നു. 102 പേര്‍ രോഗവിമുക്തരായി ആശുപത്രി വിട്ടു. തിങ്കളാഴ്ച മരിച്ചവരില്‍ ആറുപേര്‍ നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഡല്‍ഹിയിലാണ്. ഇവിടെ കൊവിഡ് 19 പോസിറ്റീവ് പരിശോധനാഫലം വന്നവരുടെ എണ്ണം 97 ആയി.
രാജ്യതലസ്ഥാനത്ത് ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് രണ്ട് പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്ത്യയില്‍ ഇതുവരെ കൊവിഡ് 19 സാമൂഹ്യ വ്യാപന ഘട്ടത്തിലേക്ക് എത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100 ല്‍ നിന്ന് 1000 ത്തിലേക്കെത്താന്‍ 12 ദിവസമെടുത്തിട്ടുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വ്യാപന നിരക്ക് കുറവാണ്. അതേസമയം ലോക്ക് ഡൗണ്‍ നീട്ടുമെന്നും ഏപ്രില്‍ 14 ന് ശേഷം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നുമുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.