സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 5 പേരുടെ പരിശോധനാഫലം നെഗറ്റീവായി. പാലക്കാട് 7, മലപ്പുറം 4, കണ്ണൂര്‍ 3, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ 2 വീതം, കാസര്‍കോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ 1 വീതം എന്നിങ്ങനെയാണ് പരിശോധനാഫലം പോസിറ്റീവായത്. തൃശൂര്‍ 2, കണ്ണൂര്‍, വയനാട്, കാസര്‍കോട് 1 വീതം എന്നിങ്ങനെയാണ് ജില്ലതിരിച്ച് രോഗമുക്തി നേടിയവരുടെ എണ്ണം. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മഹാരാഷ്ട്രയില്‍ നിന്ന് 8 പേര്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ 3 പേര്‍, കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതുവരെ സംസ്ഥാനത്ത് 666 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 161 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 74,298 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 73,765 പേര്‍ ആശുപത്രികളിലും, 533 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 156 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ഇല്ല.
സംസ്ഥാനം കൂടുതല്‍ ഗുരുതരമായ സ്ഥിതിയിലേക്ക് പോവുകയാണ്, ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ വരുത്തി, പക്ഷെ തുടര്‍ന്നുള്ള നാളുകളില്‍ ചില പ്രത്യേക മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.