Coronavirus

കണ്ടെയ്ന്‍മെന്റ് സോണിലെ അമ്മ യോഗത്തില്‍ എംഎല്‍എമാരായ ഗണേഷും മുകേഷും ; ഹോട്ടലുകാര്‍ തടസമില്ലെന്ന് പറഞ്ഞെന്ന് ഇടവേള ബാബു

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൊച്ചിയില്‍ ചേര്‍ന്ന അമ്മ യോഗത്തില്‍ എംഎല്‍എമാരായ ഗണേഷ്‌കുമാറും മുകേഷും. കണ്ടെയ്ന്‍മെന്റ് സോണായ ചക്കരപ്പറമ്പിലെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ വെച്ചായിരുന്നു യോഗം. നിയമലംഘനം വാര്‍ത്തയായതോടെ പൊലീസ് എത്തി യോഗം നിര്‍ത്തിവെപ്പിക്കുകയും ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരെ ക്വാറന്റൈന്‍ ചെയ്ത ഹോട്ടലിലാണ് താരസംഘടനയായ അമ്മയുടെ യോഗം നടന്നത്. പെയ്ഡ് ക്വാറന്റൈന്‍ സെന്ററാണ് ഹോളിഡേ ഇന്‍. നിയമം ലംഘിച്ച് ചേര്‍ന്ന യോഗത്തില്‍ ഭരണപക്ഷത്തെ എംഎല്‍എമാരായ മുകേഷ് ഗണേഷ് എന്നിവരുടെ സാന്നിധ്യവും വിവാദമായി. യോഗം നടക്കുന്ന ഹോട്ടലിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കണ്ടെയ്ന്‍മെന്റ് സോണിലാണ് ഹോട്ടലെന്ന് ഇന്നലെ രാത്രിയോടെ മനസ്സിലാക്കിയിരുന്നുവെന്നും എന്നാല്‍ യോഗം ചേരാന്‍ തടസമില്ലെന്നാണ് ഹോട്ടലുകാര്‍ അറിയിച്ചതെന്നുമാണ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ വിശദീകരണം.

അതേസമയം ദേശീയ പാതയോട് ചേര്‍ന്നുള്ള ഹോട്ടലായതിനാലാണ് തുറന്നുപ്രവര്‍ത്തിക്കുന്നതെന്നാണ് കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കോര്‍പ്പറേഷന്‍ പരിധിയിലെ 46ാം ഡിവിഷനായ ചക്കരപ്പറമ്പിലാണ് ഹോട്ടല്‍. ഇന്നലെ രാത്രി മുതലാണ് ഡിവിഷന്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയത്. ഇവിടെ ഹോട്ടലിനോട് ചേര്‍ന്നുള്ള ഇടവഴികള്‍ പോലും വടം കെട്ടി അടച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഹോട്ടലില്‍ യോഗം സംഘടിപ്പിക്കപ്പെട്ടത്. ഹോട്ടല്‍ പെയ്ഡ് ക്വാറന്റൈന്‍ സെന്റര്‍ അയിരിക്കുകയും മേഖല കണ്ടെയ്ന്‍മെന്റ് സോണിലുമാണെന്നിരിക്കെ യോഗം ചേര്‍ന്നത് ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും സിദ്ദിഖ് ആസിഫ് അലി തുടങ്ങിയ അഭിനേതാക്കള്‍ ഹോട്ടലിലെത്തിയിരുന്നു. അതേസമയെ കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ യോഗത്തില്‍ ധാരണയായിട്ടുണ്ട്. 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന് അമ്മ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിക്കും. അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാർജ പുസ്തകോത്സവം: വിവിധ വിഭാഗങ്ങളില്‍ പുരസ്കാരം നല്‍കി ബുക്ക് അതോറിറ്റി, ഡി സി ബുക്‌സിന് മികച്ച അന്തർദേശിയ പ്രസാധക പുരസ്‌കാരം

'ആലപ്പുഴ ജിംഖാനയിൽ ഞങ്ങളുടെ ടീം കുറച്ച് അണ്ടർഡോഗ് പിള്ളേരാണ്, അവർ ഉയർന്നു വരുന്നത് എല്ലാവർക്കും ഇഷ്ടമല്ലേ?'; നസ്ലെൻ

'ജോലിയുടെ ഭാഗമായാണ് ഞാൻ സിക്സ് പാക്ക് ബിൽഡ് ചെയ്യുന്നത്, ആരോഗ്യം മറന്ന് ആരും അങ്ങനെ ചെയ്യരുത്': സൂര്യ

ജെറ്റ് എയര്‍വേയ്‌സ് ഇനിയില്ല, അന്ത്യം കുറിച്ച് സുപ്രീം കോടതി വിധി; എന്താണ് ജെറ്റ് എയര്‍വേയ്‌സിന് സംഭവിച്ചത്?

'മലയാള സിനിമ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥയും അനുഭവവുമായിരിക്കും ഈ സിനിമ'; മമ്മൂട്ടി- മോഹൻലാൽ ചിത്രത്തെക്കുറിച്ച് കുഞ്ചാക്കോ ബോബൻ

SCROLL FOR NEXT