കൊവിഡ് പരിശോധനയ്ക്കായി സംസ്ഥാനത്ത് ആറ് വൈറോളജി ലാബുകള്‍ കൂടി തുറക്കുന്നു. നിലവില്‍ നാല് വൈറോളജി ലാബുകളാണുള്ളത്. ഇതോടെ കൊവിഡ് പരിശോധനയ്ക്കായി ഏറ്റവും കൂടുതല്‍ ലാബുകളുള്ള സംസ്ഥാനമായി കേരളം മാറും. തമിഴ്‌നാട്ടിലും 10 ലാബുകളുണ്ട്.
ആലപ്പുഴ വൈറോളജി ലാബിന് പുറമേ കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലുമാണ് കൊവിഡ് പരിശോധനാ സംവിധാനമുള്ളത്. സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാമെന്നതിനാലാണ് ആറ് ലാബുകള്‍ കൂടി സജ്ജമാക്കുന്നത്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ശ്രീചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി എന്നിവിടങ്ങളില്‍ കൊവിഡ് പരിശോധനയ്ക്കുള്ള സംവിധാനം കഴിഞ്ഞ ദിവസം ഒരുക്കിയിരുന്നു. ഇതിന് പുറമേ നാല് ലാബുകള്‍ക്ക് കൂടി ഐസിഎംആര്‍ അനുമതി നല്‍കിയിരിക്കുന്നത്. തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്റര്‍, കോട്ടയത്തെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോ മെഡിക്കല്‍ റിസര്‍ച്ച്, തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്റര്‍, സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി എന്നിവിടങ്ങളിലും ഇനി കൊവിഡ് വൈറസ് പരിശോധിക്കാം.