ഷൊര്‍ണൂര്‍ എം എല്‍ എ പി കെ ശശിക്കെതിരെ പാലക്കാട് ജില്ലയില്‍ നിന്നും പരാതി. ലോകസഭ തിരഞ്ഞെടുപ്പില്‍ എം ബി രാജേഷിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അയച്ചിട്ടുണ്ട്. പി കെ ശശിയുടെ പ്രവര്‍ത്തന മേഖലയായ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ഘടകങ്ങളാണ് പരാതി നല്‍കിയിരിക്കുന്നത്. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് പാര്‍ട്ടിയിലേക്ക് തിരിച്ചു വരാനൊരുങ്ങുന്ന ഘട്ടത്തില്‍ പരാതി ഉയര്‍ന്നത് പി കെ ശശിക്ക് തിരിച്ചടിയാകുമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം കരുതുന്നു.
പാലക്കാട് മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് വലിയ തിരിച്ചടി ലഭിച്ചത് മണ്ണാര്‍ക്കാട് നിന്നാണ്. ഈ മേഖലയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം സജീവമായിരുന്നില്ലെന്നാണ് പരാതികളില്‍ ചൂണ്ടിക്കാണിക്കുന്നത്. പി കെ ശശി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകളിലെ ജീവനക്കാരോട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുമാസത്തെ അവധിയെടുക്കാന്‍ സിപിഎം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള സഹകരബാങ്ക് ജീവനക്കാരെ പി കെ ശശി ഇടപെട്ട് പിന്തിരിപ്പിച്ചെന്നാണ് മറ്റൊരു ആരോപണം. ഇവര്‍ രേഖാമൂലം പരാതി നല്‍കിയില്ലെങ്കിലും നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പി കെ ശശിക്കെതിരായ അച്ചടക്ക നടപടിയുടെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഡിവൈഎഫ്‌ഐ നേതാവിന്റെ പീഡന പരാതിയെത്തുടര്‍ന്നായിരുന്നു ശശിക്കെതിരെ നടപടിയെടുത്തത്. ആറുമാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ശശിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കാലാവധി പൂര്‍ത്തിയായതിനാല്‍ ഏത് ഘടകത്തിലാണ് പി കെ ശശി പ്രവര്‍ത്തിക്കേണ്ടതെന്ന് സംസ്ഥാന സമിതിയാണ് തീരുമാനിക്കുക. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്നു പി കെ ശശി. കേന്ദ്ര നേതൃത്വം ഇടപെട്ടാണ് ശശിക്കെതിരെ നടപടി സ്വീകരിച്ചത്.
പാലക്കാട് സീറ്റില്‍ പരാജയപ്പെട്ടതില്‍ പാര്‍ട്ടികകത്തെ ഗ്രൂപ്പ് വഴക്കുകളും കാരണമായിട്ടുണ്ടെന്ന ആരോപണം ഫലം വന്നയുടനെ ഉയര്‍ന്നിരുന്നു. ഡി വൈഎഫ് ഐ വനിതാ നേതാവിന്റെ പരാതിക്ക് പിന്നില്‍ എം ബി രാജേഷാണെന്നായിരുന്നു പി കെ ശശി പാര്‍ട്ടിക്കുള്ളില്‍ ആരോപിച്ചത്. ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനും ഒരുവിഭാഗവും പി കെ ശശിക്കൊപ്പവും നിന്നു. മണ്ണാര്‍ക്കാട് ഏരിയാകമ്മിറ്റിക്ക് കീഴിലെ വോട്ട് ചോര്‍ച്ച ഈ പശ്ചാത്തലത്തിലാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായത്. മണ്ണാര്‍ക്കാട്, കോങ്ങാട്, ഒറ്റപ്പാലം നിയമസഭ മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളാണ് ഈ ഏരിയാകമ്മിറ്റിക്ക് കീഴിലുള്ളത്. ഒറ്റപ്പാലം മണ്ഡലത്തിലെ തച്ചനാട്ടുകര , കോങ്ങാട് മണ്ഡലത്തിലെ കാരക്കുറിശ്ശി, തച്ചപ്പാറ, കാഞ്ഞിരപ്പുഴ എന്നീ പഞ്ചായത്തുകള്‍ക്ക് പുറമേ മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയും ആ മണ്ഡലത്തിലെ നാല് പഞ്ചായത്തുകളും ഈ ഏരിയാ കമ്മിറ്റിക്ക് കീഴിലാണ്. എട്ട് പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 43000 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍ നേടിയത്. ഇത്ര ഉയര്‍ന്ന ഭൂരിപക്ഷം ലഭിച്ചതിന് പിന്നില്‍ ആസൂത്രിതമായ നീക്കം നടന്നിട്ടുണ്ടെന്ന് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം ആരോപിരുന്നു.