സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് രാജിവെച്ച മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് വിജയ കെ താഹില്‍രമണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കൊളീജിയം റിപ്പോര്‍ട്ട്. കര്‍ത്തവ്യ നിര്‍വഹണത്തിലെ വീഴ്ചകളും ക്രമവിരുദ്ധ നടപടികളുമാണ് താഹില്‍രമണിയെ മേഘാലയിലേക്ക് സ്ഥലം മാറ്റാന്‍ കാരണമായതെന്നാണ് കൊളീജിയത്തിന്റെ വാദം. സ്ഥലംമാറ്റം തന്നെ തരംതാഴ്ത്താനാണെന്ന് കാണിച്ചാണ് താഹില്‍രമണി രാജിവെച്ചത്. രാജി രാഷ്ട്രപതി സ്വീകരിച്ചതിന് പിന്നാലെ വിനീത് കോത്താരിയെ മദ്രാസ് ഹൈക്കോടതിചീഫ് ജസ്റ്റിസ് ആയി നിയമിച്ചിട്ടുണ്ട്.
കുറഞ്ഞ മണിക്കൂറുകള്‍ മാത്രമായിരുന്നു താഹില്‍രമണി കോടതിയില്‍ ചെലവഴിച്ചിരുന്നതെന്നാണ് കൊളീജിയം റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം. ഉച്ചയ്ക്ക് ശേഷം അവര്‍ കേസുകള്‍ പരിഗണിച്ചിരുന്നില്ല. ഈ കീഴ്‌വഴക്കം മറ്റ് ജഡ്ജിമാരെയും സ്വാധീനിച്ചു. രാജ്യത്ത് ഏറ്റവും തിരക്കേറിയ ഹൈക്കോടതികളിലൊന്നിലെ ചീഫ് ജസ്റ്റിസ് ഇങ്ങനെ പെരുമാറുന്നത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
വിഗ്രഹ മോഷണ കേസുകള്‍ പരിഗണിച്ചിരുന്ന ബെഞ്ചിനെ മുന്നറിയിപ്പോ വിശദീകരണമോ ഇല്ലാതെ ജൂണ്‍ 4 ന് പിരിച്ചുവിട്ടെന്നതാണ് മറ്റൊരു ആരോപണം. ഇന്ദിര ബാനര്‍ജി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ രൂപീകരിച്ച രണ്ടംഗ ഡിവിഷന്‍ ബെഞ്ചിനെയാണ് പിരിച്ചുവിട്ടത്. ഭരണകക്ഷിയിലെ ഒരു ഉന്നത നേതാവുമായി താഹില്‍രമണിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു. ചെന്നൈയില്‍ ഇക്കഴിഞ്ഞയിടെ രണ്ട് അപാര്‍ട്ട്‌മെന്റുകള്‍ വാങ്ങിച്ചതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മദ്രാസ് ഹൈക്കോടതില്‍ ആകെയുള്ള 58 ജഡ്ജിമാരില്‍ 15 പേര്‍ മാത്രമാണ് സ്വത്ത് വിവരങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചത്. എന്നാല്‍ ഇതില്‍ താഹില്‍രമണിയില്ലെന്നും ആരോപിക്കുന്നുണ്ട്.
സുതാര്യമല്ലാത്ത നടപടികളിലൂടെ താഹില്‍രമണിയെ സ്ഥലം മാറ്റിയതിനാലാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചതെന്ന് അഡ്വ. ആര്‍ പ്രഭാകരന്‍ വ്യക്തമാക്കി. കാരണങ്ങള്‍ വ്യക്തമാക്കാതെയാണ് താഹില്‍രമണിയെ മാറ്റിയത്. ചീഫ് ജസ്റ്റിസിനെ സ്ഥലംമാറ്റേണ്ടത് രാഷ്ട്രപതിയാണ്. എന്നാല്‍ കൊളീജിയത്തില്‍ നിന്നാണ് നടപടിയുണ്ടായത്. പദവി മാറ്റത്തിന് മുന്‍പ് താഹില്‍രമണിയെ വിവരം അറിയിക്കുകയും അതിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യേണ്ടിയിയിരുന്നു ഇതൊന്നുമില്ലാതെ നടപടിയെടുത്തത് അനധികൃതമാണെന്നാണ് തന്റെ വാദമെന്നും പ്രഭാകരന്‍ വ്യക്തമാക്കി. അതേസമയം ഈ ഹര്‍ജിയില്‍ വിധി പറയും മുന്‍പ് താഹില്‍ രമണിയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചിരുന്നു. ഇതോടെ ഹര്‍ജിയുടെ പ്രസക്തി നഷ്ടമാവുകയും ചെയ്തു.
2020 ഒക്ടോബര്‍ 3 വരെ സര്‍വീസുണ്ടെന്നിരിക്കെയായിരുന്നു താഹില്‍രമണിയുടെ പദവി ഒഴിയല്‍. 2018 ഓഗസ്റ്റ് എട്ടിനാണ് വിജയ മദ്രാസ് ഹൈക്കോടതിയില്‍ നിയമിക്കപ്പെട്ടത്. എന്നാല്‍ 2019 ഓഗസ്റ്റ് 28 ന് സ്ഥലംമാറ്റ ഉത്തരവ് നല്‍കുകയായിരുന്നു. ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെ ഗുജറാത്ത് കലാപകാലത്തെ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗകേസിലെ 11 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത് ജസ്റ്റിസ് വിജയ ആയിരുന്നു.