സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്കുള്ള കള്ളപ്പണ നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തോടായിരുന്നു ധനമന്ത്രാലയത്തിന്റെ മറുപടി. രഹസ്യസ്വഭാവം സൂക്ഷിക്കേണ്ടതിനാല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നാണ് വിശദീകരണം. ഓരോ കേസിലും അന്വേഷണം പുരോഗമിക്കുന്നതിന്റെ മുറയ്ക്ക് ഇന്ത്യയും സ്വിറ്റ്‌സര്‍ലണ്ടും വിശദാംശങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്. ഇത് തുടര്‍ പ്രക്രിയയാണ്. അതീവ രഹസ്യരീതിയിലാണ് വിവരശേഖരണവും അതിന്റെ ക്രമപ്പെടുത്തലും പുരോഗമിക്കുന്നത്. അത് വെളിപ്പെടുത്താനാകില്ലെന്നും മന്ത്രാലയം പറയുന്നു. നേരത്തെയും ഇതുസംബന്ധിച്ച വിവരാവകാശ ചോദ്യങ്ങള്‍ക്ക് മന്ത്രാലയം വ്യക്തമായ മറുപടി നല്‍കിയിരിന്നില്ല. ഒരു മാധ്യമപ്രവര്‍ത്തകനാണ് ധനമന്ത്രാലയത്തോട് ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ തേടിയത്.
നികുതി വിഷയങ്ങളില്‍ പൊതു ഭരണസഹകരണത്തിനും വിവര കൈമാറ്റത്തിനും ഇന്ത്യയും സ്വിറ്റ്‌സര്‍ലണ്ടും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. 2016 നവംബര്‍ 22 നാണ് കരാര്‍ പ്രാബല്യത്തിലായത്. 2019 മുതലാണ് വിവിധ കേസുകളില്‍ നിയമപരമായ നടപടികള്‍ ആരംഭിച്ചത്. ഇന്ത്യക്കാരുടെ കളളപ്പണ നിക്ഷേപത്തിന്റെ വിവരങ്ങള്‍ ഇതുപ്രകാരം സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്ന് ലഭിക്കുന്നുണ്ട്. രാജ്യത്തിനകത്തും പുറത്തും ഒഴുകുന്ന കള്ളപ്പണത്തിന്റെ കൃത്യമായ കണക്ക് ലഭ്യമല്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കള്ളപ്പണത്തിന്റെ കണക്കും മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫ്രാന്‍സില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്കുള്ള അനധികൃത നിക്ഷേപങ്ങള്‍ സംബന്ധിച്ച 427 കേസുകളില്‍ കണക്കെടുപ്പ് പൂര്‍ത്തിയായെന്നാണ് മന്ത്രാലയത്തിന്റെ മറുപടി. 8465 കോടി രൂപയുടെ അനധികൃത സമ്പാദ്യമാണ് ആകെ കണ്ടെത്തിയത്. 427 ല്‍ 162 കേസുകളില്‍ 1291 കോടി നികുതി ഈടാക്കിയിട്ടുണ്ടെന്നും മന്ത്രാലയം പറയുന്നു.