www.chetanbhagat.com
News n Views

ചേതന്‍ ഭഗത് അഭിമുഖം: നരേന്ദ്രമോദി തുടരുമെന്നാണ് വിശ്വാസം 

മോദി കാരണം നമുക്കിപ്പോള്‍ പുതിയ നോട്ടുകളുണ്ട്

വിജയ് ജോര്‍ജ്‌

താങ്കള്‍ ഐഐടിയില്‍ നിന്നും ഐഐഎമ്മില്‍ നിന്നും വിദ്യാഭ്യാസം നേടി. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് ചെയ്തു, തുടര്‍ന്ന് എഴുത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. തിരിഞ്ഞുനോക്കുമ്പോള്‍ ആ യാത്രയെ എങ്ങനെ വിലയിരുത്തുന്നു ?

അത് അസാധാരണമായൊരു യാത്രയായിരുന്നു. പക്ഷേ ഒരു മധ്യവര്‍ഗ ഇന്ത്യക്കാരന്റെ കാഴ്ചപ്പാടില്‍ അതൊരു സാധാരണ യാത്രയാണ്. നിങ്ങളൊരു മധ്യവര്‍ഗ കുടുംബത്തില്‍ വളരുന്നു, സുരക്ഷിത ഭാവിക്കുവേണ്ടി ബിരുദങ്ങള്‍ നേടുന്നു. നമ്മളതിനെ വെല്‍ സെറ്റില്‍ഡ് എന്നാണല്ലോ വിളിക്കാറ്. ഇന്ത്യയില്‍ മാത്രമേ നിങ്ങള്‍ക്ക് അങ്ങനെയൊരു പ്രയോഗം കേള്‍ക്കാനാകൂ. അതാണ് ഞാനും ചെയ്യാന്‍ ശ്രമിച്ചത്. പക്ഷേ അതിലെനിക്ക്  സന്തോഷം കണ്ടെത്താനായില്ല. എന്നെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചു. അതൊരു കരിയര്‍ ആക്കി മാറ്റണം എന്ന ഉദ്ദേശത്തോടെയായിരുന്നില്ല. പക്ഷേ അത് നന്നായി വന്നു. ആളുകള്‍ക്ക് എന്റെ രചനകള്‍ ഇഷ്ടമായി. അതൊരു നല്ല കരിയര്‍ ആയി മാറിയതില്‍ ഞാന്‍ ഭാഗ്യവാനാണ്. വെല്‍സെറ്റില്‍ഡ് ആകാന്‍ വേണ്ടി തന്നെയായിരുന്നു ആ യാത്ര. പക്ഷേ വെല്‍ സെറ്റില്‍ഡ് എന്നതും സന്തോഷം എന്നതും പലപ്പോഴും ബന്ധപ്പെട്ടുകിടക്കുന്നതല്ല.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ താങ്കള്‍ എല്ലാവരെയും ചിരിപ്പിക്കുന്നതില്‍ മിടുക്കനായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അതുപോലെ തന്നെ കണക്കിലും മിടുക്കനായിരുന്നു ?
തീര്‍ച്ചയായും, ഈ രണ്ടുകാര്യങ്ങളിലും മിടുക്കുണ്ടായിരുന്നു. ക്ലാസില്‍ ഞാനൊരു രസികന്‍ ആയിരുന്നു. കണക്ക് നന്നായി അറിയാമായിരുന്നു. എഴുത്തുകാരനെന്ന നിലയിലും ഞാന്‍ ആളുകളെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നു. അത്തരത്തില്‍ അവരെ രസിപ്പിക്കാനും നോക്കുന്നു. ചിലപ്പോഴത് കരയിക്കാനും വൈകാരികമായി സ്പര്‍ശിക്കാനും ഞാന്‍ പറയുന്ന കഥയോട് ആളുകള്‍ക്ക് ചേര്‍ന്നുനില്‍ക്കാന്‍ തോന്നാനും ഒക്കെയാണ്. അതൊരു അനുഗ്രഹമാണ്. അങങനെയൊക്കെയാണെങ്കിലും അതൊരു കരിയറായി മാറ്റാനാവില്ലല്ലോ. നിങ്ങള്‍ ഒരു രസികനായിട്ട് എന്തുചെയ്യാനാണ്. പക്ഷേ തണക്കില്‍ മികവുണ്ടെങ്കില്‍ ജോലിയെങ്കിലും കിട്ടും.

ചേതന്‍ ഭഗത് അഭിമുഖം ഇവിടെ കാണാം

താങ്കളുടെ പഴയ രചനകള്‍ യുവാക്കളെ പ്രണയത്തിലേക്കൊക്കെ നയിക്കുന്നവയാണ്. എന്നാല്‍ ഗേള്‍ ഇന്‍ റൂം 105 ത്രില്ലര്‍ സ്വഭാവത്തിലാണ്. എഴുത്തില്‍ മുതിര്‍ന്നു വരുന്ന രീതിയാണോ ആ മാറ്റം ?

അതെ ഞാന്‍ മുതിരുന്നതിന്റെ രീതിയാണ്. കുറഞ്ഞ പ്രണയവും കൂടുതല്‍ കൊലപാതകങ്ങളുമാണ് ഇപ്പോള്‍. എപ്പോഴും വായനക്കാരെ സര്‍പ്രൈസ് ചെയ്യാന്‍ ശ്രമിക്കാറുണ്ട്. എന്നില്‍ നിന്ന് പ്രതീക്ഷിക്കാത്തത് വായനക്കാരന് കൊടുക്കാനാണ് ശ്രമം. അതുകൊണ്ടാണ് അവരെ സംബന്ധിച്ച് എന്റെ രചനകള്‍ പ്രാധാന്യമുള്ളതാവുന്നതും അവരെ അതിശയിപ്പിക്കുന്നതും. ക്രൈം എന്ന് പറയുന്നത് ഏറ്റവും കൂടുല്‍ വില്‍ക്കപ്പെടുന്ന വിഭാഗമാണ്. ആളുകളെ പിടിച്ചുനിര്‍ത്താന്‍ പോന്നവയാണ്. മുന്‍കാലങ്ങളിലും എന്റെ പുസ്തകങ്ങള്‍ പിടിച്ചിരുത്തുന്നവയാണെന്ന് വായനക്കാര്‍ക്ക് അനുഭവമുണ്ട്. ഒരു കൊലപാതകം അവതരിപ്പിക്കുകയും കൊലയാളിയാരാണെന്ന് സസ്‌പെന്‍സ് നിലനിര്‍ത്തുകയും ചെയ്താല്‍ പുസ്തകം ആളുകളെ കൂടുതല്‍ ആകര്‍ഷിക്കും,

താങ്കളുടെ രചനകള്‍ സിനിമകളായിട്ടുണ്ട്. എഴുതിയത് സ്‌ക്രീനില്‍ കാണുമ്പോഴുള്ള അനുഭവം എങ്ങിനെയാണ് ?

പലതവണ അത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്. ആദ്യത്തേതിലാണ് നമുക്ക് അതിശയമുണ്ടാവുക. എന്റെ കഥ അഭിനേതാക്കള്‍ ചെയ്ത് കാണുമ്പോള്‍ ആശ്ചര്യകരമായി തോന്നാറുണ്ട്. എന്റെ നോവലുകള്‍ വായിക്കാത്ത പലര്‍ക്കും ത്രീ ഇഡിയറ്റ്‌സ്, ടൂ സ്റ്റേറ്റ്‌സ് തുടങ്ങിയ കഥകളറിയാം. അതവര്‍ സിനിമ കാണുന്നതുകൊണ്ടാണ്. എന്റെ നോവലുകള്‍ വായിക്കാത്ത ഒരുപാടുപേരുണ്ട്. പക്ഷേ അവര്‍ക്ക സിനിമകള്‍ കണ്ട് കഥകളറിയാം. അത്തരത്തില്‍ അത് അതിശയമാണ്.

താങ്കള്‍ സജീവമായി രാഷ്ട്രീയ നിരീക്ഷണങ്ങള്‍ പങ്കുവെയ്ക്കുന്നയാളാണ്. പംക്തികള്‍ കൈകാര്യം ചെയ്യാറുണ്ട് ?
അത്തരം ഇടപെടലുകള്‍ ഇപ്പോള്‍ കുറയ്ക്കാന്‍ ശ്രമിക്കുകയാണ്.
ഇപ്പോള്‍ തെരഞ്ഞടുപ്പ് സമയമാണ് ?

ഞാന്‍ എല്ലാം സജീവമായി നിരീക്ഷിക്കാറുണ്ട്. മോദി ഭരണം തുടരുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് പൂര്‍ണ്ണമായും എന്റെ പ്രവചനം മാത്രമാണ്. ഏതെങ്കിലും ശാസ്ത്രീയ കാരണങ്ങള്‍ മുന്‍നിര്‍ത്തി പറയുന്നതല്ല, പക്ഷേ നരേന്ദ്രമോദിയെന്ന വ്യക്തി തന്റെ പ്രഭാവം നിലനിര്‍ത്തുന്നുണ്ട്. അതേസമയം പ്രതിപക്ഷത്തിന് പ്ലാന്‍ ബി യുമായി ഉയര്‍ന്നുവരാന്‍ സാധിക്കുന്നുമില്ല.

കഴിഞ്ഞ 5 വര്‍ഷത്തിനിടെ രാജ്യം എങ്ങനെയെല്ലാം മാറിയെന്നാണ് താങ്കള്‍ കരുതുന്നത് ?

ഇന്ത്യ മാറിയിട്ടുണ്ട്. ചില കാര്യങ്ങളൊക്കെ ബിജെപിയും മോദിയും ഉള്ളതുകൊണ്ടാണ്. എന്നാല്‍ ചിലതൊക്കെ ലോകത്ത് സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ചുമാണ്. അഞ്ചുവര്‍ഷത്തെ ഏറ്റവും നാടകീയമായ മാറ്റം എന്നുപറയുന്നത് മൊബൈല്‍ ഇന്റര്‍നെറ്റ് ഡാറ്റയുടെ വ്യാപനമാണ്. അഞ്ചുവര്‍ഷത്തിനിടെ അനേകലക്ഷം ആളുകള്‍ക്ക് ഡാറ്റ ലഭ്യമായി. അത് പലതരത്തില്‍ ഗുണം ചെയ്തു. വിവിധസേവനങ്ങളില്‍, വിവരങ്ങള്‍ ലഭ്യമാകാന്‍, ഓണ്‍ലൈന്‍ ഷോപ്പിങ് നടത്താന്‍ . ഇവയൊക്കെ എളുപ്പമായി.

അതേസമയം നോട്ടുനിരോധനം പോലുള്ള നടപടികളുമുണ്ടായിരുന്നു ?

മോദി കാരണം നമുക്കിപ്പോള്‍ പുതിയ നോട്ടുകളുണ്ട്. പല നിറങ്ങളിലുള്ള നോട്ടുകള്‍. നോട്ടുനിരോധനം, ജിഎസ്ടി, ജന്‍ധന്‍ ബാങ്ക് അക്കൗണ്ട്, എല്‍പിജി കണക്ഷനുകള്‍,ആരോഗ്യ ഇന്‍ഷുറന്‍സ്, സ്വഛ് ഭാരത് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന പദ്ധതികളാണ്. അത്തരത്തില്‍ പല പുരോഗതികളും ഉണ്ടായിട്ടുണ്ട്.

കേരളത്തെ കുറിച്ച് പറയുമ്പോള്‍, കഴിഞ്ഞ വര്‍ഷം ഇവിടെ വെള്ളപ്പൊക്കമുണ്ടായിരുന്നു, അതിന് പിന്നാലെ ശബരിമല വിവാദമുണ്ടായി. ഇതൊക്കെ ശ്രദ്ധിച്ചിരുന്നോ ?

വിവാദം ഞാന്‍ ശ്രദ്ധിച്ചിരുന്നു. പക്ഷേ വെള്ളപ്പൊക്കത്തെയും ശബരിമലയെയും ബന്ധിപ്പിച്ച് പറയാനാകില്ല.

അങ്ങിനെയല്ല, രണ്ടും ബന്ധിപ്പിച്ചതല്ല, ഇവയായിരുന്നു പ്രധാന സംഭവങ്ങള്‍. ശബരിമല വിഷയത്തില്‍ താങ്കളുടെ നിലപാടെന്താണ്  ?

മതം എന്നുപറയുന്നത് അപകടകരമായൊരു ഗുഹയാണ്. ശബരിമലയെ വിടാം, പൊതുവില്‍ പറഞ്ഞാല്‍, എല്ലാ കാര്യങ്ങളും കോടതിക്ക് തീരുമാനിക്കാനാവില്ല, ചിലയിടത്ത് ചില ആചാരങ്ങളുണ്ട്. ഉദാഹരണത്തിന് വിവാഹത്തിന് വരന്‍ കുതിരപ്പുറത്തിരിക്കും. പെണ്ണിന് കുതിരപ്പുറത്തിരിക്കണമെന്ന് പറഞ്ഞ് കോടതിയെ സമീപിക്കാനാകുമോ. അതൊക്കെ ഓരോ രീതികളാണ് ചടങ്ങുകളാണ്, ആചാരങ്ങളാണ്.അതങ്ങിനെ പൊയ്‌ക്കൊണ്ടിരിക്കും. അതാര്‍ക്കും ഉപദ്രവമാകുന്നില്ല. ആര്‍ക്കെങ്കിലും ദ്രോഹമാകുന്നവയുണ്ടെങ്കില്‍ മാറ്റണം, ഉദാഹരണത്തിന്, സതി എന്ന ആചാരം ഉപദ്രവകരമാണ്. അതുകൊണ്ട് നിരോധിക്കണം. പക്ഷേ കുതിരപ്പുറത്ത് വരന്‍ പോകുന്നതിലെന്താണ് പ്രശ്‌നം. മൃഗങ്ങളുടെ അവകാശങ്ങളുടെ കാഴ്ചപ്പാടില്‍ ഒരുപക്ഷേ നമുക്ക് വാദങ്ങളാകാം. പക്ഷേ പെണ്ണിന് കുതിരപ്പുറത്ത് കയറണം, ശബരിമലയില്‍ പോകണം എന്നൊക്കെ പറയുന്നത് അനാവശ്യമാണ്. ഇത്തരം വിഷയങ്ങള്‍ കോടതി കയറാന്‍ പാടില്ലായിരുന്നു. കോടതിയുടെ സമയം നഷ്ടപ്പെടുത്തുകയാണ്. ഇതിലൊക്കെ കോടതിക്ക് എന്ത് തീരുമാനമെടുക്കാനാകും. ഞാന്‍ മറ്റൊരു ഉദാഹരണം പറയാം. പല ക്ഷേത്രങ്ങളിലും നിങ്ങള്‍ക്ക് ചെറിയ വസ്ത്രങ്ങള്‍ ധരിച്ച് പ്രവേശിക്കാനാകില്ല, ഒരു പെണ്ണോ ആണോ ചെറിയ വസ്ത്രങ്ങളില്‍ അമ്പലത്തില്‍ പോവുകയും അവിടെ തടയപ്പെടുകയും ചെയ്താല്‍ അവര്‍ക്ക് കോടതിയില്‍ പോകാനാകുമോ, ആ വസ്ത്രത്തില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ തനിക്ക് മൗലികാവകാശമുണ്ടെന്ന് പറഞ്ഞ് കോടതിയെ സമീപിക്കാനാകുമോ. അതൊന്നും ശരിയല്ല. അതിനുവേണ്ടിയുള്ളതല്ല കോടതികള്‍. ഓരോ ചടങ്ങിനും പിന്നില്‍ ഓരോ കാരണങ്ങളുണ്ട്. ആര്‍ക്കും ദ്രോഹമാകില്ലെങ്കില്‍ അവയെ ബഹുമാനിക്കുകയാണ് വേണ്ടത്. അതാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാനൊരു പുരോഗമനവാദിയാണ്. ആധുനികനാണ്. വിദ്യാഭ്യാസം നേടിയിട്ടുള്ളയാളാണ്.  പക്ഷേ ഇത്തരം ആചാരങ്ങള്‍ക്കും നമുക്കിടയില്‍ സ്്ഥാനമുണ്ട്. സ്ത്രീകള്‍ സിന്ദൂരം തൊടാറുണ്ട്. പുരുഷന്‍ തൊടേണ്ടതുണ്ടോ. വേണമെങ്കില്‍ തൊടാം. അതില്‍ വാദിച്ചിട്ട് കാര്യമില്ല. പക്ഷേ അതിന് കോടതിയില്‍ പോകുന്നതില്‍ അര്‍ത്ഥമുണ്ടോ. കോടതിയില്‍ പോയാല്‍ ജഡ്ജിമാര്‍ എന്തുചെയ്യും. അതൊന്നും അനിവാര്യമായ കാര്യങ്ങളാണെന്ന് തോന്നുന്നില്ല.


ഇത്യയിലെ ഏറ്റവും അറിയപ്പെടുന്ന എഴുത്തുകാരിലൊരാളാണ്. ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പുസ്തകങ്ങളുടെ രചയിതാവുമാണ്. യുവതലമുറ താങ്കളുടെ പുസ്തകങ്ങള്‍ നന്നായി വായിക്കുന്നുണ്ട്. അവര്‍ പിന്‍തുടരുമ്പോള്‍ ഒരുതരത്തില്‍ സാമൂഹിക ഉത്തരവാദിത്വം കൂടി താങ്കളില്‍ നിക്ഷിപ്തമല്ലേ ?

നിര്‍ഭാഗ്യവശാല്‍ അങ്ങനെയുണ്ട്. പക്ഷേ അതിനെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അത്തരമൊരു ഉത്തരവാദിത്വത്തെ വെറുക്കുന്നു. ഒരു സര്‍ഗ്ഗാത്മക രചയിതാവ് എന്ന നിലയില്‍ അതെന്നെ വല്ലാതെ പരിമിതപ്പെടത്തുന്നുണ്ട്. മദ്യപാനിയായ ഒരാളെ അവതരിപ്പിക്കുമ്പോഴൊക്കെ, നിങ്ങളെ യുവതലമുറ വായിക്കുന്നുണ്ട്. അങ്ങനെയെഴുതാന്‍ പാടില്ലെന്നൊക്കെ പറയുന്നവരുണ്ട്.  പക്ഷേ യാഥാര്‍ത്ഥ്യം അതേപോലെ അവതരിപ്പിക്കുന്നതുകൊണ്ടാണ് ആളുകള്‍ എന്നെ വായിക്കുന്നത്. അല്ലെങ്കില്‍ ഞാന്‍ ധാര്‍മ്മികശാസ്ത്രത്തിന്റെ അദ്ധ്യാപകനാകേണ്ടിവരും. അതെനിക്ക് കഴിയില്ലല്ലോ. എനിക്ക് ഇങ്ങനെ വിശദീകരിക്കാനേ കഴിയൂ. ഞാനൊരു യൂത്ത് ഐക്കണെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നയാളല്ല. അതല്ല എന്റെ പണി. രസകരമായ കഥകള്‍ പറയാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്.  ചിലകാര്യങ്ങളിലുള്ള എന്റെ നിലപാടുകള്‍ അവതരിപ്പിക്കുകയാണ്. അതൊരുപക്ഷേ ഏറ്റവും മികച്ച അഭിപ്രായങ്ങളാകണമെന്നില്ല. അത് രാഷ്ട്രീയമായോ ധാര്‍മ്മികമായോ മികച്ച അഭിപ്രായമായിരിക്കണമെന്നുമില്ല.

എഴുതാനിരിക്കുമ്പോള്‍ താങ്കള്‍ക്ക് ഇത്തരത്തില്‍ സമ്മര്‍ദ്ദം അനുഭവപ്പെടാറുണ്ടോ ?

തീര്‍ച്ചയായും, സമ്മര്‍ദ്ദമുണ്ട്. പുസ്തകത്തിന്റെ കാര്യത്തില്‍ മാത്രമല്ല. എന്റെ അഭിപ്രായങ്ങള്‍ പറയുന്നതില്‍.അതിലാണ് കൂടുതല്‍ പേടിക്കേണ്ടത്.

ട്വീറ്റ് ചെയ്യുമ്പൊഴൊക്കെ അത്രയും ശ്രദ്ധിക്കാറുണ്ടോ ?

തീര്‍ച്ചയായും, പലര്‍ക്കും ഞാനൊരു ശല്യമായി മാറാറുണ്ട്. പ്രത്യേകിച്ച് രാഷ്ട്രീയ കാര്യങ്ങളില്‍ നിലപാട് ട്വീറ്റ് ചെയ്യുമ്പോള്‍. ഞാനാരെയങ്കിലും പുകഴ്ത്തിയാല്‍ അയാളുടെ എതിരാളികള്‍ക്ക് ഇഷ്ടമാകില്ല. അതുകൊണ്ട് സ്വയം സെന്‍സര്‍ഷിപ്പ് നടത്താറുണ്ട്. അധിക്ഷേപിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അപഹസിക്കപ്പെടുന്നത് എന്റെ മാനസികാവസ്ഥയ്‌ക്കോ ആരോഗ്യത്തിനോ നല്ലതല്ല. അതുകൊണ്ട് പറയണമെന്നുണ്ടെങ്കിലും പലതും പറയില്ല. അതുകൊണ്ടായിരിക്കാം എഴുത്തുകാര്‍ സമൂഹമാധ്യമങ്ങളിലൊക്കെ മൗനം പാലിക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. മുന്‍പ് സമൂഹ മാധ്യമങ്ങള്‍ ഇല്ലായിരുന്നു. എഴുത്തുകാര്‍ക്ക് എന്താണോ ചെയ്യേണ്ടത് അതവര്‍ക്ക് ചെയ്യാമായിരുന്നു. പഴയകാലത്തെ വലിയ എഴുത്താകാരെ ഓര്‍ത്തുനോക്കൂ. കാറല്‍ മാര്‍ക്‌സ് , വിക്ടര്‍ ഹ്യൂഗോ അവരെല്ലാം ട്രോള്‍ ചെയ്യപ്പെടുമായിരുന്നു. ഹിറ്റ്‌ലറടക്കം ട്രോള്‍ ചെയ്യപ്പെടുമായിരുന്നു.

താങ്കള്‍ക്ക് കേരളത്തില്‍ വലിയ ആരാധക സമൂഹമുണ്ട്. പ്രത്യേകിച്ച് യുവാക്കളുടെ ഇടയില്‍. അതേക്കുറിച്ച് ബോധവാനാണോ ?

അതില്‍ വളരെ നന്ദിയുണ്ട്. എനിക്കറിയാം കുറേ മലയാളികള്‍ എന്റെ പുസ്തകങ്ങള്‍ വായിക്കാറുണ്ട്. വിദ്യാഭ്യാസമുള്ളവരാണ്, ഞാന്‍ എഴുതുന്നത് ഇംഗ്ലീഷില്‍ മാത്രമാണ്, അങ്ങനെ വായിക്കപ്പെടുന്നതില്‍ ഇംഗ്ലീഷ് വ്യാപനം ഒരു പ്രധാന ഘടകമാണ്.

കേരളത്തില്‍ ഇടയ്ക്കിടെ വരാറുണ്ടോ ?

ഉണ്ട്, ജനുവരിയില്‍ കോഴിക്കോട് സാഹിത്യോത്സവത്തില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ കൊച്ചിയില്‍ പുസ്തക പ്രകാശനത്തിന് വന്നു. തൃശൂരില്‍ പങ്കടുക്കുന്നുണ്ട്.

പുതിയ പുസ്തകത്തിന്റെ ആലോചനകള്‍ എങ്ങിനെയാണ് ?

തീര്‍ച്ചയായുമുണ്ട്. പക്ഷേ അതെനിക്കിപ്പോള്‍ വെളിപ്പെടുത്താനാകില്ല

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT