തുഷാര്‍ വെള്ളാപ്പള്ളിയെ ചെക്ക് കേസില്‍ കുടുക്കിയതാണെന്ന് സംശയം ജനിപ്പിക്കുന്ന വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്ത്. തുഷാറിനെ കേസില്‍ കുടുക്കാനുള്ള പദ്ധതി കബീര്‍ എന്നയാളോട് പരാതിക്കാരനായ നാസില്‍ അബ്ദുള്ള വിശദീകരിക്കുന്ന ശബ്ദ സന്ദേശങ്ങളാണ് പുറത്തായത്. ഇരുപതോളം വോയ്‌സ് ക്ലിപ്പുകളാണ് പുറത്തുവന്നത്. 25,000 ദിര്‍ഹം നല്‍കിയാല്‍ ബ്ലാങ്ക് ചെക്ക് ലഭിക്കുമെന്നും യുഎഇയിലെത്തുമ്പോള്‍ പൂട്ടുമെന്നുമാണ് നാസില്‍ അബ്ദുള്ള പറയുന്നത്. തുഷാര്‍ അടുത്ത് തന്നെ യുഎഇയിലെലെത്തുമെന്നും അപ്പോള്‍ പൂട്ടാമെന്നും അങ്ങനെ വരുമ്പോള്‍ പണം പറന്നുവരുമെന്നും നാസില്‍ വിശദീകരിക്കുന്നു.
ചെക്ക് ലഭിക്കാനായി നാട്ടില്‍ അഞ്ചുലക്ഷം രൂപ നല്‍കാന്‍ സുഹൃത്തിനെ പ്രേരിപ്പിക്കുകയാണ്. ഇപ്പോള്‍ അഞ്ച് ലക്ഷം രൂപ നാട്ടില്‍ നല്‍കിയാല്‍ കബീറിന് ഇങ്ങോട്ട് വരാമെന്നും ഫിഫ്റ്റി ഫിഫ്റ്റി ലാഭത്തില്‍ നല്ലൊരു ബിസിനസ് ഇട്ടുതരാമെന്നും പറയുന്നുണ്ട്. കേസിന് ബലം നല്‍കാനുള്ള രേഖകളൊക്കെ താന്‍ സംഘടിപ്പിച്ച് വരികയാണെന്നും പരാമര്‍ശിക്കുന്നുണ്ട്. ശബ്ദരേഖ തന്റേത് തന്നെയാണെന്ന് നാസില്‍ അബ്ദുള്ള സമ്മതിച്ചു. കേസിന്റെ രേഖകള്‍ താന്‍ പണം കൊടുക്കാനുള്ള ഒരാളുടെ പക്കലായിരുന്നു. ഇത് പണം നല്‍കി തിരിച്ചെടുക്കുന്ന കാര്യമാണ് സംഭാഷണത്തിലുള്ളതെന്നും പുറത്തുവന്നവ പൂര്‍ണമല്ലെന്നുമാണ് നാസിലിന്റെ വാദം.
90 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് കേസാണ് തൃശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ള തുഷാറിനെതിരെ നല്‍കിയിരിക്കുന്നത്. പത്ത് ലക്ഷം ദിര്‍ഹത്തിന്റെ കേസ് നല്‍കിയാല്‍ അഞ്ചെങ്കിലും ലഭിക്കുമെന്നും പരാമര്‍ശമുണ്ട്. ഉമ്മുല്‍ഖുവൈനിലെ തുഷാറിന്റെ സ്ഥലം യുഎഇ പൗരന് വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞ് ഒരു സ്ത്രീ നിരന്തരം ഫോണ്‍ ചെയ്ത് തുഷാറിനെ ദുബായില്‍ എത്തിക്കുകയായിരുന്നു. ഓഗസ്റ്റ് 20 ന് എത്തിയ അദ്ദേഹത്തെ ദുബായ് പൊലീസ് പുടികൂടി അജ്മാനിലെ ജയിലിലേക്കയച്ചു.
തുടര്‍ന്ന് പ്രവാസി വ്യവസായി എംഎ യൂസഫലിയുടെ ഇടപെടലിലാണ് മോചനമുണ്ടായത്. 10 ലക്ഷം ദിര്‍ഹവും പാസ്‌പോര്‍ട്ടും കെട്ടിവെച്ചാണ് പുറത്തിറങ്ങിയത്. അന്ന് വൈകീട്ട് തന്നെ നാസിലുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നു. ആറ് കോടി നല്‍കണമെന്നായിരുന്നു നാസില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മൂന്ന് കോടി നല്‍കാമെന്നായിരുന്നു തുഷാറിന്റെ നലിപാട്. ഇതോടെ ചര്‍ച്ചകള്‍ വഴിമുട്ടുകയും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് തുഷാര്‍ വ്യക്തമാക്കുകയുമായിരുന്നു. അതേസമയം സത്യം തെളിഞ്ഞെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.