വ്യാജചികിത്സാ പരാതിയില്‍ മോഹനന്‍ നായര്‍ക്കെതിരെ ആരോഗ്യമന്ത്രാലയത്തിന്റെ അന്വേഷണം. നിയമവിരുദ്ധമായാണ് ചികിത്സിക്കുന്നതെന്നും വിപരീത ഫലങ്ങളുണ്ടാകുന്നുവെന്നും കാണിച്ച് കാപ്‌സ്യൂള്‍ കേരള നല്‍കിയ പരാതിയിലാണ് നടപടി. പരാതിയില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
2018 ഏപ്രില്‍ 13 ലെ സുപ്രീംകോടതി വിധി പ്രകാരം, നിയമപ്രകാരം ഉള്ള യാതൊരു യോഗ്യതയും ഇല്ലാതെ മോഹനന്‍ നായര്‍ നടത്തുന്ന ചികിത്സ നിയമ വിരുദ്ധം ആണെന്ന് കാപ്‌സ്യൂള്‍ കേരളയുടെ പരാതിയില്‍ പറയുന്നു. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ഉള്ളവര്‍ക്ക് മാത്രമേ ചികിത്സിക്കാന്‍ അനുവാദമുള്ളു.
ചികിത്സിച്ച രോഗികള്‍ തന്നെ മോഹനന്‍ നായര്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആ വെളിപ്പെടുത്തലുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടര്‍ ഹര്‍ഷ വര്‍ധന് പരാതി നല്‍കിയത്.എം പി അനില്‍ കുമാര്‍, കാപ്‌സ്യൂള്‍ കേരള
ജനകീയ നാട്ടു വൈദ്യശാല എന്ന പേരിലുള്ള മോഹനന്‍ നായരുടെ സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തി ലൈസന്‍സ് നല്‍കാതിരിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴയിലെ കൃഷ്ണപുരം ഗ്രാമപഞ്ചായത്തിലും പരാതി നല്‍കിയിട്ടുണ്ട്. അംഗീകാരമുള്ള രണ്ട് ഡോക്ടര്‍മാരാണ് ചികിത്സിക്കുന്നതെന്ന് കാണിച്ചാണ് ഹൈക്കോടതിയില്‍ നിന്നും നേരത്തെ അനുകൂല ഉത്തരവ് നേടിയതെന്ന് കാപ്‌സ്യൂള്‍ കേരള ആരോപിക്കുന്നു. താനാണ് ചികിത്സിക്കുന്നതെന്നും പിന്നീട് മോഹനന്‍ നായര്‍ വെളിപ്പെടുത്തിയതും പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. രോഗികളെ പരിശോധിക്കുന്നതിനോ രോഗനിര്‍ണ്ണയം നടത്താനോ അനുവാദമില്ലാത്തതിനാല്‍ ജനസുരക്ഷയുടെ പേരില്‍ നടപടിയെടുക്കണമെന്നാണ് പഞ്ചായത്തിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം