ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ ഈ വര്‍ഷം നവംബര്‍ വരെ റിപ്പോര്‍ട്ട് ചെയ്തത് 86 ബലാത്സംഗ കേസുകള്‍. ഈ കാലയളവില്‍ 185 ലൈംഗികാതിക്രമങ്ങളുമുണ്ടായി. ബലാത്സംഗത്തിനിരയായ 23 കാരിയെ പ്രതികള്‍ തീക്കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവരുന്നത്. മാര്‍ച്ചില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി കഴിഞ്ഞ ബുധനാഴ്ച വിചാരണയ്ക്കായി കോടതിയിലേക്ക് പോകവെയാണ്, ജാമ്യത്തിലായിരുന്ന പ്രതികള്‍ തടഞ്ഞുവെച്ച് തീക്കൊളുത്തിയത്. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പക്കപ്പെട്ട പെണ്‍കുട്ടി വെള്ളിയാഴ്ച രാത്രി 11.10ന് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി.
ഇതുകൂടാതെ ബിജെപി എംഎല്‍എ കുല്‍ദീപ് സെങ്കാര്‍ പ്രതിയായ ഉന്നാവോ ബലാത്സംഗ കേസടക്കമുള്ള സംഭവങ്ങള്‍ രാജ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ചെറിയ കുട്ടികളടക്കം ക്രൂര പീഡനത്തിനിരയായ നിരവധി സംഭവങ്ങളടക്കം പുറത്തുവന്ന കേസുകളില്‍ ഉള്‍പ്പെടും. ഭീഷണിപ്പെടുത്തല്‍ കൊണ്ടും ഭയം കൊണ്ടും പൊലീസ് പരാതിയില്‍ എത്താത്ത നിരവധി സംഭവങ്ങളുമുണ്ട്. ഭൂരിപക്ഷം കേസുകളിലും ഭരണസംവിധാനത്തിന്റെയും പൊലീസിന്റെയും ഗുരുതര വീഴ്ചയാണ് വെളിപ്പെടുന്നതെന്ന് പരാതിക്കാരും നാട്ടുകാരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. രാഷ്ട്രീയ നേതൃത്വം പ്രതികളെ രക്ഷപ്പെടുത്തുന്ന സംഭവങ്ങള്‍ നിരവധിയാണ്.
അല്ലെങ്കില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതികള്‍ക്ക് പൊലീസ് ഒത്താശയില്‍ എളുപ്പം ജാമ്യം ലഭിക്കുന്നു.അതുമല്ലെങ്കില്‍ പ്രതികള്‍ ഒളിവില്‍ പോവുകയോ ചെയ്യുന്നുവെന്നും പ്രദേശവാസികള്‍ വ്യക്തമാക്കുന്നു. സമഗ്രമായ അന്വേഷണത്തിലൂടെ കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിച്ച് കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കേണ്ട പൊലീസ് സംവിധാനം അടിമുടി രാഷ്ട്രീയ വല്‍ക്കരിക്കപ്പെട്ടിരിക്കുകയാണെന്ന് അജ്‌ഗെയ്ന്‍ സ്വദേശി രാഘവ് റാം ശുക്ല പറയുന്നു.രാഷ്ട്രീയ മേലാളന്‍മാരുടെ അനുമതി ലഭിക്കാതെ പല കേസുകളിലും പൊലീസ് നടപടികള്‍ സ്വീകരിക്കുന്നില്ല. ഇത് കുറ്റവാളികള്‍ക്ക് സഹായകരമാകുന്നു. പലപ്പോഴും ഭരണ നേതൃത്വത്തിന്റെ ഇഛാനുസരണമാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം