സഹപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് കൈമാറരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ദിലീപിനും അഭിഭാഷകര്‍ക്കും ദൃശ്യങ്ങള്‍ കാണാന്‍ മാത്രം അനുമതി നല്‍കി. ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ നടിയുടെ സ്വകാര്യതയേയും സുരക്ഷയേയും ബാധിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ രഹസ്യമായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
2017ലെ തട്ടിക്കൊണ്ടുപോകല്‍ ബലാത്സംഗക്കേസ് സൂത്രധാരന്‍ എന്നാരോപിക്കപ്പെടുന്ന ദിലീപ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ഫോണില്‍ നിന്നും മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തിയ ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു ദിലീപിന്റെ വാദം. ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കിയാല്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അത് സഹായിക്കുമെന്നും ദിലീപ് കോടതിയില്‍ വാദിച്ചു.
കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്
ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യതയും സുരക്ഷയും പരിഗണിച്ച് ദൃശ്യങ്ങള്‍ കൈമാറരുതെന്ന സംസ്ഥാന സര്‍ക്കാര്‍ വാദമാണ് സുപ്രീം കോടതി അംഗീകരിച്ചത്. മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള കൂട്ടിച്ചേര്‍ക്കലോ വെട്ടിമാറ്റലോ കൃത്രിമമോ കണ്ടെത്തിയിട്ടില്ല. ഫോണില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ദൃശ്യങ്ങള്‍ തന്നെയാണ് മെമ്മറി കാര്‍ഡില്‍ ഉള്ളതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
കേസിന്റെ വിചാരണ നീട്ടിവെക്കാന്‍ വേണ്ടി നടത്തിയ തന്ത്രപരമായ നീക്കമാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടതിലൂടെ ദിലീപ് നടത്തിയതെന്ന് വിലയിരുത്തലുണ്ട്. ദൃശ്യങ്ങള്‍ കൈമാറുന്നത് ആക്രമിക്കപ്പെട്ട നടിയെ ഭീഷണിപ്പെടുത്താന്‍ കാരണമായേക്കുമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം