മതിയായ തെളിവുകളുള്ളതിനാലാണ് കോഴിക്കോട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതെന്ന വാദവുമായി പൊലീസ് റിപ്പോര്‍ട്ട്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് സമര്‍പ്പിച്ച വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത് സംബന്ധിച്ച് ഉത്തരമേഖലാ ഐജി അശോക് യാദവിനോട് ഡിജിപി വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക റിപ്പോര്‍ട്ട്. അറസ്റ്റ് ചെയ്തവര്‍ക്കെതിരെ യുഎപിഎ ചുമത്താതെ നിര്‍വാഹമില്ലായിരുന്നു. നിരോധിത സംഘടനയുടെ ലഘുലേഖകളും ബാനറുകളും ലഭിച്ചിട്ടുണ്ട്. 2015 മുതല്‍ അലനെ നിരീക്ഷിച്ചുവരികയാണ്. അലനെക്കുറിച്ച് നാലുവര്‍ഷം മുന്‍പ് കോഴിക്കോട് സിറ്റി പൊലീസ് ഇന്റലിജന്‍സ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നുമാണ് വിശദീകരണം.
ഈ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്. പാഠാന്തരം എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തകനാണ് അലനെന്നാണ് പൊലീസിന്റെ വാദം. ആ റിപ്പോര്‍ട്ടില്‍ അലന്റെ അന്നത്തെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു. മാവോവാദി സംഘടനയുടെ വിദ്യാര്‍ത്ഥി വിഭാഗമായി പാഠാന്തരം രൂപവത്കരിക്കാന്‍ അലന്‍ ശ്രമം നടത്തിയെന്നാണ് പരാമര്‍ശം. ഡിജിറ്റല്‍ തെളിവുകളായി ലാപ്‌ടോപ്പ് മൊബൈല്‍ ഫോണുകള്‍, മെമ്മറി കാര്‍ഡ്,സിംകാര്‍ഡ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍വിളികള്‍ അടക്കം ഡിജിറ്റല്‍ രേഖകള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് പറയുന്നു. പശ്ചിമഘട്ട മാവോയിസ്റ്റ് സ്‌പെഷ്യല്‍ സോണ്‍ കമ്മിറ്റിയുമായി ബന്ധമുള്ള സംഘത്തില്‍പ്പെട്ടവരാണ് ഇരുവരുമെന്നാണ് പൊലീസ് ഭാഷ്യം. ഈ കമ്മിറ്റിയുമായി ഇവര്‍ വാട്‌സ് ആപ്പിലും ടെലിഗ്രാമിലും ബന്ധപ്പെടാറുണ്ട്. ഒന്നരമാസത്തെ രഹസ്യാന്വേഷണത്തിലൂടെയാണ് ഇത് കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.
നഗരങ്ങളിലും ഗ്രാമങ്ങളിലും മാവോയിസ്റ്റുകള്‍ എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന് വ്യക്തമാക്കുന്ന 'ശത്രുവിന്റെ അടവുകളും നമ്മുടെ പ്രത്യാക്രമണ മാര്‍ഗങ്ങളും' എന്ന രഹസ്യരേഖ അറസ്റ്റിലായവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് മറ്റൊരു വാദം. മാവോയിസ്റ്റുകളുടെ യോഗത്തിന്റെ മിനുട്‌സും പിടിച്ചെടുത്തിട്ടുണ്ട്. സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങളും ഇരുവരുടെയും വീടുകളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മാവോയിസ്റ്റ് സംഘടനകള്‍ നടത്തിയ 2 പ്രതിഷേധ പരിപാടികളില്‍ അലന്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളുമുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. കസ്റ്റഡിയിലെടുത്ത ബൈക്കില്‍ മൂന്നുപേരാണുണ്ടായിരുന്നത്. മൂന്ന് പേരെയും കണ്ടാല്‍ തിരിച്ചറിയാമെന്ന് ഇവര്‍ സിഗരറ്റ് വാങ്ങിയ കടയിലെ ആളുടെ മൊഴിയുണ്ട്. മൂന്നാമനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പിടിയിലായ രണ്ടുപേരും തയ്യാറായിട്ടില്ലെന്നുമാണ് പൊലീസിന്റെ വാദം.