പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യ നിലപാടെടുത്ത നടിമാര്‍ക്ക് ഭീഷണിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യ നിലപാടെടുത്ത ചലച്ചിത്ര പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍. മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്തുന്ന നടിമാര്‍ ഇന്‍കം ടാക്‌സ് കൃത്യമായി അടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് സന്ദീപിന്റെ മുന്നറിയിപ്പ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ പിന്തുണച്ചും ഐക്യദാര്‍ഡ്യം പരസ്യപ്പെടുത്തിയും കേരളത്തിലെ നിരവധി ചലച്ചിത്ര പ്രവര്‍ത്തകരാണ് രംഗത്ത് വന്നത്. മുംബൈയിലെ പ്രതിഷേധത്തില്‍ പാര്‍വതിയും കൊച്ചിയില്‍ ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എന്ന പേരില്‍ നടന്ന പരിപാടിയില്‍ റിമാ കല്ലിങ്കല്‍, നിമിഷാ സജയന്‍, ഗീതു മോഹന്‍ദാസ്, ഷെയിന്‍ നിഗം, രാജീവ് രവി, ആഷിക് അബു, ഷഹബാസ് അമന്‍, വേണു, കമല്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
സന്ദീപ് വാര്യരുടെ പ്രസ്താവന
മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇന്‍കംടാക്‌സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളില്‍ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതില്‍ പലപ്പോഴും നവ സിനിമാക്കാര്‍ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ പൊളിറ്റിക്കല്‍ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല.
ആര്‍എസ്എസിനെതിരെയും പൗരത്വ നിയമം മനുഷ്യാവകാശ വിരുദ്ധമാണെന്നുമുള്ള മുദ്രാവാക്യം മുഴക്കിയാണ് താരങ്ങള്‍ പ്രതിഷേധത്തില്‍ അണിനിരന്നത്. മതേതരമൂല്യങ്ങളില്‍ വിശ്വസിക്കുന്ന ജനതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെറുക്കാതിരിക്കാനാകില്ലെന്ന് സംവിധായകന്‍ കമല്‍ കൊച്ചിയില്‍ നടന്ന പ്രതിഷേധത്തില്‍ പറഞ്ഞിരുന്നു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം