CAA Protest

ചന്ദ്രശേഖര്‍ ആസാദ് : ദളിതരുടെ ശബ്ദമായ പോരാളി, പൗരത്വ നിയമത്തിനെതിരെ യുവതയ്ക്ക് വീര്യമേകിയ പ്രക്ഷോഭ നായകന്‍ 

THE CUE

പൗരത്വഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ക്ക് തുടക്കത്തില്‍ സംഘടിത സ്വഭാവമില്ലായിരുന്നു. ആദ്യം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. അതേറ്റുപിടിച്ച് രാജ്യത്തെ ക്യാമ്പസുകള്‍ തെരുവിലേക്കിറങ്ങി. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും മുസ്ലിം വിരുദ്ധവുമാണന്ന് അവര്‍ ഉറക്കെപ്പറഞ്ഞു. കാമ്പസുകളിലും പുറത്തുമായി സമരം ചെയ്ത വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച് നിശബ്ദരാക്കാനായിരുന്നു ഭരണകൂടത്തിന്റെ ശ്രമം. തല്ലിക്കെടുത്താനുള്ള ശ്രമങ്ങളില്‍ നിന്ന് ആളിപ്പടരുകയായിരുന്നു പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭം. പ്രതിഷേധത്തിന്റെ ചെറുകൂട്ടായ്മ പോലും രാജ്യമുടനീളം ഒരു മനുഷ്യത്വരഹിത ബില്ലിനെതിരായ വിയോജിപ്പാകുമ്പോള്‍ ആര്‍ത്തിരമ്പുന്ന പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെ മുഖമായി മാറിയിരിക്കുകയാണ് ചന്ദ്രശേഖര്‍ ആസാദ്.

ഉത്തർപ്രദേശിലെ സഹറാൻപൂർ ജില്ലയിലെ ഘഡ്കൗളി എന്ന ഗ്രാമത്തിലായിരുന്നു ആസാദിന്റെ ജനനം. ഇവിടുത്തെ ഒരു സർക്കാർ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ആസാദ് ലഖ്‌നൗ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദവും നേടി. ആസാദിന്റെ പിതാവ് ഗോവർദ്ധൻ ദാസ് വിരമിച്ച സർക്കാർ സ്കൂൾ പ്രിൻസിപ്പളാണ്. യു എസിൽ ഉയർന്ന വിദ്യാഭ്യാസത്തിന് പോകാൻ താല്പര്യമുണ്ടായിരുന്ന ആസാദിന് പിതാവിന്റെ രോഗം മൂർച്ഛിച്ചതിനാൽ അതിന് കഴിഞ്ഞില്ല. തന്റെ തൊഴിൽ ജീവിതത്തിൽ നേരിട്ട വിവേചനങ്ങൾ ഗോവർധൻ ദാസ് അവസാന കാലത്ത് മകനോട് സൂചിപ്പിച്ചു. താനും ദളിത് സമൂഹവും നേരിടുന്ന അനീതിക്ക് അറുതി ഉണ്ടാകണമെന്ന ബോധ്യത്തോടെ 2015ൽ ഭീം ആർമി രൂപീകരിച്ചു. ദളിത് വിദ്യാർത്ഥികൾ കോളജുകളിൽ നേരിടുന്ന വിവേചനത്തിനെതിരെ പോരാടാൻ ഭീം ആർമി മുന്നോട്ടിറങ്ങി. ദളിത് വിഭാഗക്കാർക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കാൻ സംഘടന തീരുമാനിച്ചു. നിലവിൽ പടിഞ്ഞാറൻ യുപിയിൽ 350ന് മേലെ സ്‌കൂളുകൾ സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ അവഗണിച്ച സാമൂഹ്യ പ്രശ്‌നങ്ങളില്‍, ദളിത് സമരങ്ങളില്‍ ചന്ദ്രശേഖര്‍ ആസാദ് ശബ്ദമുയർത്തി. പിരിച്ചു വച്ച മീശയും മുഖത്തെ സൺഗ്ലാസും സ്‌റ്റൈലൻ ലുക്കും പരമ്പരാഗത രാഷ്ട്രീയ നേതാവിൽ നിന്ന് ആസാദിനെ വേറിട്ട മുഖമാക്കി.

മായാവതിയുടെ ദളിത്-ബഹുജൻ മുന്നേറ്റം മങ്ങി തുടങ്ങിയപ്പോഴാണ് ചന്ദ്രശേഖർ ആസാദ് ശക്തി പ്രാപിച്ചത്. എന്നും അടിച്ചമർത്തപ്പെടുന്ന ദളിത് വിഭാഗത്തിന് ആസാദിനെ പോലെയൊരാളുടെ നേതൃത്വം അനിവാര്യമായിരുന്നു. ദളിതരുടെയും വിദ്യാർത്ഥികളുടെയും പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ആസാദ് യുവാക്കളുടെ നേതാവായി. ബി എസ് പിയിൽ നിന്ന് വിട്ട് പോയവരുടെ പിന്തുണയും ഭീം ആർമി നേതാവിന് ലഭിച്ചു.

2017ൽ സഹറാൻപൂർ വില്ലേജിൽ 'ദി ഗ്രേറ്റ് ചമർ' എന്നെഴുതിയ ബോർഡും തന്റെ ഫോട്ടോയും സ്ഥാപിച്ചാണ് ചന്ദ്രശേഖർ ആസാദ് വിവേചനത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്. സവർണ്ണർ താഴ്ന്ന ജാതിക്കാരെ പരിഹസിച്ചുവിളിക്കുന്ന വാക്കാണ് ചമർ. ഠാക്കൂർ സമുദായക്കാരിൽ അതൃപ്തി ഉണ്ടാക്കിയ ഈ പ്രവൃത്തി ഇരുവരും തമ്മിലുള്ള സംഘർഷത്തിന് വഴിയൊരുക്കി. ഇതിന്റെ പേരിൽ ഒന്നര വർഷ കാലം ചന്ദ്രശേഖർ ആസാദ് ജയിലിൽ കഴിഞ്ഞു. അദ്ദേഹത്തിന്റെ മേൽ ദേശീയ സുരക്ഷ നിയമം ചുമത്തി. ഈ സംഭവത്തെ തുടർന്നാണ് ആസാദ് ദേശീയ ശ്രദ്ധ നേടുന്നത്. ജയിലിലിരിക്കെ, 2018 മേയിലെ കൈരാന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവി ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് തന്റെ സഹപ്രവർത്തകർക്ക് ആസാദ് കത്തയച്ചു.

2019ലെ ലോക്‌സഭാ ഇലക്ഷന് മുന്നോടിയായി വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കുമെന്ന് ചന്ദ്രശേഖർ ആസാദ് വെല്ലുവിളി മുഴക്കി. കോണ്‍ഗ്രസ് പിന്തുണയോടെ വാരാണാസിയില്‍ ചന്ദ്രശേഖര്‍ ആസാദ് മത്സരിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായി. എന്നാൽ പിന്നീട് അദ്ദേഹം ആ തീരുമാനം പിൻവലിച്ചു. ലോക്‌സഭ ഇലക്ഷൻറെ പ്രചാരണ പരിപാടികളിൽ 'മോദിയുടെ തോൽവി അടുത്തെത്തി കഴിഞ്ഞു' എന്ന പ്രസ്താവനയോടെ അദ്ദേഹം കളം നിറഞ്ഞു. മോദി ഒരു വലിയ നുണയനാണെന്നും ഒരു അഭിമുഖത്തിൽ ചന്ദ്രശേഖർ ആസാദ് തുറന്നടിച്ചിരുന്നു.ദില്ലി ജമാ മസ്ജിദിൽ ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം യുവാക്കള്‍ ഒരുമിച്ചു. ഭരണഘടന കൈയ്യിലേന്തി അതിലെ വരികൾ ഉറക്കെ വിളിച്ചുപറഞ്ഞ് പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭകർക്ക് ഭീം ആർമി നേതാവ് പുതിയൊരു ഊർജമായി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

SCROLL FOR NEXT