ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ നടന്ന അക്രമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. വിയോജിപ്പിന്റെ എല്ലാ ശബ്ദങ്ങളെയും അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും സര്‍ക്കാര്‍ എത്രത്തോളം പോകുമെന്നതിന് ഉദാഹരണമാണ് ജെഎന്‍യു അക്രമമെന്ന് സോണിയാ ഗാന്ധി പ്രതികരിച്ചു.
ഗുണ്ട ആക്രമണം മോദി സര്‍ക്കാരിന്റെ സഹായത്തോടെയാണെന്നും സോണിയാ ഗാന്ധി ആരോപിച്ചു.
യുവാക്കള്‍ക്ക് ജനാധിപത്യത്തില്‍ പങ്കെടുക്കാനുള്ള അവകാശമുണ്ട്, അവര്‍ക്ക് മതിയായ വിദ്യാഭ്യാസവും ജോലിയും മികച്ച ഭാവിയും ഉണ്ടാക്കി നല്‍കേണ്ട സര്‍ക്കാരാണ് അവരെ അടിച്ചമര്‍ത്തുന്നത്. രാജ്യത്തെ ചെറുപ്പക്കാരില്‍ ഗുണ്ടകള്‍ അഴിച്ചുവിട്ട അക്രമം അപലപനീയമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.
ഞായറാഴ്ച വൈകിട്ടായിരുന്നു മുഖംമൂടി സംഘം മാരകായുധങ്ങളുമായി വിദ്യാര്‍ഥികളെയും അധ്യാപകരെയും ക്രൂരമായി മര്‍ദിച്ചത്. പതിനെട്ടോളം വിദ്യാര്‍ഥികള്‍ക്കായിരുന്നു അക്രമത്തില്‍ പരുക്കേറ്റത്. സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.