പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹിയില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുന്നതിനിടെ ഒറ്റയാള്‍ പ്രതിഷേധം. രാംലീലാ മൈതാനിയിലെ ബിജെപി റാലിയില്‍ മോഡി പൗരത്വ നിയമഭേദഗതിയെപ്പറ്റി സംസാരിച്ചപ്പോള്‍ കാണികള്‍ക്കിടയില്‍ നിന്നും ഒരാള്‍ പ്രതിഷേധിക്കുകയായിരുന്നു. ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ ഒറ്റയ്ക്ക് പ്രതിഷേധിച്ചയാളെ പൊലീസ് പിടിച്ച് പുറത്താക്കി. പ്രസംഗത്തിനിടെ പൗരത്വഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവര്‍ക്കെതിരെ മോഡി രൂക്ഷ വിമര്‍ശനമുന്നയിച്ചു.
നഗര മാവോയിസ്റ്റുകളാണ് പ്രതിഷേധം നടത്തുന്നത്. പ്രതിഷേധക്കാര്‍ പാവപ്പെട്ട പൊലീസുകാരെ നിഷ്‌കരുണം ആക്രമിക്കുന്നു.മോഡി
പൗരത്വഭേദഗതി നിയമം പാസാക്കിയത് ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ്. നിയമം പാസാക്കിയ പാര്‍ലമെന്റിനെ ആദരിക്കണം. നിയമഭേദഗതി പൗരന്‍മാരെ ഒരു തരത്തിലും ബാധിക്കില്ല. പ്രതിഷേധങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ മൗന സമ്മതമുണ്ട്. പ്രതിപക്ഷത്തിന് ഭയമാണ്. സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. എന്നോടാണ് വിരോധമെങ്കില്‍ എന്നെ എന്തുവേണമെങ്കിലും ചെയ്‌തോളൂ. പൊതുമുതല്‍ നശിപ്പിക്കുന്നത് എന്തിനാണ്? ഇന്ത്യയെ പ്രതിപക്ഷം ലോകരാജ്യങ്ങള്‍ക്കിടയില്‍ നാണം കെടുത്തി. ചില ദളിത് നേതാക്കളും നുണപ്രചാരണങ്ങളില്‍ പങ്കാളികളാകുന്നു. പൗരത്വ ഭേദഗതി അവശ ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണ്. പാവപ്പെട്ടവരെ സഹായിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. തന്റെ കോലം കത്തിച്ചോളൂ, പാവപ്പെട്ടവരെ ഉന്നം വെയ്ക്കരുത്.
ഭേദഗതി പൗരന്‍മാരെ ഒരു തരത്തിലും ബാധിക്കില്ല. ജനങ്ങളുടെ അവകാശം തട്ടിയെടുക്കുന്നുവെന്ന് കള്ളപ്രചാരണം നടത്തുന്നു. അക്രമം ഉണ്ടാക്കാന്‍ പ്രതിപക്ഷം ഗൂഢാലോചന നടത്തുന്നു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നുണ പ്രചരിപ്പിക്കുകയും അക്രമത്തിന് പ്രേരിപ്പിക്കുകയുമാണ്. മുസ്ലീം സഹോദരങ്ങളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നു. ഇന്ത്യയിലെ മുസ്ലീങ്ങളെല്ലാം രാജ്യത്തിന്റെ മക്കളാണ്. ഇവരെ പൗരത്വ ഭേദഗതി നിയമം ഒരു തരത്തിലും ബാധിക്കില്ല. കള്ള പ്രചാരണം വിലപ്പോവില്ല. പക്ഷപാതിത്വം കാട്ടിയെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് മതം ചോദിച്ചിട്ടില്ല. അനധികൃത കോളനികള്‍ക്ക് രേഖകള്‍ നല്‍കിയപ്പോള്‍ മതം ചോദിച്ചില്ല. ക്ഷേമ പദ്ധതികള്‍ നടപ്പാക്കിയപ്പോഴും മതം ചോദിച്ചില്ല. ജനങ്ങള്‍ക്ക് വീടു നല്‍കിയപ്പോഴും മതം ചോദിച്ചില്ല. കുടിയേറ്റക്കാര്‍ക്കായി തടങ്കല്‍ കേന്ദ്രങ്ങളെന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്നും മോഡി പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി രംഗത്തെത്തി. മോഡിയും അമിത് ഷായും യുവാക്കളുടെ ഭാവി നശിപ്പിച്ചു. തൊഴിലില്ലായ്മയിലും സാമ്പത്തിക വ്യവസ്ഥയ്‌ക്കേല്‍പിച്ച തകരാറിലുമുള്ള യുവാക്കളുടെ രോഷം അഭിമുഖീകരിക്കാന്‍ അവര്‍ക്ക് കഴിയില്ല. അതുകൊണ്ടാണ് അവര്‍ പ്രിയപ്പെട്ട ഇന്ത്യയെ വിഭജിക്കുന്നതും വിദ്വേഷത്തിന് പിന്നില്‍ ഒളിക്കുന്നതും. എല്ലാ ഇന്ത്യക്കാരേയും സ്‌നേഹിച്ചുകൊണ്ടുമാത്രമേ അവരെ പരാജയപ്പെടുത്താന്‍ കഴിയൂ എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം