മകള്‍ സന ഗാംഗുലിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ വിശദീകരണവുമായി സൗരവ് ഗാംഗുലി. ദയവായി സനയെ ഈ പ്രശ്‌നങ്ങളില്‍ നിന്ന് വെറുതെ വിടണമെന്നും രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായമല്ല മകളുടേതെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി പ്രതികരിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായും പിന്തുണച്ചും വിവിധ മേഖലയിലെ പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. ഇതിന് തുടര്‍ച്ചയായിരുന്നു സൗരവ് ഗാംഗുലിയുടെ മകള്‍ സനാ ഗാംഗുലിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. എഴുത്തുകാരന്‍ ഖുഷ് വന്ത് സിംഗിന്റെ ദ എന്‍ഡ് ഓഫ് ഇന്ത്യയുടെ പ്രസക്ത ഭാഗമാണ് സന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. ഫാസിസത്തെയും ഫാസിസ്റ്റ് ഭരണകൂടത്തെയും വിമര്‍ശിക്കുന്നതായിരുന്നു ഇത്. സൗരവ് ഗാംഗുലി മൗനം തുടരവേ സന പ്രതികരണം നടത്തിയതിനെ അഭിനന്ദിച്ച് നിരവധി പേര്‍ എത്തിയിരുന്നു. പിന്നീട് ഈ പോസ്റ്റ് അക്കൗണ്ടില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടു.
ദയവ് ചെയ്ത് സനയെ ഈ പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിവാക്കൂ, ആ പോസ്റ്റ് ശരിയായിരുന്നില്ല. രാഷ്ട്രീയത്തെക്കുറിച്ച് എന്തെങ്കിലും മനസിലാക്കാവുന്ന പ്രായത്തിലെത്താത്ത കൊച്ചുകുട്ടിയാണ് അവള്‍.സൗരവ് ഗാംഗുലി
മുസ്ലിങ്ങളോ ക്രിസ്ത്യാനികളോ അല്ലാത്തതിനാല്‍ സുരക്ഷിതരെന്നന് കരുതുന്നവര്‍ വിഡ്ഡീകളുടെ സ്വര്‍ഗത്തിലാണെന്നും, ഇടത് ചരിത്രകാരന്‍മാരെയും പാശ്ചാത്യ ജീവിതക്രമങ്ങള്‍ പിന്തുടരുന്നവരെയും ഭരണകൂടം ലക്ഷ്യമിട്ടിരിക്കുന്നുവെന്നും പോസ്റ്റിലുള്ള വരികളിലുണ്ട്.