ജാമിയ മില്ലിയയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനിടെ ലൈബ്രറിയില്‍ വെടിവെപ്പ് നടത്തിയിരുന്നുവെന്ന് സമ്മതിച്ച് ഡല്‍ഹി പൊലീസ്. 2019 ഡിസംബര്‍ 15ന് വെടിയുതിര്‍ത്തതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതായി ദ ഹിന്ദുവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്‍ഡിടിവി, ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടുകള്‍ ശരിവച്ച ഉദ്യോഗസ്ഥന്‍ ജാമി അ മില്ലിയയിലെ പൊലീസ് വെടിവെപ്പ് ഉള്‍പ്പെടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പരിധിയിലുണ്ടാകുമെന്നും അറിയിച്ചു.
എന്‍ഡിടിവി, ദ ക്വിന്റ് എന്നീ മാധ്യമങ്ങളില്‍ ജാമി അ മില്ലിയയില്‍ പൊലീസ് വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഡല്‍ഹി പൊലീസ് തുടര്‍ച്ചയായി ഇക്കാര്യം നിഷേധിക്കുകയായിരുന്നു. ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ പരുക്ക് പൊലീസ് വെടിയേറ്റാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് ടിയര്‍ ഗ്യാസ് ഷെല്ലുകളിലൂടെ സംഭവിച്ചതാണെന്ന് തിരുത്തപ്പെട്ടു. സമീപവാസി സംഭവദിവസം ചിത്രീകരിച്ച വീഡിയോയില്‍ മൂന്ന് പൊലീസുകാര്‍ കല്ലേറ് നേരിടാന്‍ മതില്‍ മറയാക്കിയിരിക്കുന്ന ദൃശ്യങ്ങളുണ്ടായിരുന്നു. പിന്നീട് രണ്ട് പോലീസുകാര്‍ സര്‍വീസ് റിവോള്‍വര്‍ പുറത്തെടുത്ത് പ്രതിഷേധിക്കുന്നവരുടെ ഭാഗത്തേക്ക് മൂന്ന് വട്ടം വെടിയുതിര്‍ക്കുന്നതും ഈ വീഡിയോയില്‍ ഉണ്ടായിരുന്നു. ഡിസംബര്‍ 15ന് മഥുരാ റോഡിലെ രംഗങ്ങളായിരുന്നു ഈ വീഡിയോയില്‍.
പ്രത്യേക സംഘം അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ വെടിവെപ്പിനെക്കുറിച്ചും ഈ വീഡിയോയെക്കുറിച്ചും സ്ഥിരീകരണം നല്‍കാനാകില്ലെന്നും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.