പ്രധാനമന്ത്രി നരേന്ദ്ര മോഡി വികാര പ്രകടനങ്ങള്‍ നടത്തേണ്ടതിന് പകരം വ്യക്തമായ മറുപടിയാണ് നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വനിയമത്തെ ന്യായീകരിച്ചുകൊണ്ട് രാം ലീല മൈതാനിയില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ജാതിയും മതവുമല്ല പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ മാനദണ്ഡമെന്നു പറയുന്ന പ്രധാനമന്ത്രി അത് പ്രവൃത്തിയിലാണ് തെളിയിക്കേണ്ടത്. ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നീക്കങ്ങള്‍ക്കെതിരെയാണ് രാജ്യത്തു പ്രതിഷേധം അലയടിക്കുന്നത്. ഇന്ത്യന്‍ പൗരത്വം നിര്‍ണ്ണയിക്കുമ്പോള്‍ ഒരു മതം എങ്ങനെ അയോഗ്യമാകുന്നു എന്ന ജനങ്ങളുടെ ചോദ്യത്തിനാണ് ഉത്തരം വേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തെറ്റായ സമീപനത്തെയും വര്‍ഗീയ നീക്കങ്ങളെയും കുറിച്ച് ജനങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ വസ്തുനിഷ്ഠമായ മറുപടികള്‍ക്ക് പകരം വികാരപ്രകടനം കൊണ്ട് നേരിടാമെന്നത് ആശാസ്യമായ രീതിയല്ല.മുഖ്യമന്ത്രി
പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ കാര്യങ്ങള്‍ മൂടിവെക്കാന്‍ എന്തിനു ശ്രമിക്കുന്നു? ഇന്ത്യന്‍ ഭരണഘടനയേയും അതിന്റെ അടിസ്ഥാന തത്വങ്ങളെയും സംരക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധത രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും നെഞ്ചേറ്റുകയാണ്. ആ വികാരത്തെ കുറച്ചുകാണരുത്, തെറ്റായി ചിത്രീകരിക്കുകയുമരുത്. നോട്ട് നിരോധനകാലത്തു അമ്പതു ദിവസം തരൂ എന്ന് പ്രസംഗിച്ച പ്രധാനമന്ത്രി പിന്നീട് അക്കാര്യം മിണ്ടിയിട്ടില്ല. അന്നത്തെ അതേ വികാരപ്രകടനമാണ് ഇപ്പോഴും കാണുന്നത്. കള്ളനോട്ട്, കള്ളപ്പണം, ഭീകരത എന്നായിരുന്നു നോട്ട് നിരോധനത്തെ ന്യായീകരിക്കാന്‍ നിരത്തിയ പ്രതീകങ്ങള്‍. അവയുടെ ഇന്നത്തെ അവസ്ഥ എന്തായി എന്ന് കൂടി പ്രധാനമന്ത്രിയില്‍ നിന്ന് കേള്‍ക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം