പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ജഗ്ഗി വസുദേവ് നടത്തിയ വാസ്തവ വിരുദ്ധ പരാമര്‍ശങ്ങളുടെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യാ സപ്പോര്‍ട്‌സ് സിഎഎ ക്യാപെയ്‌ന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് ജഗ്ഗി 20 മിനുട്ട് ക്ലാസെടുക്കുന്നതാണ് വീഡിയോയിലുള്ളത്. പ്രതിഷേധക്കാര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും നിയമം മതപരമായ യാതൊരു വിവേചനവും പ്രകടിപ്പിക്കുന്നില്ലെന്നും ജഗ്ഗി വാദിക്കുന്നു. പൗരത്വനിയമം താന്‍ പൂര്‍ണായി വായിച്ചിട്ടില്ലെന്ന് പറഞ്ഞ വസുദേവ് അത് വായിക്കുന്നില്ലെന്നാരോപിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ശകാരിക്കുന്നുമുണ്ട്. പ്രസംഗത്തിനിടെ ജഗ്ഗി പറഞ്ഞ നുണകളും പ്രധാനമന്ത്രി പറഞ്ഞതിനോട് പരസ്പരവിരുദ്ധമായ പരാമര്‍ശങ്ങളും ഫാക്ട് ചെക് ചെയ്ത് സോഷ്യല്‍ മീഡിയയും ടൈംസ് ഓഫ് ഇന്ത്യയും രംഗത്തെത്തി.
ജഗ്ഗി പറഞ്ഞ നാല് നുണകള്‍
വാദം ഒന്ന്
ഹിന്ദുമതാചാരപ്രകാരമുള്ള വിവാഹം പാകിസ്താനില്‍ നിയമവിരുദ്ധമാണ്.
വാസ്തവം
ഹിന്ദു വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കിക്കൊണ്ട് പാകിസ്താന്‍ പാര്‍ലമെന്റ് 2017ല്‍ നിയമം പാസാക്കിയിട്ടുണ്ട്.
വാദം രണ്ട്
മതത്തിന്റെ പേരില്‍ പീഡനം നേരിട്ട (പേഴ്‌സിക്യൂട്ടഡ്) അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് പൗരത്വ ഭേദഗതി നിയമം.
വാസ്തവം
പേഴ്‌സിക്യൂട്ടഡ് എന്ന വാക്ക് പൗരത്വഭേദഗതി നിയമത്തില്‍ നിര്‍വ്വചിച്ചിട്ടില്ല. അഭയാര്‍ത്ഥി എന്ന വാക്കും എടുത്തുപറയുന്നില്ല.
വാദം മൂന്ന്
ഏറെ ആത്മനിയന്ത്രണം പാലിച്ചാണ് പൊലീസ് 'കലാപകാരികളെ' നേരിട്ടത്.
വാസ്തവം
(പ്രതിഷേധക്കാരെ കലാപകാരികള്‍ എന്നാണ് ജഗ്ഗി വിളിച്ചത്). കുറഞ്ഞത് 26 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. സമരക്കാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ക്കുന്നതിന്റേയും വിദ്യാര്‍ത്ഥികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരെ തല്ലിച്ചതയ്ക്കുന്നതിന്റേയും വര്‍ഗീയച്ചുവയോടെ ഭീഷണി മുഴക്കുന്നതിന്റേയും ഒട്ടേറെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വാദം നാല്
വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ എന്‍ആര്‍സിയ്ക്ക് ആധികാരിക രേഖകളാണ്.
വാസ്തവം
ദേശീയ പൗരത്വരജിസ്‌ട്രേഷന് വേണ്ടി ചട്ടങ്ങള്‍ ഔദ്യോഗികമായി രൂപപ്പെടുത്തിയിട്ടില്ല. ആധാര്‍ ആധികാരിക തിരിച്ചറിയല്‍ രേഖയല്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തിയിരുന്നു.
ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ അത്യന്താപേക്ഷിതമാണെന്നും എല്ലാ രാജ്യങ്ങളും അത് സ്വീകരിച്ചിട്ടുള്ളതാണെന്നും ജഗ്ഗി തന്റെ ക്ലാസിനിടെ പറയുന്നുണ്ട്. എന്‍ആര്‍സിയേ കുറിച്ച് ചര്‍ച്ചയേ നടത്തിയിട്ടില്ലെന്ന് രാജ്യത്തോട് പറഞ്ഞതിന് ശേഷമാണ് പ്രധാനമന്ത്രി ജഗ്ഗി വസുദേവിന്റെ പ്രതികരണം പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ട്വീറ്റ് ചെയ്ത് മോഡി പറയുന്നതിങ്ങനെ.
സിഎഎയേക്കുറിച്ച് സദ്ഗുരു നടത്തിയ ലളിതമായ ഈ വിശദീകരണം കേള്‍ക്കേണ്ടതാണ്. ചരിത്ര പശ്ചാത്തലത്തേക്കുറിച്ചും നമ്മുടെ സംസ്‌കാരത്തിന്റെ സാഹോദര്യത്തേക്കുറിച്ചും അദ്ദേഹം പറയുന്നു. സ്ഥാപിത താല്‍പര്യക്കാര്‍ പരത്തുന്ന തെറ്റിദ്ധാരണകളേക്കുറിച്ചും അദ്ദേഹം വിളിച്ചുപറയുന്നുണ്ട്.നരേന്ദ്ര മോഡി
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം