ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന വേദിയില്‍ തനിക്കെതിരെ പ്രതിഷേധമുണ്ടായ സംഭവത്തില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സലറെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിളിപ്പിച്ചു. പരിപാടിയുടെ ദൃശ്യങ്ങള്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രതിനിധികള്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചത്.
ചരിത്ര കോണ്‍ഗ്രസിനെത്തിയ പ്രതിനിധികള്‍ക്ക് അസഹിഷ്ണുതയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. പ്രതിഷേധിച്ച് നിശബ്ദനാക്കാനാകില്ല. അപായപ്പെടുത്താനുള്ള ശ്രമമാണോ യൂണിവേഴ്‌സിറ്റിയില്‍ നടന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. ഭരണഘടന ആക്രമിക്കപ്പെടുന്നുവെന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗിച്ചത് കൊണ്ടാണ് എഴുതിത്തയ്യാറാക്കിയ പ്രസംഗം മാറ്റിവെച്ച് താന്‍ സംസാരിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇന്ത്യ ഭരിക്കുന്നവര്‍ വര്‍ഗീയതയുടെ പേരില്‍ ചരിത്രം തിരുത്തിക്കുറിക്കുകയാണെന്ന് ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന വേദിയില്‍ കെ കെ രാഗേഷ് എം പി വിമര്‍ശനമുന്നയിച്ചിരുന്നു. ഭരണഘടനയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളെ ചരിത്ര കോണ്‍ഗ്രസ് തള്ളിപ്പറയണമെന്ന് സിന്‍ഡിക്കേറ്റംഗം ബിജു കണ്ടക്കൈയും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളെ പരാമര്‍ശിച്ച് കൊണ്ട് ഗവര്‍ണര്‍ സംസാരിച്ചത്. ഇതോടെ പ്രതിനിധികള്‍ പ്രതിഷേധിക്കുകയായിരുന്നു. ജെഎന്‍യു, അലിഗഢ്, ജാമിയ മിലിയ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.