പൗരത്വനിയമത്തിനെതിരെ കരിങ്കൊടി സമരം തുടരുകയാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും റോഡില്‍ ഇറങ്ങില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദന്‍. ബിജെപി നേതാക്കള്‍ക്ക് കരിങ്കൊടി ഒരു പുത്തരിയല്ല. ജനാധിപത്യത്തില്‍ കരിങ്കൊടി കാണിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. മന്ത്രിമാരുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തി പൗരത്വഭേദഗതി നിയമം മാറ്റാമെന്ന് ആരും കരുതേണ്ട. ഗവര്‍ണറേയും കര്‍ണാടക മുഖ്യമന്ത്രിയേയും കേന്ദ്രമന്ത്രിയേയും കരിങ്കൊടി കാണിക്കാനും ശാരീരികമായി ഉപദ്രവിക്കുന്നതിലേക്കുമാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ പിണറായിക്കും ഇരുപത് മന്ത്രിമാര്‍ക്കും കേരളത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് വിചാരിക്കേണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു.
തെരുവില്‍ ഇറങ്ങാന്‍ മടിയുള്ളവരല്ല ഞങ്ങള്‍. അങ്ങേയറ്റത്തെ പ്രകോപനത്തിലേക്കാണ് പോകുന്നതെങ്കില്‍ തിരിച്ചും പ്രതികരണമുണ്ടാകും.കെ സുരേന്ദ്രന്‍
കണ്ണൂരില് ഗവര്‍ണര്‍ക്ക് നേരെ നടന്നത് ജനാധിപത്യ പ്രതിഷേധമല്ല, അതിക്രമമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് പ്രകോപനം ഉണ്ടാക്കാനാണ് ഭരണകക്ഷിയും പ്രതിപക്ഷവും ശ്രമിക്കുന്നത്. മുസ്ലീം വോട്ടിന് വേണ്ടിയുള്ള കോപ്രായമാണ് ഇരുവരും കാണിക്കുന്നത്. അതിക്രമം നടത്തുന്നര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ തടഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കാതെ പൊലീസ് വിട്ടയച്ചെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രി നാളെ വിളിച്ചിരിക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ ബിജെപി പങ്കെടുക്കും. യോഗത്തില്‍ കള്ളപ്രചാരണങ്ങള്‍ക്കെതിരെ ശരിയായ നിലപാട് വ്യക്തമാക്കുമെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം