പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ റിമാന്‍ഡ് ചെയ്തു. ആസാദിന്റെ ജാമ്യ ഹര്‍ജി തള്ളിയ തിസ് ഹസാരി കോടതി 14 ദിവസത്തേക്കാണ് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. മാധ്യമങ്ങളെ അകത്ത് പ്രവേശിപ്പിക്കാതെയായിരുന്നു കോടതി നടപടികള്‍.
ഇന്നലത്തെ പ്രതിഷേധങ്ങളില്‍ അറസ്റ്റ് ചെയ്ത 15 പേരെ ഉച്ചയോടെ റിമാന്‍ഡ് ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ആസാദ് കീഴടങ്ങുകയായിരുന്നു. ദാരിയാഗഞ്ചില്‍ നിന്നും ഇന്നലെ 42 പ്രതിഷേധക്കാരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇക്കൂട്ടത്തില്‍ 14 വയസുമുതല്‍ 16 വരെ പ്രായമുള്ള ഒമ്പത് കുട്ടികളേയും പൊലീസ് പിടിച്ചുകൊണ്ടുപോയി. ഇവരെ വിട്ടയച്ചാല്‍ കീഴടങ്ങാമെന്ന് ആസാദ് നിബന്ധന വെക്കുകയായിരുന്നു. കീഴടങ്ങുകയാണെന്നും പ്രതിഷേധം തുടരണമെന്നും ഭീം ആര്‍മി നേതാവ് അറസ്റ്റിന് മുന്‍പ് ആഹ്വാനം ചെയ്തു. ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ജമാ മസ്ജിദിലെ പ്രതിഷേധക്കാര്‍.
വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് ഡല്‍ഹി ജമാ മസ്ജിദിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചത്. ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ മസ്ജിദില്‍ നിന്ന് ജന്തര്‍മന്ദറിലേക്ക് നടത്താനിരുന്ന റാലിയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചെങ്കിലും വന്‍ ജനാവലി വിലക്ക് ലംഘിച്ചു. ഇതിനിടെ രണ്ട് തവണ ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടിയില്‍ നിന്നും പ്രതിഷേധക്കാര്‍ മോചിപ്പിച്ചു. ദാരിയാഗഞ്ചില്‍ വെച്ച് റാലി പൊലീസ് തടഞ്ഞതിന് ശേഷമാണ് സംഘര്‍ഷമുണ്ടായത്. ഡല്‍ഹി ഗേറ്റില്‍ പ്രതിഷേധക്കാരെ പൊലീസ് തല്ലിച്ചതച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരേയും പൊലീസ് മര്‍ദ്ദിച്ചു. ദാരിയാഗഞ്ചില്‍ നിന്ന് പിടികൂടിയവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ആസ്ഥാനത്ത് പ്രതിഷേധമുണ്ടായി. പുലര്‍ച്ചെ വരെ തുടര്‍ന്ന പ്രതിഷേധത്തില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.