പൗരത്വനിയമത്തിനും എന്‍ആര്‍സിക്കുമെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി കൊച്ചിയില്‍ നാളെ പീപ്പിള്‍സ് ലോംഗ് മാര്‍ച്ച്. സിഎഎ വേണ്ടെന്ന് വെയ്ക്കുക, എന്‍ആര്‍സി ബഹിഷ്‌കരിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തോടും പൗരത്വ രജിസ്റ്ററിനോടും വിയോജിക്കുന്ന എല്ലാ മനുഷ്യര്‍ക്കും പീപ്പിള്‍സ് ലോങ്ങ് മാര്‍ച്ചിലേക്ക് സ്വാഗതമെന്ന് പ്രതിഷേധത്തിന്റെ സംഘാടകരില്‍ ഒരാളായ ഹസ്‌ന ഷാഹിദ പറഞ്ഞു.
രാജ്യത്ത് ആയിരക്കണക്കിന് മനുഷ്യര്‍ തെരുവിലാണ്. പലവിധ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉള്ളവര്‍. വ്യക്തി, സംഘടന വിയോജിപ്പുകള്‍ മാറ്റിവെച്ച് ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിത്. ഈ കാലം ആവശ്യപ്പെടുന്നത് തിരിച്ചറിയണം.ഹസ്‌ന ഷാഹിദ
'അവര്‍ക്കെതിരെ നമ്മള്‍' എന്ന മുദ്രാവാക്യവുമായി വിവിധ മത-രാഷ്ട്രീയ പശ്ചാത്തലങ്ങളിലുള്ളവരും വിദ്യാര്‍ഥികളും തൊഴിലാളികളും കുട്ടികളും കലാ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകരും പൊതുജനങ്ങളും ലോങ് മാര്‍ച്ചില്‍ അണിനിരക്കുന്നുണ്ട്. മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി സാംസ്‌ക്കാരിക സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്ത് എത്തി.
ഡിസംബര്‍ 23ന് ഉച്ചയ്ക്ക് 1 മണിക്ക് എറണാകുളം കലൂര്‍ സ്റ്റേഡിയത്തിന്റെ മുന്‍ഭാഗത്ത് നിന്ന് തുടങ്ങി നോര്‍ത്ത്, കച്ചേരിപ്പടി, എം ജി റോഡ്, ഷിപ്പ് യാഡ് ആണ് പീപ്പിള്‍സ് ലോംഗ് മാര്‍ച്ചിന്റെ റൂട്ട്. ഷിപ്പ്‌യാഡില്‍ മുദ്രാവാക്യം വിളിച്ചും ഭരണഘടന വായിച്ചും പ്രതിഷേധിക്കും.
ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന 'ഒറ്റയ്ക്കല്ല ഒറ്റക്കെട്ട്' പ്രതിഷേധവും തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം അരങ്ങേറും. മൂന്ന് മണിക്ക് എറണാകുളം രാജേന്ദ്ര മൈതാനിയിലെ ഗാന്ധി സര്‍ക്കിളില്‍ നിന്നും ഫോര്‍ട്ട് കൊച്ചി വാസ്‌കോ സ്‌ക്വയറിലേക്കാണ് ചലച്ചിത്ര പ്രവര്‍ത്തകരുടെ മാര്‍ച്ച്. ഷിപ്പ്‌യാഡില്‍ എത്തുമ്പോള്‍ ചലച്ചിത്രപ്രവര്‍ത്തകരുടെ മാര്‍ച്ച് ലോംഗ് മാര്‍ച്ചിന്റെ കൂടെ പങ്ക് ചേരും.
കളക്ടീവ് ഫേസ് വണിന്റെ പത്രക്കുറിപ്പ്
ഒറ്റയ്ക്കല്ല ഒറ്റക്കെട്ട്
ഇന്‍ഡ്യന്‍ സമൂഹത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന അധികാര രാഷ്ട്രീയത്തിന്റെ കുതന്ത്രങ്ങള്‍ക്കെതിരെ. ഇന്‍ഡ്യന്‍ ഭരണഘടനയെയും അതു വിഭാവനം ചെയ്യുന്ന സമത്വാധിഷ്ഠിതവും മതേതരവുമായ രാജ്യത്തെയും ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ. ഭരണഘടനയുടെയും മാനുഷികമൂല്യങ്ങളുടെയും കാവലാളുകളായി മാറുന്ന ഇന്‍ഡ്യന്‍ യുവത്വത്തിനൊപ്പം. പരസ്പരവിദ്വേഷത്തിന്റെ കുപ്രചരണങ്ങള്‍ക്കും പോര്‍വിളികള്‍ക്കുമപ്പുറത്ത് എല്ലാ വ്യക്തികള്‍ക്കും വിഭാഗങ്ങള്‍ക്കും സമാധാനപരമായി സഹവര്‍ത്തിക്കാനാവുന്ന ഭാരതത്തിനു വേണ്ടി. ചലച്ചിത്ര പ്രവര്‍ത്തകര്‍, അമ്മമാര്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍, തൊഴിലാളികള്‍, കലാകാരന്മാര്‍, അഭിഭാഷകര്‍, അദ്ധ്യാപകര്‍- എല്ലാവരും അണിചേരുക.. പാട്ടും പറച്ചിലുമായി ഒരു യാത്ര, ഒരു രാത്രി...
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം