അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തിലും യുഎപിഎ അറസ്റ്റിസും മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ബിജെപി മുഖപത്രമായ ജന്മഭൂമിയില്‍ ലേഖനം. ജന്മഭൂമി റെസിഡന്റ് എഡിറ്റര്‍ കുഞ്ഞിക്കണ്ണന്‍ എഴുതിയ കുറിപ്പ് പത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാവോയിസ്റ്റ് വേട്ടയില്‍ പിണറായി വിജയനാണ് ശരിയെന്ന് ലേഖകന്‍ പറയുന്നു. അഖിലേന്ത്യാതലത്തിലെ 'സ്രാവ് സഖാക്കള്‍ക്ക്' വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ പിണറായി വിജയന്‍ തയ്യാറായിരിക്കുന്നു. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരായതാകാം പിണറായിയുടെ നിലപാടിന് കാരണമെന്നും ബിജെപി മീഡിയ സെല്‍ സംസ്ഥാന കണ്‍വീനര്‍ കൂടിയായ കെ കുഞ്ഞിക്കണ്ണന്‍ പ്രതികരിച്ചു.
ഏതായാലും ഇരട്ടച്ചങ്കനായാലും സ്റ്റാലിനിസ്റ്റായാലും മാവോയിസ്റ്റ് വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ പിണറായിക്കായി കരുതിവയ്ക്കാം ഒരു ബിഗ് സല്യൂട്ട്.കെ കുഞ്ഞിക്കണ്ണന്‍
പാര്‍ട്ടിക്കകത്ത് കോലാഹലം ഉയര്‍ന്നുകൊണ്ടിരിക്കുമ്പോഴും നിയമസഭയില്‍ ഒരുവിഭാഗക്കാര്‍ പിതൃശൂന്യ നിലപാടെടുക്കുന്ന സമയത്തും മാവോയിസ്റ്റുകള്‍ ആട്ടിന്‍കുട്ടികളല്ലെന്ന് ഒരു മാര്‍ക്സിസ്റ്റുകാരന് പറയാന്‍ തോന്നിയത് നിസ്സാരകാര്യമല്ല. മാവോയിസ്റ്റ് ആശയങ്ങളിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്റുമാരാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നത് തര്‍ക്കമില്ലാത്ത സത്യമാണ്. പന്തീരാങ്കാവില്‍ അറസ്റ്റിലായ മാവോവാദികളായ കുഞ്ഞാടുകള്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളാണെന്ന സത്യം അതാണ് വ്യക്തമാക്കുന്നത്. അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ പോലീസിനെ തള്ളിപ്പറയാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയെ നിസ്സാരനായി കാണാന്‍ പറ്റില്ല. മുന്‍ ജനറല്‍ സെക്രട്ടറിയും പിബി മെമ്പര്‍മാരും യുഎപിഎ ചുമത്തിയതിനെതിരെ അരിവാള്‍ വീശുമ്പോള്‍ അതവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാന്‍ വിജയനേ പറ്റൂ. അതുകൊണ്ടാണ് 'പിണറായിക്ക് ബിഗ് സല്യൂട്ട്' ഓഫര്‍ ചെയ്യാന്‍ തോന്നിയതെന്നും ലേഖനത്തില്‍ പറയുന്നു.
അട്ടപ്പാടി മാവോയിസ്റ്റ് കൊലയില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് ബിജെപി രംഗത്തെത്തിയിരുന്നു. മാവോയിസ്റ്റുകളുടെ മനുഷ്യാവകാശത്തിന് വേണ്ടി വാദിക്കുന്നത് ദേശദ്രോഹമാണെന്നും പൊലീസിന്റെ ആത്മധൈര്യം തകര്‍ക്കരുതെന്നും ബിജെപി പ്രതികരിക്കുകയുണ്ടായി. വിദ്യാര്‍ത്ഥികളായ അലനും താഹയ്ക്കുമെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കരുതെന്നും ബിജെപി സംസ്ഥാന നേതൃത്വം ആവര്‍ത്തിച്ച് ആവശ്യപ്പെടുകയുണ്ടായി.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം