നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ 26000 വോട്ട് ലഭിക്കുകയുള്ളുവെന്ന് ബിജെപിയുടെ കണക്ക് കൂട്ടല്‍. ആര്‍എസ്എസും ബിഡിജെഎസും പ്രചരണ രംഗത്തില്ലാത്തതും എന്‍എസ്എസിന്റെ പിന്തുണയില്ലാത്തതും തിരിച്ചടിയാകുമെന്നും വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പില്‍ 43700 വോട്ടും ലോകസഭ തെരഞ്ഞെടുപ്പില്‍ 50,709 വോട്ടും കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവില്‍ നേടിയിരുന്നു. വിജയപ്രതീക്ഷയുണ്ടെന്ന് പുറമേക്ക് പറയുന്ന മണ്ഡലത്തില്‍ 30000 വോട്ടെങ്കിലും പിടിക്കണമെന്നാണ് ബിജെപി നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.
വിജയദശമിക്ക് ശേഷം സജീവമാകുമെന്നായിരുന്നു ബിജെപി നേതൃത്വത്തെ ആര്‍എസ്എസ് അറിയിച്ചിരുന്നത്. കുമ്മനം രാജശേഖരനും ഒ രാജഗോപാലും മത്സരിച്ചപ്പോള്‍ ആര്‍ എസ് എസ് സജീവമായി രംഗത്തുണ്ടായിരുന്നു. അതേസമയം മഞ്ചേശ്വരത്തും കോന്നിയിലും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ബിഡിജെഎസും വിട്ടു നില്‍ക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തിയാണ് ആര്‍ എസ് എസ് വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ കാരണം. സ്ഥാനാര്‍ത്ഥിയായ എസ് സുരേഷിനോട് ആര്‍ എസ് എസ് നേതൃത്വത്തിന് താല്‍പര്യമില്ല. മത്സരിക്കാനില്ലെന്നറിയിച്ചിരുന്ന കുമ്മനത്തെ നിര്‍ബന്ധിച്ച് രംഗത്തെത്തിച്ചത് ആര്‍എസ് എസായിരുന്നു. അത് മറികടന്ന് സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് ആര്‍എസ് എസിനെ ചൊടിപ്പിച്ചത്.
ലോകസഭ തെരഞ്ഞെടുപ്പില്‍ കുമ്മനത്തിനെതിരെ 2836 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ശശി തരൂരിനുണ്ടായിരുന്നത്. .2016ല്‍ 7622 വോട്ടിനാണ് കുമ്മനത്തെ കെ മുരളീധരന്‍ തോല്‍പ്പിച്ചത്. 2014ല്‍ ശശി തരൂരിനേക്കാള്‍ വോട്ട് ഒ രാജഗോപാല്‍ നേടിയിരുന്നു. ജയസാധ്യതയുള്ള മണ്ഡലത്തില്‍ കുമ്മനത്തെ വീണ്ടും മത്സരിപ്പിക്കണമെന്നായിരുന്നു ബിജെപി നേതൃത്വവും ആവശ്യപ്പെട്ടിരുന്നത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം