സംസ്ഥാനത്ത് ശബരിമല വിഷയം സുവര്‍ണാവസരമാക്കി നേട്ടമുണ്ടാക്കാമെന്ന ബിജെപി നീക്കങ്ങള്‍ക്കേറ്റത് കനത്ത തിരിച്ചടി. പ്രതീക്ഷവെച്ച പത്തനംതിട്ട, തിരുവനന്തപുരം തൃശൂര്‍ മണ്ഡലങ്ങളില്‍ ചലനമുണ്ടാക്കാന്‍ ബിജെപിക്കായില്ല. മുന്നണിക്ക് അവതരിപ്പിക്കാനാകുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെന്ന നിലയില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെയും പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെയും തൃശൂരില്‍ സുരേഷ് ഗോപിയെയും ഇറക്കിയായിരുന്നു പോരാട്ടം. എന്നാല്‍ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും മൂന്നിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയായി ഇവര്‍ ഉയര്‍ന്നുവന്നില്ല. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്, കഴിഞ്ഞകുറി ഒ രാജഗോപാല്‍ നടത്തിയ പ്രകടനം പോലും സാധ്യമായിട്ടില്ല. മണ്ഡലത്തില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. ശബരിമല ക്ഷേത്രമുള്‍പ്പെടുന്ന പത്തനംതിട്ട പിടിക്കാനാണ് കെ സുരേന്ദ്രനെ ഇറക്കിയത്. എന്നാല്‍ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തായി. തൃശൂര്‍ ഇങ്ങെടുക്കുകയാണെന്ന് പറഞ്ഞ സുരേഷ്‌ഗോപിയും മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു.
ശബരിമല വിഷയം പാര്‍ട്ടിക്ക് സുവര്‍ണാവസരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പരസ്യമായി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായും ഊന്നിപ്പറഞ്ഞതും ശബരിമല വിഷയമായിരുന്നു. സുപ്രീം കോടതി വിധിയെ എതിര്‍ക്കാതെ അത് നടപ്പാക്കാന്‍ ചുമതലയുള്ള പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയായിരുന്നു ആക്രമണങ്ങളത്രയും. വിഷയത്തില്‍ വിശ്വാസികളുടെ വികാരം വ്രണപ്പെട്ടെന്ന് മോദിയും അമിത്ഷായും കേരളത്തില്‍ പ്രസംഗിച്ചു. ഇതിനെതിരെ ജനവിധിയുണ്ടാകുമെന്നും പറഞ്ഞുവെച്ചു. അയ്യപ്പന്റെ പേരില്‍ വോട്ടുചോദിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് മറികടന്നാണ് പല നേതാക്കളും പ്രചരണ രംഗത്ത് മുന്നേറിയത്.ശബരിമലയുടെ പേരില്‍ വോട്ടുതേടിയതിന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിക്ക് കളക്ടര്‍ ടിവി അനുപമ നോട്ടീസ് നല്‍കിയിരുന്നു.
കറുപ്പണിഞ്ഞാണ് പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ വോട്ടുതേടിയത്. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് മത്സരിക്കാനെത്തിയ കുമ്മനം രാജശേഖരന്‍ കെട്ടുനിറച്ച് ശബരിമല സന്ദര്‍ശനം നടത്തുകയാണ് ആദ്യം ചെയ്തത്. ഇത്തരത്തിലെല്ലാം ശബരിമല വിഷയം സജീവമായി ഉപയോഗിച്ചിട്ടും ബിജെപി സംസ്ഥാനത്ത് പച്ചതൊട്ടില്ല. എന്നാല്‍ വിഷയം യുഡിഎഫിന് അനുകൂലമായാണ് ജനവിധിയില്‍ പ്രതിഫലിച്ചത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യം ശബരിമല യുവതി പ്രവേശന വിധിയെ സ്വാഗതം ചെയ്തിരുന്നെങ്കിലും പിന്നീട് മലക്കം മറിയുകയായിരുന്നു. വിശ്വാസികള്‍ക്കൊപ്പമാണ് പാര്‍ട്ടിയെന്ന് കോണ്‍ഗ്രസ് തിരുത്തി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ നിലയ്ക്കലിലെത്തി വിശ്വാസികള്‍ക്കൊപ്പം അണിനിരന്നു. സ്ത്രീപ്രവേശനം പുരോഗമനപരമാണെന്ന് ആദ്യം നിലപാടെടുത്ത രാഹുല്‍ഗാന്ധി വിശ്വാസികള്‍ക്കൊപ്പമാണ് പാര്‍ട്ടിയെന്ന് മാറ്റിപ്പറഞ്ഞു.
അതേസമയം വിധി നടപ്പാക്കാന്‍ ശ്രമിച്ച പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ശബരിമല സന്നിധാനത്തടക്കം അക്രമാസക്തമായ സമരം അഴിച്ചുവിടുകയായിരുന്നു ബിജെപി. ദര്‍ശനത്തിനെത്തിയ വനിതകളെ തടയുകയും അവരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. നിലയ്ക്കലില്‍ വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധം കടുപ്പിച്ചു. കേന്ദ്രസര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാമെന്നിരിക്കെ അത്തരം ശ്രമമുണ്ടായില്ലെന്നുമാത്രമല്ല സംഘര്‍ഷാവസ്ഥയുണ്ടാക്കാനാണ് പാര്‍ട്ടി ശ്രമിച്ചത്. ഇത്തരത്തില്‍ ബിജെപി വിഷയം ആളിക്കത്തിച്ചെങ്കിലും അതില്‍ നിന്ന് നേട്ടം കൊയ്തത് കോണ്‍ഗ്രസാണ്. പ്രത്യക്ഷ പ്രതിഷേധങ്ങളില്‍ നിന്ന് പിന്‍വലിഞ്ഞ കോണ്‍ഗ്രസ് സമര്‍ത്ഥമായി വിഷയം പ്രചാരണത്തിനുപയോഗിച്ചു. തങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.
അതേസമയം വിഷയത്തില്‍ എന്‍എസ്എസ് ബിജെപിയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയതും നിര്‍ണായകമായി. ബിജെപിയുടേത് വഞ്ചനാപരമായ നിലപാടാണെന്നായിരുന്നു എന്‍എസ്എസ് നിലപാട്. വിധിക്കെതിരെ ഓര്‍ഡിനന്‍സ് സാധ്യത പരിഗണിക്കാതെ ബഹളമുണ്ടാക്കുകയായിരുന്നു ബിജെപിയെന്നാണ് എന്‍എസ്എസ് തുറന്നടിച്ചു. ഫലത്തില്‍ വിശ്വാസി സമൂഹത്തോടൊപ്പം എന്‍എസ്എസിന്റെ പിന്‍തുണയും യുഡിഎഫിന് അനുകൂലമായി. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നേക്കാമെന്ന തോന്നല്‍ വിശ്വാസികളില്‍ ഉടലെടുത്തു.
ശബരിമല വിഷയത്തില്‍ ന്യൂനപക്ഷങ്ങളും കോണ്‍ഗ്രസിന്റെ നിലപാടിനൊപ്പം നിന്നു. സമാന രീതിയില്‍ നാളെ ന്യൂനപക്ഷങ്ങളുടെ വിശ്വാസത്തിന് പോറലേല്‍ക്കുന്ന നീക്കങ്ങള്‍ക്കും സാധ്യതയുണ്ടെന്ന വികാരം ഇളക്കിവിടാന്‍ യുഡിഎഫിനായിരുന്നു. ഫലത്തില്‍ ശബരിമല വിഷയം ആളിക്കത്തിച്ചത് ബിജെപിയാണെങ്കിലും തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത് യുഡിഎഫാണ്.