നടന്‍ ബിനീഷ് ബാസ്റ്റിനെ അവഹേളിച്ചെന്ന വെളിപ്പെടുത്തലില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനോട് വിശദീകരണം തേടി ഫെഫ്ക. മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് നിര്‍ദേശിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും വിഷയം പരിശോധിച്ച ശേഷം സംവിധായകനെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പടങ്ങളില്‍ ചാന്‍സ് ചോദിച്ച് നടന്നയാള്‍ക്കൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ് അനില്‍ രാധാകൃഷ്ണമേനോന്‍ അവഹേളിച്ചെന്നാണ് ബിനീഷ് ബാസ്റ്റിന്റെ വെളിപ്പെടുത്തല്‍.
പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കോളജ് ഡേ വേദിയിലായിരുന്നു സംഭവം. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് യൂണിയന്‍ ഭാരവാഹികള്‍ താന്‍ താമസിച്ച ഹോട്ടലില്‍ എത്തുകയും ഉദ്ഘാടനത്തിന് ഒരു മണിക്കൂര്‍ കഴിഞ്ഞ് എത്തിയാല്‍ മതിയെന്ന് അറിയിക്കുകയും ചെയ്‌തെന്ന് ബിനീഷ് പറഞ്ഞു. താന്‍ വേദിയിലെത്തിയാല്‍ മാഗസിന്‍ പുറത്തിറക്കാമെന്നേറ്റ അനില്‍ രാധാകൃഷ്ണമേനോന്‍ ഇറങ്ങിപ്പോകുമെന്നാണ് അറിയിച്ചത്. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാന്‍ എനിക്ക് കഴിയില്ലെന്ന് പറഞ്ഞെന്നാണ് കോളജ് ഭാരവാഹികള്‍ വിശദീകരിച്ചതെന്നും ബിനീഷ് വ്യക്തമാക്കുന്നു. ഇതോടെ ബിനീഷ് വേദിയിലെത്തുകയും പ്രതിഷേധ സൂചകമായി നിലത്തിരിക്കുകയുമായിരുന്നു.
എന്നാല്‍ വേദിയില്‍ നിന്ന് ഇറങ്ങണമെന്നും പൊലീസിനെ വിളിക്കുമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. പിന്‍തിരിപ്പിക്കാനെത്തിയവരോട്,തനിക്ക് 30 മിനിട്ട് സംസാരിക്കണമെന്ന് ബിനീഷ് പറയുകയും സദസ്സിനോട് ഇക്കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ജീവിതത്തിലെ ഏറ്റവും വലിയ ഇന്‍സള്‍ട്ടാണ് ഉണ്ടായത്. താന്‍ മേനോനല്ല, ദേശീയ അവാര്‍ഡ് വാങ്ങിയ ആളുമില്ല.തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന നടനൊപ്പം വേദി പങ്കിടാനാകില്ലെന്നാണ് അനില്‍ സാര്‍ പറഞ്ഞത്. ഇങ്ങനെയൊക്കെ ഒരു വ്യക്തിയോടും കാണിക്കാന്‍ പാടില്ല.
ഞാന്‍ ടൈല്‍സിന്റെ പണിയെടുത്ത് ജീവിച്ച് പത്തുപന്ത്രണ്ട് വര്‍ഷക്കാലം കൊണ്ട് പത്ത് എണ്‍പതോളം പടം ചെയ്തിട്ടുണ്ട്. വിജയ് സാറിന്റെ തെരി എന്ന ചിത്രത്തിലൂടെ ചെറിയൊരു സ്ഥാനക്കയറ്റം കിട്ടിയ ആളാണ് .ആദ്യമായിട്ടല്ല കോളജില്‍ പോകുന്നത്. 220 ഓളം കോളജില്‍ ഗസ്റ്റ് ആയി പോയിട്ടുണ്ട്. ആദ്യമായിട്ടാണ് ജീവിതത്തില്‍ ഇങ്ങനെയൊരു ഇന്‍സള്‍ട്ടിംഗ് ഉണ്ടാകുന്നതെന്നും ബിനീഷ് വ്യക്തമാക്കി. ഇതിന്റെ വീഡിയോ വൈറലായതോടെ വിവാദമാവുകയും ഫെഫ്ക വിഷയത്തില്‍ ഇടപെടുകയുമായിരുന്നു.