പശുക്കളുടെ ശരീരത്തിലും പാലിലും സ്വര്‍ണമുണ്ടെന്ന് ബിജെപി അദ്ധ്യക്ഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പശുക്കളെ പണയം വെക്കാനൊരുങ്ങി കര്‍ഷകന്‍. പശ്ചിമബംഗാള്‍ ഡാന്‍കുനിയിലാണ് സംഭവം. മലയാളി ഉടമസ്ഥതയിലുള്ള മണപ്പുറം ഫിനാന്‍സ് ബ്രാഞ്ചില്‍ രണ്ട് പശുക്കളുമായെത്തിയ കര്‍ഷകന്‍ സ്വര്‍ണപണയത്തിന്മേല്‍ വായ്പ ആവശ്യപ്പെടുകയായിരുന്നു. 20 പശുക്കളുള്ള തനിക്ക് കൃഷി വ്യാപിക്കാന്‍ ലോണ്‍ വേണമെന്ന് ക്ഷീരകര്‍ഷകന്‍ പറഞ്ഞു.
എനിക്ക് സ്വര്‍ണപ്പണയത്തിന്മേല്‍ വായ്പ വേണം. അതുകൊണ്ടാണ് എന്റെ പശുക്കളെ കൊണ്ടുവന്നത്. പശുവിന്‍പാലില്‍ സ്വര്‍ണമുണ്ടെന്ന് ഞാന്‍ കേട്ടു. എന്റെ കുടുംബം ഈ പശുക്കളെ ആശ്രയിച്ചാണ് ജീവിക്കുന്നത്.കര്‍ഷകന്‍
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ പരാമര്‍ശം വാര്‍ത്തയായതിന് ശേഷം പൊറുതിമുട്ടിയിരിക്കുകയാണെന്ന് ഗരാല്‍ഗച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് സിങ് പ്രതികരിച്ചു. ദിലീപ് ഘോഷ് പശുവിന്‍ പാലില്‍ സ്വര്‍ണമുണ്ടെന്ന് പറഞ്ഞതിന് ശേഷം പശുക്കളുമായി കര്‍ഷകര്‍ പശ്ചായത്തിലേക്ക് വരുകയാണ്. 15-16 ലിറ്റര്‍ പാലുള്ള പശുക്കളെ തരാമെന്നും എത്ര തുക വായ്പ കിട്ടുമെന്നുമാണ് അവര്‍ ചോദിക്കുന്നത്. ഇത്തരമൊരു സാഹചര്യമൊരുക്കിയ ദിലീപ് ഘോഷിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്നും മനോജ് സിങ് പരിഹസിച്ചു.
വിദേശ പശുക്കള്‍ അമ്മമാരല്ല ആന്റിമാരാണെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞിരുന്നു. ഇന്ത്യയിലെ പശുക്കള്‍ക്ക് ചില പ്രത്യേക ഗുണങ്ങളുണ്ട്. നമ്മുടെ പശുക്കളുടെ പാലില്‍ സ്വര്‍ണ്ണമുള്ളതിനാലാണ് അതിന് സ്വര്‍ണ നിറമുള്ളത്. സൂര്യപ്രകാശത്തിന്റെ സഹായത്തോടെ സ്വര്‍ണം ഉല്‍പാദിപ്പിക്കുന്ന ഒരു ധമനിയുണ്ട് ഇന്ത്യന്‍ പശുക്കളില്‍. പശു എന്റെ അമ്മയാണ്. അമ്മയായ പശുവിനോട് അപമര്യാദയായി പെരുമാറുന്നവരെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും. പുണ്യഭൂമിയായ ഇന്ത്യയില്‍ പശുക്കളെ കൊല്ലുന്നതും ബീഫ് കഴിക്കുന്നതും കുറ്റകൃത്യമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഭീഷണി മുഴക്കി. ബുര്‍ദ്വാനില്‍ നടന്ന ഗോ അഷ്ടമി പരിപാടിക്കിടെയായിരുന്നു ദിലീപ് ഘോഷിന്റെ പ്രതികരണം.