തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിച്ച സാമുദായിക നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ അങ്കമാലിയിലെ പ്രധാനമന്ത്രിമാരുടെ കരണത്തിനേറ്റ അടിയാണെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു. ക്രിസ്ത്യന്‍ സംഘടനകളുടെ കൂട്ടായ്മ നടത്തിയ 'കേരള ക്രിസ്ത്യന്‍ ചര്‍ച്ച് ആക്ട് 2009' ബില്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു യാക്കോബായ സഭാ പുരോഹിതന്റെ പ്രതികരണം.
ഉപതെരഞ്ഞെടുപ്പില്‍ ഇടപെട്ട് മുന്നണികളുടെ പക്ഷം പിടിച്ച് മറുഭാഗത്തെ വെല്ലുവിളിച്ചുകൊണ്ടിരുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനും കോന്നിയില്‍ ബിജെപി അനുകൂല നിലപാടെടുത്ത ഓര്‍ത്തഡോക്‌സ് സഭാ പുരോഹിതരും രൂക്ഷ പരിഹാസമാണ് ഫലം വന്നതിന് ശേഷം നേരിട്ടുകൊണ്ടിരിക്കുന്നത്.
വിശ്വാസികളുടെയെല്ലാം വോട്ട് തങ്ങളുടെ കീശയിലാണെന്ന് വിചാരിച്ച്, ഭരണാധികാരികളെ തെറ്റിദ്ധരിപ്പിച്ച്, ഭരണത്തില്‍ ഇടപെടുകയും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ നടത്തിയെടുക്കുകയും ചെയ്യുന്ന അങ്കമാലിയിലെ പ്രധാനമന്ത്രിമാര്‍ക്ക് തക്കതായ കരണത്തേറ്റ അടിയാണ് കോന്നിയില്‍ പ്രത്യേകിച്ചും വട്ടിയൂര്‍ക്കാവിലും അരൂരുമുണ്ടായ ജനവിധി.ഗീവര്‍ഗീസ് കൂറിലോസ്
ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 27ന് സെക്രട്ടേറിയറ്റിലേക്ക് ഒരു ലക്ഷം പേരുടെ മാര്‍ച്ച് നടത്തും.
യേശുക്രിസ്തു സ്ഥാപിച്ച സഭ പാവപ്പെട്ടവരുടെ മുന്നേറ്റമായിരുന്നു. പഴയഭാവത്തിലേക്ക് തിരിച്ചുപോകാന്‍ ചര്‍ച്ച് ആക്ട് ആണ് ഫലപ്രദമായ കാര്യം. ചര്‍ച്ച് ആക്ട് നടപ്പാക്കിയാല്‍ ക്രിസ്ത്യാനികള്‍ എതിരാകും എന്ന് വിചാരിക്കരുത്. ചര്‍ച്ച് ആക്ട് വന്നാല്‍ കച്ചവടമെല്ലാം പൂട്ടിപ്പോകുമെന്ന് അവര്‍ക്കറിയാം. ചര്‍ച്ച് ആക്ട് വന്നാല്‍ പിടി വീഴും. കണക്ക് വെയ്‌ക്കേണ്ടി വരും. പണമിടപാടില്‍ സുതാര്യത ഉണ്ടാകണം. നിലനില്‍പിന്റേയും അതിജീവനത്തിന്റേയും സമരമാണിത്. ജീവന്മരണ പോരാട്ടമായി ഇത് ഏറ്റെടുക്കാന്‍ സാധിക്കണം. സഭയുടെ അസ്ത്വം വീണ്ടെടുക്കാനുള്ള സമരമാകണമിത്. അതിന്റെ അലയടികള്‍ സര്‍ക്കാരിനും ഭരണക്കാര്‍ക്കും കാണാതിരിക്കാനാകില്ലെന്നും ഗീവര്‍ഗീസ് കൂറിലോസ് കൂട്ടിച്ചേര്‍ത്തു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം