മതത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധമുയര്‍ത്തി കോഴിക്കോട്. വിദ്യാര്‍ത്ഥികളും സാധാരണക്കാരും കലാകാരന്‍മാരുമരടക്കം വന്‍ ജനാവലിയാണ് മുദ്രാവാക്യങ്ങളുമായി പ്രതിഷേധ റാലിയില്‍ അണിനിരന്നത്. പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തി മുദ്രാവാക്യങ്ങള്‍ മുഴക്കിയും പാട്ടുകള്‍ പാടിയുമായിരുന്നു കോഴിക്കോട് കടല്‍ത്തീരം കേന്ദ്രീകരിച്ച് നടത്തിയ ആര്‍ട്ട് അറ്റാക്ക് എന്ന പേരിലുള്ള പ്രതിഷേധം.
ഇതിന്റെ ഭാഗമായി തയ്യാറാക്കിയ നാസി ജയിലിന്റെ മാതൃക പ്രതിഷേധക്കാര്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. ആസാം എന്‍ആര്‍സിയുടെയും പൗരത്വ ഭേദഗതി നിയമത്തിന്റെയും പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡീറ്റെന്‍ഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനെതിരെയായിരുന്നു ഇത്തരത്തില്‍ പ്രതിഷേധം. റാലിയില്‍ കണ്ണിചേര്‍ന്നവര്‍ ഇസ്ലാമോഫോബിയയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കി. സംവിധായകരായ സക്കറിയ, അഷ്‌റഫ് ഹംസ, തിരക്കഥാ കൃത്തുക്കളായ മുഹ്‌സിന്‍ പരാരി, ഹര്‍ഷാദ്, ആര്‍ട്ടിസ്റ്റ് അനീസ് നാടോടി, ഗായകന്‍ ഷഹബാസ് അമന്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ അണിനിരന്നു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ വിവേചന നിയമങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു. ജാമിയ മിലിയ സര്‍വകാലാശാല വിദ്യാര്‍ത്ഥിയും ഡല്‍ഹിയില്‍ സിഎഎ യ്‌ക്കെതിരെ പ്രതിരോധ മുഖമാവുകയും ചെയ്ത ലദീദ ഫര്‍സാനയടക്കമുള്ള വിദ്യാര്‍ത്ഥികള്‍ മുന്‍നിരയിലുണ്ടായിരുന്നു. ഒപ്പം ജാമിയ മിലിയ, അലിഗഡ് സര്‍വകാലാശാലാ വിദ്യാര്‍ത്ഥികളും അണിനിരന്നു. റാലിയുടെ ഭാഗമായി, പ്രതിഷേധാര്‍ഥം വിവിധ കലാപരിപാടികളും സംഗീത പരിപാടികളും വിവിധ കലാരൂപങ്ങളും അരങ്ങേറി.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം