യുഎപിഎ ചുമത്തി അലനെയും താഹയെയും അറസ്റ്റ് ചെയ്തതിന് പിന്നില്‍ നിഗൂഢ അജണ്ടയുണ്ടോയെന്ന് സംശയിക്കണമെന്ന് എഴുത്തുകാരന്‍ സക്കറിയ. അലനെയും താഹയെയും സിപിഎം തള്ളിപ്പറഞ്ഞത് അതിശയകരമെന്നും അദ്ദേഹം പറഞ്ഞു. അലനും താഹയ്ക്കും മേല്‍ ചുമത്തിയ യുഎപിഎ പിന്‍വലിക്കണമെന്നും ജയിലില്‍ നിന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ നടന്ന സാംസ്‌കാരിക പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സക്കറിയ.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സിപിഎമ്മിന്റെ കൂടെ ഉറച്ചുനിന്ന മതേതര കുടുംബത്തിലെ കുട്ടികളെയാണ് ഇടതു സര്‍ക്കാര്‍ ജയിലിലടച്ചതെന്നത് അത്ഭുതപ്പെടുത്തി. കൊലക്കുറ്റത്തിന് ജയിലില്‍ കിടക്കുന്ന സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുന്ന സിപിഎം അലനേയും താഹയേയും തള്ളിപ്പറഞ്ഞു എന്നത് അതിശയകരമാണെന്നും സക്കറിയ പറഞ്ഞു.
എന്റെ വീട്ടില്‍ മാവോയുടെ രണ്ട് മൂന്ന് ജീവചരിത്രങ്ങള്‍ ഇരിപ്പുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ ഭയപ്പെട്ടിരിക്കയാണ്. റെഡ് ബുക്കും എന്റെ കൈലുണ്ട് എന്നെയിപ്പോള്‍ ഏത് നിമിഷവും അറസ്റ്റ് ചെയ്തുകൊണ്ടുപോകാം. ഡിവൈഎഫ്ഐ പോലെയുള്ളൊരു പ്രസ്ഥാനം വാസ്തവത്തില്‍ ആര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. ഡിവൈഎഫ്ഐക്ക് ഇവരുടെ കൈ പിടിക്കാന്‍ കഴിഞ്ഞില്ല എന്നത് എന്തൊരു അവസ്ഥയാണെന്നും സക്കറിയ ചോദിച്ചു. ബി.ആര്‍.പി ഭാസ്‌കര്‍, കെ അജിത, ജോയ് മാത്യു, റോസ്‌മേരി, സംവിധായകന്‍ ആഷിഖ് അബു, രാജീവ് രവി, തുടങ്ങിയവരും പ്രതിരോധത്തിന്റെ ഭാഗമായിരുന്നു.